ഇന്ത്യയുടെ പുതിയ വ്യോമസേനാ തലവനായി ആർ.കെ.എസ് ബദൗരിയയെ കേന്ദ്ര സർക്കാർ നിയമിച്ചു. വ്യാഴാഴ്ചയാണ് ബദൗരിയയെ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ചീഫായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ അറിയിപ്പ് പുറത്തിറക്കുന്നത്. നിലവിൽ എയർ ഫോഴ്‌സിന്റെ വൈസ് ചീഫാണ് ബദൗരിയ. ഇപ്പോഴുള്ള വ്യോമസേനാ മേധാവിയായ ബി.എസ്. ദനോവ സെപ്തംബർ 30ന് വിരമിക്കുന്നതോടെ ബദൗരിയ വ്യോമസേനാ തലവനായി ചാർജ് ഏറ്റെടുക്കും. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയ ശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. 4250 മണിക്കൂറുകൾ വിമാനം പറത്തിയിട്ടുള്ള ബദൗരിയയ്ക്ക് പലതരത്തിലുള്ള 26 ഫൈറ്റർ വിമാനങ്ങൾ പറത്തിയ മുൻപരിചയമുണ്ട്.
സതേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ്, ട്രെയിനിങ് കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ്, എന്നീ നിലകളിലും ബദൗരിയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 36 വർഷം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിൽ നിരവധി മെഡലുകളും എയർ മാർഷൽ ബദൗരിയ കരസ്ഥമാക്കിയിരുന്നു. അതി വിശിഷ്ട് സേവാ മെഡൽ, വായു സേനാ മെഡൽ, പരം വിശിഷ്ട് സേവാ മെഡൽ എന്നിവ അവയിൽ ചിലത് മാത്രം. ഇന്ത്യൻ രാഷ്ട്രപതിയുടെ എയ്ഡ് ഡി കാമ്പ് ആയും ബദൗരിയ ഈ വർഷം ജനുവരിയിൽ നിയമിതനായിരുന്നു. ഫ്രാൻസുമായുള്ള റാഫേൽ വിമാനത്തിന്റെ കരാർ ഉറപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബദൗരിയ ആ വിമാനം പറത്തിയ ഏതാനും വ്യോമസേനാ പൈലറ്റുമാരിൽ ഒരാളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |