തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. ഇന്നൊരാളുടെ കഥ പുറത്ത് വന്നിട്ടുണ്ട്, അയാൾ അനുഭവിക്കാൻ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം ഫ്‌ളൈ ഓവർ അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പാലം നിർമ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായിരിക്കുന്നത്. പാലം പണിയുടെ കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തന്നെയാണെന്നാണ് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്. ടി.ഒ സൂരജ് ഒപ്പിട്ട ഫയലുകൾ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലൻസ് സംഘത്തിന് ബോദ്ധ്യപ്പെട്ടു. ഇതിന് പുറമെ നിർണായകമായ ചില വിവരങ്ങളും വിജിലൻസിന് ലഭിച്ചതായാണ് വിവരം. അറസ്റ്റ് കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. വി.കെ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ ഒരുതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |