പണമെടുത്തതിനെ ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്
ചിറയിൻകീഴ്: പണമെടുത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന സംഭവത്തിൽ ജ്യേഷ്ഠൻ റിമാൻഡിൽ. പെരുങ്ങുഴി കുഴിയം കോളനിയിൽ ചരുവിള വീട്ടിൽ രവീന്ദ്രന്റെ മകൻ ചിട്ടാപ്പി എന്ന രതീഷാണ് (31) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിൽ മഹേഷിനെ (38) ആറ്രിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഇരുവരും തമ്മിൽ വഴക്ക് പതിവാണ്. ചിറയിൻകീഴ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച രതീഷ്. ഇക്കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച രതീഷ് അസഭ്യം പറയുകയും ബഹളം വയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ രതീഷിന്റെ കൈവശമുണ്ടായിരുന്ന നോട്ടുകൾ തറയിൽ വീണു. ഇത് സഹോദരി മിനി എടുത്തുവെന്ന ധാരണയിൽ മിനിയുടെ വീട്ടിലെത്തി ബഹളം വയ്ക്കുകയും കതകിൽ കമ്പി കൊണ്ട് അടിക്കുകയും ചെയ്‌തു. ഇത് ചോദ്യംചെയ്യാൻ മഹേഷ് എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
തർക്കത്തിനിടെ മഹേഷ് രതീഷിനെ വെട്ടുകത്തിക്ക് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആഴത്തിലുള്ള മുറിവായതിനാൽ സംഭവ സ്ഥലത്തു വച്ചുതന്നെ രതീഷ് മരിച്ചു. അവിവാഹിതനായ രതീഷ് തെങ്ങുകയറ്റ തൊഴിലാളിയാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ മെഡിക്കൽ കോളേജിൽ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ അജയൻ.ജെ,ചിറയിൻകീഴ് സ്റ്റേഷനിലെ എസ്.ഐമാരായ ശ്രീകുമാർ,എ.ഷജീർ,മനോഹർ,എ.എസ്.ഐ ആഷീം,സി.പി.ഒമാരായ രാംനാഥ്,ബിനു,രതീഷ്,വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. രതീഷിന്റെ മാതാവ്: നിർമ്മല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |