ഗാസിയാബാദ്: ഫുഡ് ഡെലിവറി ഏജന്റുമാരുടെ വസ്ത്രം ധരിച്ച് ജുവലറിയിൽ അതിക്രമിച്ച് കയറി ആഭരണങ്ങൾ കവർന്ന് യുവാക്കൾ. ഉത്തർപ്രദേശിലെ ഗാസിയാബാദിലുളള മാൻസി എന്ന ജുവലറിയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് രണ്ട് യുവാക്കൾ ഹെൽമറ്റ് ധരിച്ച് ജുവലറിയിലേക്ക് കയറിയത്. സ്വിഗ്ഗി,ബ്ലിങ്കിറ്റ് ഫുഡ് ഡെലിവറി കമ്പനികളുടെ വസ്ത്രങ്ങളാണ് യുവാക്കൾ ധരിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ജുവലറിയുടെ പുറത്തുനിന്ന ഒരു ജീവനക്കാരനെ തളളിമാറ്റിയാണ് യുവാക്കൾ അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് കടയിലുണ്ടായിരുന്ന ആഭരണങ്ങൾ ബാഗിലാക്കുകയായിരുന്നു. കൂടുതൽ ആഭരണങ്ങൾ കവരുന്നതിനായി യുവാക്കളിൽ ഒരാൾ കസേര ഉപയോഗിച്ച് അലമാരകൾ തല്ലിതകർക്കുകയും ചെയ്തിരുന്നു. ജീവനക്കാർ പേടിച്ചുവിറച്ച് ഒരു ഭാഗത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. മിനിട്ടുകൾക്കുള്ളിലാണ് യുവാക്കൾ ആഭരണങ്ങൾ കവർന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടത്.
ജുവലറിയിൽ നിന്ന് 20 കിലോഗ്രാം ഭാരം വരുന്ന വെളളിയാഭരണങ്ങളും 125 ഗ്രാം ഭാരം വരുന്ന സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. താൻ വാഷ്റൂമിൽ പോയ സമയത്താണ് മോഷ്ടാക്കാൾ ജുവലറിയിൽ കയറിയതെന്നും ആറ് മിനിട്ടുകൊണ്ട് അവർ മോഷണം നടത്തിപോയെന്നും ഉടമ പൊലീസിനോട് പറഞ്ഞു. സംഭവം കഴിഞ്ഞയുടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും ഉദ്യോഗസ്ഥർ 15 മിനിട്ടിനുളളിൽ തന്നെ ജുവലറിയിൽ എത്തിയെന്നും ഉടമ മാദ്ധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |