മലപ്പുറം: പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസലിന്റെയും ബൾക്കീസിന്റെയും മകൾ ഫൈസയാണ് (ആറ് ) മരിച്ചത്. മലപ്പുറം തിരൂരിൽ വ്യാഴാഴ്ച രാത്രി എഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണപ്പോൾ പിൻ സീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പുറണ്ണൂർ യു.പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ചമ്രവട്ടം റോഡിലാണ് അപകടമുണ്ടായത്. പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുമ്പിലായിരുന്നു സംഭവം. കുട്ടിയെ ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൈസലിന്റെയും ബൾക്കീസിന്റെയും ഒരു ബന്ധു തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുവിനെ ആശുപത്രിയിലെത്തി കണ്ടശേഷം തിരികെ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫാസിൽ, അൻസിൽ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |