പ്രമാടം : കാട്ടുപന്നി ശല്യം രൂക്ഷമായ പ്രമാടത്ത് ഇവയെ തുരത്താൻ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നു. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും കർഷകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് വാർഡ് അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കുന്നത്. രാത്രിയിലും പകലും ഇവിടെ പന്നി ശല്യമുണ്ട്.
ഓണ വിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ കാർഷിക വിളകളിൽ ഭൂരിഭാഗവും പന്നികൾ നശിപ്പിച്ചു. സ്ഥലം
പാട്ടത്തിനെടുത്തും പലിശയ്ക്ക് കടമെടുത്തുമൊക്കെയാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരവും കിട്ടാറില്ല. പഞ്ചായത്തിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരാതികൾ നൽകി മടുത്ത കർഷകർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലാണ്. ജനപ്രതിനിധികൾക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തു. പല പരമ്പരാഗത കൃഷിയിടങ്ങളും ഇപ്പോൾ തരിശായി മാറിയിട്ടുണ്ട്. പെറ്റുപെരുകുന്ന കാട്ടുപന്നികൾ അനുദിനം നാട്ടിൽ വർദ്ധിച്ചുവരികയാണ്. ഇതേ തുടർന്നാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നത്. രാത്രികാലങ്ങളിലായിരിക്കും സമിതികളുടെ പ്രവർത്തനം. ഷൂട്ടർമാരുടെ സഹായത്തോടെ പന്നികളെ ഉൻമൂലനം ചെയ്യുകയും തുരത്തുകയുമാണ് ലക്ഷ്യം.
കിഴങ്ങ് ഗ്രാമം പദ്ധതിക്കും വിന
അന്യമായ കാർഷിക സംസ്കൃതി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ഇത്തവണ ആവിഷ്കരിച്ച് നടപ്പാക്കിയ കിഴങ്ങ് ഗ്രാമം പദ്ധതി പന്നിശല്യം മുലം പരാജയപ്പെട്ടു. കൃഷി വകുപ്പിന്റെ
സഹകരണത്തോടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി ഇറക്കിയിരുന്നതെങ്കിലും കാട്ടുപന്നി ശല്യം കാരണം വിളവെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് കർഷകർ. മൂന്ന് മാസം മുമ്പ് നട്ട വിത്തുകൾ ഇതിനോടകം പലതവണ കാട്ടുപന്നികൾ നശിപ്പിച്ചു. കിഴങ്ങ് വർഗങ്ങൾക്ക് പുറമെ വാഴ, പയർ, പാവൽ, കോവൽ, പടവലം എന്നിവയ്ക്കെല്ലാം നാശം വരത്തുന്നുണ്ട്.
1 ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടെങ്കിലും പ്രമാടത്ത് പ്രാവർത്തികമായില്ല. നിയമത്തിലെ നൂലാമാലകളും ഷൂട്ടർമാരുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതേ തുടർന്നാണ് പൊതുജന പങ്കാളിത്തോടെ ജാഗ്രതാ സമിതികൾ രൂപീകരിച്ച് പന്നികളെ തുരത്താൻ തീരുമാനിച്ചത്.
2 ഈ മാസം തന്നെ എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |