സ്വാതന്ത്യ സമര സേനാനി, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപകാംഗം, കോൺഗ്രസ് സ്റ്റേറ്റ് കമ്മിറ്റിയംഗം, തിരുവിതാംകൂർ, തിരു- കൊച്ചി നിയമസഭകളിലെ പ്രഗത്ഭനായ അംഗം, കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകൻ, കൊല്ലം എസ്.എൻ.ഡി.പി. യൂണിയന്റെ പ്രഥമ പ്രസിഡന്റ്, യോഗം ഡയറക്ടർ ബോർഡ് അംഗം, ആത്മാർത്ഥതയും സത്യസന്ധതയും ജീവിതവ്രതമായി സ്വീകരിച്ച പൊതുപ്രവർത്തകൻ തുടങ്ങി വിവിധതലങ്ങളിൽ തിളങ്ങിനിന്നിരുന്ന, കഴിഞ്ഞ തലമുറയിലെ ആദർശധീരനായ പ്രമുഖ വ്യക്തിയായിരുന്നു പി. കുഞ്ഞുകൃഷ്ണൻ. കുഞ്ഞുകൃഷ്ണൻ വക്കീൽ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിന് നാളെ (ജൂലായ് 26) 45 വർഷം.
1938 ഫെബ്രുവരി 22-ന് തിരുവനന്തപുരം പുളിമൂട് രാഷ്ട്രീയ ഹോട്ടലിൽ വച്ച് സി.വി. കുഞ്ഞുരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത 31 സ്ഥാപകാംഗങ്ങളിൽ ഒരാളാണ് പി. കുഞ്ഞുകൃഷ്ണൻ. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് സമരങ്ങളിലും സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനങ്ങളിലും എസ്.എൻ.ഡി.പി യോഗം പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി മുഴുകി. നിവർത്തന പ്രക്ഷോഭങ്ങൾക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൊല്ലം പത്തനാപുരം നിയോജക മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിലേക്ക് കുഞ്ഞുകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.
ദിവാന്റെ ഭീഷണി
ഫലിച്ചില്ല
ഈ കാലഘട്ടത്തിൽ അന്നത്തെ പ്രമുഖ പത്രമായിരുന്ന 'മലയാളി" നിയമസഭയിലെ പ്രഗത്ഭരായ അഞ്ചു വ്യക്തികളെ തിരഞ്ഞെടുത്തതിൽ കുഞ്ഞുകൃഷ്ണന്റെ സ്ഥാനം മുൻപന്തിയിലായിരുന്നു. ഇക്കാലത്ത് സ്വാതന്ത്ര്യ സമര മുന്നണിപ്പോരാളികളായിരുന്ന ഈഴവ നേതാക്കളെ പിന്തിരിപ്പിക്കാൻ സർ സി.പി പ്രലോഭനങ്ങൾ, ഭീഷണി, പീഡിപ്പിക്കൽ, അറസ്റ്റ് തുടങ്ങി ചതുരുപായങ്ങളും പയറ്റിയിരുന്നു. ഇതിന്റെ ഫലമായി പലരും സർ സി.പിക്ക് കീഴടങ്ങിയപ്പോൾ ജില്ലാ ജഡ്ജി ആക്കാമെന്ന സി.പിയുടെ പ്രലോഭനം പാടെ തള്ളിക്കളയുകയാണ് കുഞ്ഞുകൃഷ്ണൻ ചെയ്തത്.
ഇതിന്റെ പ്രതികാരമായി, അദ്ദേഹത്തിന്റെ മാതുലനും ഭാര്യാപിതാവുമായ ഭിഷഗാചാര്യ നാഗർകോവിൽ ബി. നീലകണ്ഠവൈദ്യരുടെ എ ഗ്രേഡ് സർക്കാർ ഗ്രാന്റ് (അന്ന് തിരുവിതാംകൂറിലെ പ്രശസ്തരായ നാല് ഭിഷഗ്വരന്മാർക്കു മാത്രം ലഭിച്ചിരുന്ന ഗാന്റ്) നിറുത്തലാക്കാനും, ഇളയ അമ്മാവനായ ബി. പരമുവിന്റെ ഗവൺമെന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രൊമോഷൻ മൂന്നു വർഷം തടഞ്ഞുവയ്ക്കാനുമാണ് സി.പി തുനിഞ്ഞത്! സ്വതന്ത്ര്യാനന്തര ഭാരതത്തിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് കൊല്ലം പരവൂർ നിയോജകമണ്ഡലത്തിൽ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പി. കുഞ്ഞുകൃഷ്ണൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരു- കൊച്ചി സംസ്ഥാന രൂപീകരണത്തോടെ തിരു- കൊച്ചി നിയമസഭയിലും അംഗമായി.
1937-ൽ മഹാത്മാഗാന്ധി കേരളം സന്ദർശിച്ചപ്പോൾ കൊല്ലം പാരിപ്പള്ളിയിൽ വച്ച് നൽകിയ ചരിത്ര പ്രസിദ്ധമായ സ്വീകരണത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രമുഖനായിരുന്നു പി. കുഞ്ഞുകൃഷ്ണൻ. കെ.പി.സി.സി മുൻ പ്രസിഡന്റും മുൻ മന്ത്രിയുമായ പരേതനായ സി.വി. പത്മരാജൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമാകുന്നത് ഇക്കാലത്താണ്. മുൻ സ്പീക്കറായ അലക്സാണ്ടർ പറമ്പിത്തറയോടൊപ്പം സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടിയിൽ കുഞ്ഞുകൃഷ്ണൻ അംഗമായിരുന്ന കാലത്താണ് തിരു- കൊച്ചിയുടെ പല കിഴക്കൻ പ്രദേശങ്ങളിലൂടെയും മലയോര പ്രദേശങ്ങളിലൂടെയും പ്രൈവറ്റ് ബസുകൾ ഓടിത്തുടങ്ങിയത്.
ഈഴവർക്ക് ഒരു
കോളേജ്
കൊല്ലം എസ്.എൻ.ഡി.പി യൂണിയന്റെ സ്ഥാപക പ്രസിഡന്റായി 16 വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് സെക്രട്ടറിയായിരുന്നത് പ്രശസ്ത പത്രപ്രവർത്തകനും പി.എസ്.സി മെമ്പറുമായിരുന്ന എൻ. രാമചന്ദ്രന്റെ പിതാവ് പി.ആർ. നാരായണൻ ആയിരുന്നു. ഇവരുടെയും കൊട്ടാരക്കര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റായിരുന്ന പപ്പുവക്കീലിന്റെയും (മുൻ എം.എൽ.എയും വെളിയം ഭാർഗവന്റെ ഭാര്യാപിതാവും) കൂട്ടായ പ്രവർത്തനങ്ങൾ യോഗത്തിന്റെ കൊല്ലം ജില്ലയിലെ വളർച്ചയിൽ ഗണ്യമായ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഈഴവർക്ക് ഒരു കോളേജ് എന്ന ആശയം ആദ്യമായി ചർച്ചചെയ്യപ്പെട്ടത് പി കുഞ്ഞുകൃഷ്ണൻ കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റായിരുന്ന കാലത്താണ്. എന്നാൽ ആ ആശയം സജീവമായി മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞില്ല.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ആർ. ശങ്കറിന്റെ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമാകുവാൻ ഈ ചർച്ചകൾ കാരണമായി. 1944-ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയാകാൻ ഔദ്യോഗിക നേതൃത്വം നിശ്ചയിച്ചത് പി. കുഞ്ഞുകൃഷ്ണനെയായിരുന്നു. സ്വാതന്ത്ര്യസമര നായകനായിരുന്ന സി. കേശവൻ തിരുവിതാംകൂറിലെ പ്രബല സമുദായമായ ഈഴവരെ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകൃഷ്ടരാക്കാൻ അന്ന് സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്റ്റിംഗ് ജനറൽ സെക്രട്ടറിയായിരുന്ന ആർ. ശങ്കറിനെ യോഗം ജനറൽ സെക്രട്ടറിയാക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് കണക്കുകൂട്ടി. അക്കാര്യം കുഞ്ഞുകൃഷ്ണനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. പി. കുഞ്ഞുകൃഷ്ണൻ സി. കേശവന്റെ ആ അഭിപ്രായത്തോട് യോജിച്ചു.
1944-ൽ ചങ്ങനാശ്ശേരിയിലെ പൊതുയോഗത്തിന്റെ അജൻഡയിലെ ആദ്യവിഷയം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ താനില്ലാതിരുന്നാൽ ആർ. ശങ്കർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നു കരുതി പി. കുഞ്ഞുകൃഷ്ണൻ ഉച്ച കഴിഞ്ഞു മാത്രമാണ് യോഗത്തിനെത്തിയത്. കുഞ്ഞുകൃഷ്ണന്റെ അസാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ട അദ്ധ്യക്ഷൻ വി.കെ. വേലായുധൻ, തിരഞ്ഞെടുപ്പ് അവസാനത്തേക്ക് മാറ്റിവച്ച് യോഗനടപടികൾ തുടങ്ങി. കുഞ്ഞുകൃഷ്ണൻ യോഗത്തിനെത്തിയ ശേഷമാണ് തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചത്. ജനറൽ സെക്രട്ടറിയായി പി. കുഞ്ഞുകൃഷ്ണന്റെ പേര് കെ.ആർ. നാരായണൻ നിർദ്ദേശിക്കുകയും 'കേരള കൗമുദി" പത്രാധിപർ കെ. സുകുമാരൻ പിന്താങ്ങുകയും ചെയ്തു.
ആർ. ശങ്കറിനായി
ഒരു പിന്മാറ്റം
അന്നുവരെ എസ്.എൻ.ഡി.പിയിൽ ഒരു അംഗമല്ലാതിരുന്ന ആർ. ശങ്കറിന്റെ പേര് സി. കേശവൻ നിർദ്ദേശിക്കുകയും കണ്ണാറ ഗോപാലപ്പണിക്കർ പിന്താങ്ങുകയും ചെയ്തു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയായാൽ കോൺഗ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയായി മാത്രം പ്രവർത്തിക്കുമോ എന്ന് പി. കുഞ്ഞുകൃഷ്ണൻ ആർ. ശങ്കറിനോട് ചോദിക്കുകയും അദ്ദേഹം അങ്ങനെ പ്രവർത്തിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. അങ്ങനെ പി. കുഞ്ഞുകൃഷ്ണൻ സ്വമേധയാ പിന്മാറുകയും ആർ. ശങ്കർ ആദ്യമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്നീടുള്ള ചരിത്രം ഒരു തുറന്ന പുസ്തകമാണ്.
എസ്.എൻ.ഡി.പി യോഗത്തിന്റെ ചങ്ങനാശ്ശേരി സമ്മേളനത്തിൽ മേൽ വിവരിച്ച സന്ദർഭത്തെക്കുറിച്ച് പ്രശസ്ത പത്രപ്രവർത്തകൻ എൻ. രാമചന്ദ്രന്റെ ‘ചക്രവാളം - അനുസ്മരണങ്ങൾ’ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെ: 'മത്സരവേദിയിൽ വച്ച് പി.കുഞ്ഞുകൃഷ്ണൻ ശങ്കറോട് ചോദിച്ചു - യോഗം ജന.സെക്രട്ടറി ആയാൽ നിങ്ങൾ കോൺഗ്രസ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമോ? രാജിവയ്ക്കുമെന്ന് പറഞ്ഞപ്പോൾ കുഞ്ഞുകൃഷ്ണൻ പിന്മാറുകയും, ശങ്കർ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കുഞ്ഞുകൃഷ്ണൻ പിന്മാറാതെ മത്സരിച്ചിരുന്നുവെങ്കിൽ ശങ്കർ തോറ്റുപോകുമായിരുന്നുവെന്ന് ഏറെ കാലം കഴിഞ്ഞ് ഒരു സംഭാഷണമദ്ധ്യേ വി.കെ.വേലായുധൻ എന്നോട് പറയുകയുണ്ടായി. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ശങ്കറിന്റെ പിന്നീടുള്ള പൊതുജീവിതം വളരെ വിഭിന്നമാകുമായിരുന്നു!"
കൊല്ലത്ത് ആദിച്ചനല്ലൂരിൽ പ്രശസ്ത തറവാടായിരുന്ന പാലവിളയിലെ കുടുംബ കാരണവരായിരുന്ന പത്മനാഭന്റെയും പരവൂർ കേശവനാശാന്റെ ഏക അനന്തിരവൾ നാരായണിയുടെയും മൂത്തപുത്രനായി ജനിച്ച കുഞ്ഞുകൃഷ്ണനെ സ്വന്തം മടിയിലിരുത്തി അനുഗ്രഹിച്ച് ആ പേരു നൽകിയത് ശ്രീനാരായണ ഗുരുദേവനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവൺമെന്റ് ലാ കോളേജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നിർവഹിച്ചു. 'കേരളകൗമുദി"യുമായും പത്രാധിപർ കെ. സുകുമാരനുമായും ജ്യേഷ്ഠസഹോദരൻ കെ. ദാമോദരനുമായും വളരെ അടുത്ത ബന്ധം കുഞ്ഞുകൃഷ്ണൻ പുലർത്തിയിരുന്നു. 'കേരളകൗമുദി"യിൽ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി.
പരേതയായ എൻ. സരോജിനിയാണ് ഭാര്യ. പരേതയായ ഇന്ദിര, ഡോ. ശരത് ചന്ദ്രൻ, എൻജിനീയർ ഗോപാലകൃഷ്ണൻ, ഡോ. രാജേന്ദ്രൻ, അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ (വൈസ് പ്രസിഡന്റ്, കൊല്ലം എസ്.എൻ.ഡിപി. യൂണിയൻ) എന്നിവർ മക്കളുമാണ്. റിട്ട. ചീഫ് എൻജിനീയർ പരേതനായ എം. രാമചന്ദ്രൻ മരുമകനാണ്. 1980 ജൂലായ് 26-ന് അന്തരിച്ചു. കഴിഞ്ഞ തലമുറയിലെ, ഇദ്ദേഹത്തെപ്പോലെ ആദർശധീരതയും സ്വതന്ത്രമായ രാഷ്ട്രീയബോധവും കൈമുതലായുള്ള നേതാക്കളുടെ സ്മരണകൾ പുതിയ തലമുറയ്ക്ക് ഊർജ്ജം പകരട്ടെ.
(റിട്ട. അഡി. ലേബർ കമ്മിഷണർ ആണ് ലേഖകൻ. ഫോൺ: 94460 60452 )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |