തമിഴ് സിനിമാ ലോകത്ത് പുത്തൻ കാറ്റ് വീശുന്നു. സൂപ്പർ താരങ്ങളോ മാസ് ആക്ഷൻ രംഗങ്ങളോ വേണ്ടാത്ത കുഞ്ഞു സിനിമകൾ ബോക്സ് ഓഫീസ് ഭരിക്കുന്നതാണ് കാഴ്ച. കോടികൾ മുടക്കി വൻവിജയം പ്രതീക്ഷിച്ചെത്തുന്ന സിനിമകൾ അടിപതറുമ്പോൾ തിയേറ്ററിൽ നിശബ്ദമായി കടന്നുപോകുമെന്ന് കരുതുന്ന ചിത്രങ്ങളാണ് ശ്രദ്ധിക്കുപ്പെടുന്നതിൽ അധികവും. സിനിമ വിജയിക്കാൻ മുൻനിര താരങ്ങൾ വേണമെന്ന ധാരണ തിരുത്തി മികച്ച കഥാപരിസരവും അവതരണ ശൈലിയും പ്രേക്ഷകന് 'കണക്ട് " ചെയ്യാൻ സാധിക്കുന്ന കഥപാത്രവും ഉണ്ടെങ്കിൽ ബഡ്ജറ്റ് കുറഞ്ഞ സിനിമകൾക്കും തമിഴിൽ വേരോട്ടമുണ്ടാകുമെന്ന് പുതുമുഖ സംവിധായകർ തെളിയിക്കുന്നു.
നാടൻ ഫാമിലി
നവാഗതനായ അഭിഷൻ ജീവന്ത് എന്ന 24 വയസുകാരൻ സംവിധാനം ചെയ്ത് 'ടൂറിസ്റ്റ് ഫാമിലി "നേടിയത് വൻ കോടിത്തിളക്കം. ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം കേരളത്തിന്റെയും മനം കീഴടക്കി. ശ്രീലങ്കയിൽ നിന്ന് ചെന്നൈയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസും കുടുംബവും നേരിടുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയുടെ ഇതിവൃത്തം. ആഗോളതലത്തിൽ 75 കോടിയിലധികം നേടി.ശശികുമാറിന്റെ ആദ്യ അൻപതു കോടി ചിത്രവുമായി. രാജേശ്വർ കാളിസാമിയുടെ ആദ്യ ചിത്രമായ 'കുടുംബസ്ഥൻ "സാധാരണക്കാരന്റെ ജീവിത പരിസരമാണ് അടയാളപ്പെടുത്തിയത്. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ഒളിച്ചോടി വിവാഹം കഴിക്കുന്ന നവീനും ഭാര്യയും നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് ഇതിവൃത്തം. ജനുവരി 24ന് റിലീസ് ചെയ്ത 'കുടുംബസ്ഥൻ "തമിഴിൽ ശ്രദ്ധ നേടിയ ഫാമിലി എന്റടെയ്നറായി മാറുക മാത്രമല്ല, ഒ.ടി. ടി ഭരിക്കുകയും ചെയ്യുന്നു. മുൻനിര താരങ്ങൾ ഇല്ലാതിരുന്നിട്ടും അഥർവയും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തിയ 'ഡി.എൻ.എ"യും ശ്രദ്ധ നേടിയ ത്രില്ലർ സിനിമകളിലൊന്നാണ്. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം ഒരു സ്വകാര്യ ആശുപത്രിയിൽ ജനിച്ചു വീണകുഞ്ഞിനെ അപ്പോൾ തന്നെ മാറ്റുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് . പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നിർണായക നിമിഷങ്ങൾ മികച്ചതാക്കുന്നു.
സ്വപ്നമായ 3 BHK
ശരത് കുമാറുംസിദ്ധാർഥും ദേവയാനിയും സിദ്ധാർത്ഥയും ഒന്നിച്ചപ്പോൾ '3 ബി.എച്ച്.കെ" യിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു ഇടത്തരം കുടുംബത്തെയാണ്. യുവ സംവിധായകൻ ശ്രീഗണേഷ് ഒരുക്കിയ 3 ബി.എച്ച്.കെ ഒരു വീട് സ്വന്തമാക്കാൻ വാസുദേവനും കുടുംബവും നടത്തുന്ന ജീവിതലക്ഷ്യത്തെയാണ്. വാസുദേവന്റെയും ശാന്തിയുടെയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഥ, വീട് എന്ന സ്വപ്നത്തിനായി കാത്തിരിക്കുന്ന സാധാരണക്കാരനോട് ചേർന്നു നിന്നു. സിനിമകണ്ട് ഇറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തിൽ വാസുദേവനും കുടുംബവും നിറഞ്ഞുനിൽക്കുന്നു. പ്രണയവും ബ്രേക്കപ്പും അപ്രതീക്ഷിതട്വിസ്റ്റും നിറഞ്ഞ്പ്രദീപ് രംഗനാഥൻ നായകനായ 'ഡ്രാഗണും" തമിഴകത്ത് ഉണ്ടാക്കിയത് അപ്രതീക്ഷിത നേട്ടം തന്നെ. അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തിൽ നൂറുകോടിയിലധികം കളക്ഷൻ ആഗോളതലത്തിൽ നേടി . സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ അടിപതറുമ്പോഴും പ്രദീപ് രംഗനാഥൻ അഭിനയിച്ച രണ്ടാം ചിത്രവും നൂറുകോടി നേടി എന്നത് തിളക്കം കൂട്ടുന്നു. സിനിമകളുടെ വിജയത്തിന്റെ അടിസ്ഥാനം താരങ്ങൾ അല്ല, പ്രമേയത്തിന്റെയും വ്യത്യസ്തമായ അവതരണത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കുംഎന്ന് കോളിവുഡ് അടുത്തിടെ തിരിച്ചറിയുന്നു .ഈ ഒാർമ്മപ്പെടുത്തലിന് ഉദാഹരണമായി 'ഫ്രീഡം" എന്ന കുഞ്ഞൻ സിനിമ റിലീസിന് ഒരുങ്ങുന്നു. ശശികുമാറും മലയാളത്തിന്റെ ലിജോ മോളും പ്രധാന താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |