തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ എട്ടാം ക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നിർണായക തീരുമാനമെടുത്ത് സർക്കാർ. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സർക്കാർ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
'സർക്കാർ ഈ സംഭവത്തിന്റെ ഗൗരവം മനസിലാക്കിത്തന്നെ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുളള മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ്. മിഥുൻ കേരളത്തിന്റെ മകനാണ്. മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആൻഡ് ഗൈഡിന്റെ മേൽനോട്ടത്തിൽ വീട് നിർമിച്ചുനൽകും. അടിയന്തര ധനസഹായമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പിഡി അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നൽകുമെന്ന ഉത്തരവ് ഇറക്കി കഴിഞ്ഞിരിക്കുകയാണ്.
കെഎസ്ഇബി ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറിക്കഴിഞ്ഞു. പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടന ധനസഹായമായി പത്ത് ലക്ഷം രൂപ ഉടൻ തന്നെ കൈമാറും. സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങൾ ചെയ്തിരുന്നു. എന്നിട്ടും നിർഭാഗ്യകരമായ സംഭവമാണ് തേവലക്കര സ്‌കൂളിലുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സ്‌കൂൾ സുരക്ഷ സംബന്ധിച്ച കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനമായിട്ടുണ്ട്.
ഈ സംഭവത്തിൽ സ്‌കൂളിലെ പ്രഥമ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. സ്‌കൂളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെ മാനേജ്‌മെന്റ് പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകികൊണ്ടുളള ഉത്തരവ് ഇറക്കും'- മന്ത്രി അറിയിച്ചു.
ഈ മാസം 17ന് സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണു. ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |