വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടുകാരുടെ ദീർഘകാലത്തെ അഭിലാഷമായിരുന്ന വെഞ്ഞാറമൂട് ഫ്ലൈഓവർ നിർമ്മാണത്തിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. ഇന്നലെ മുതലാണ് ലൈൻ മാർക്കിംഗ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചത്.
സംസ്ഥാനപാതയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള ഭാഗമാണ് വെഞ്ഞാറമൂട് ജംഗ്ഷൻ. തൈക്കാട് മുതൽ മണിക്കൂറുകൾ കാത്തുകിടന്നാലേ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ജംഗ്ഷൻ കടക്കാൻ കഴിയൂ. ടെൻഡറിൽ കുടുങ്ങിക്കിടന്ന ഫ്ളൈഓവർ നിർമ്മാണപദ്ധതിക്ക് കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭ അനുമതി നൽകിയത്.
11 തൂണുകളായി 337 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് ഫ്ലൈഓവർ നിർമ്മിക്കുക.ലീലാരവി ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിച്ച് പൊലീസ് സ്റ്റേഷന്റെ സമീപത്തായി അവസാനിക്കുന്നതാണ് ഫ്ലൈഓവർ. 800 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമുള്ള സർവീസ് റോഡും ഇരുവശങ്ങളിലുമുള്ള അനുബന്ധ റോഡിന്റെ നിർമ്മാണവും ഇതിൽ ഉൾപ്പെടും.3.5 മീറ്റർ ഉയരത്തിൽ പാർശ്വഭിത്തികളുമുണ്ടാകും.
ടെൻഡർ
ആറാമത് ഇ ടെൻഡറിൽ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ടെൻഡർ ലഭിച്ചത്.എസ്റ്റിമേറ്റ് തുകയെക്കാൾ 33.45 ശതമാനം അധികമായതിനാലാണ് മന്ത്രിസഭയുടെ അംഗീകാരം വേണ്ടിവന്നത്. ഫ്ലൈഓവറിനായി മുൻപ് നടന്ന 5 ടെൻഡറുകളും വിവിധ കാരണങ്ങളാൽ നടപ്പായിരുന്നില്ല.
അടങ്കൽത്തുക - 27.95 കോടി രൂപ
നിർമ്മാണച്ചുമതല
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പി.ഡബ്ല്യു.ഡി മുഖാന്തരം കേരള റോഡ് ഫണ്ട് ബോർഡിനായിരിക്കും നിർമ്മാണച്ചുമതല
പദ്ധതിയിൽ
അപ്രോച്ച് റോഡ് തിരുവനന്തപുരം ഭാഗത്ത് 56.5 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്ററുമുണ്ടാകും. ഇതിനോടൊപ്പം ട്രാഫിക് സിഗ്നൽ,റോഡ് സുരക്ഷാ സംവിധാനങ്ങൾ,തെരുവിളക്കുകൾ,മുന്നറിയിപ്പ് ബോർഡുകൾ എന്നിവയും സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |