കിളിമാനൂർ: കൊവിഡിനുശേഷം ഗ്രാമങ്ങളിൽ ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ സ്വയം തൊഴിലായി ആരംഭിച്ച കോഴി വളർത്തൽ ഇപ്പോൾ നഷ്ടത്തിലാണ്.കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുതിച്ചുയർന്നതോടെയാണ് കർഷകർ ദുരിതത്തിലായത്.
ഒരാഴ്ചയ്ക്കിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കൂടിയത് 90 രൂപയാണ്. കോഴിക്കുഞ്ഞിനെ വളർത്തി ഒരുകിലോ തൂക്കം വരുത്തുന്നതിന് 90 രൂപ കർഷകർക്ക് ചെലവ് വരും. 45 ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒന്നിന് കുറഞ്ഞത് മൂന്ന് കിലോ തീറ്റ വേണ്ടിവരും.വൈദ്യുതി,അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും. രോഗങ്ങൾ കാരണം കോഴികൾ ചാകുന്നതും നഷ്ടം കൂട്ടുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമാണ് വർദ്ധിച്ചത്.
ഒരാഴ്ച മുൻപ് 22-23 രൂപ വരെയായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 40 രൂപയാണ് വില.തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങൾ എത്തുന്നത്.ഒരാഴ്ചയ്ക്കിടെ കൂടിയത് 90 രൂപ
കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വില കൂടിയത് ഓണം മുന്നിൽക്കണ്ട് കൃഷിയിറക്കാനിരുന്ന കോഴികർഷകർക്ക് ഇരുട്ടടിയായി.25 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 45 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുന്നവർക്ക് ചെലവ് തുക പോലും തിരിച്ചുകിട്ടുന്നില്ല.
കോഴിക്കുഞ്ഞിന്റെ വില,തീറ്റ,മരുന്ന്,പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 90 - 100 രൂപ ചെലവാകും. ചെറിയ ഫാമുകളിൽ കൂട് പൊളിച്ച് തെരുവ് നായ്ക്കൾ നൂറോളം കോഴിക്കുഞ്ഞുങ്ങളെ ഭക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
കോഴി കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |