കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂലായ് 19നാണ് യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. നാളെ ഈ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൊലപാതകം ആരോപിച്ച് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പൊലീസില്‍ പരാതി നൽകിയിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളും വീഡിയോയും പൊലീസിന് കൈമാറിയിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഭർത്താവിനെതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ നൽകിയ പരാതിയും വിഡിയോകളിലെ അതുല്യയുടെ ഭർത്താവ് സതീഷിന്റെ പെരുമാറ്റങ്ങളും കണക്കിലെടുത്ത് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്.
പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്. അതുല്യയുടെ മരണം പ്രത്യേക പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. ചവറ എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |