പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ 28 മുതൽ ആഗസ്റ്റ് ഒന്നുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെട്ടിട നിർമാണ മേഖല വിവിധ തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു.
പുതിയ കെട്ടിടങ്ങൾ, ഫ്ളാറ്റുകൾ, വീടുകൾ, തുടങ്ങിയവയുടെ പ്രവൃത്തികൾ നടക്കുന്നില്ല. നിർമാണവസ്തുക്കളുടെ ഇറക്കുമതി മാഫിയകളുടെ കൈയിലാണ്. അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ വില നിയന്ത്രണാധികാര സമിതി രൂപീകരിക്കണം. അപേക്ഷിച്ച ഉടനെ പെർമിറ്റ് ലഭിക്കുന്നതിലേക്ക് സോഫ്റ്റ് വെയർ പരിഷ്‌കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പുതിയ നിർമാണ രീതിയിൽ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് വലിയ തോതിലുള്ള അപകടങ്ങളാണ് സംഭവിക്കുന്നത്. ഇതിനു പരിഹാരമായി സൈറ്റ് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കണം. കരാറുകാർക്ക് ലൈസൻസ് അനുവദിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കിയും കുടിശികയില്ലാതെ ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.വിനോദ് , ജില്ലാ പ്രസിഡന്റ് ഡി.മനോഹരൻ, ജില്ലാ സെക്രട്ടറി ആർ.ഷാബു, വൈസ് പ്രസിഡന്റ് അനിൽ പി.തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |