ആലപ്പുഴ: തേങ്ങയുടെ തൊണ്ടിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ചകിരിച്ചോറിൽ നിന്ന്
ഇനി എയർ ഫ്രഷ്‌നറും. പ്രകൃതിദത്ത വസ്തുക്കൾകൂടി ചേർത്ത് ഉണ്ടാക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദം. കാറുകളിലടക്കം ഉപയോഗിക്കാം. തിരുവനന്തപുരത്തെ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റാണ് വികസിപ്പിച്ചത്. പേര് 'കോക്കൊഓറ'.
കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. കോർവോ ലൈഫ് സൊല്യൂഷൻസ്, കോക്കൊഫ്ലോറ, പി.എം.ആർ ഷാ ഗ്ലോബൽ തുടങ്ങിയ കമ്പനികൾ ഇതിന്റെ സാങ്കേതികവിദ്യ സ്വന്തമാക്കി. കോർവോ ലൈഫ് ഇത് വിപണിയിലെത്തിച്ചുകഴിഞ്ഞു.
ഇതോടെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ചിരട്ടയ്ക്കും പിന്നാലെ ചകിരിച്ചോറിനും നല്ലകാലം പിറന്നു. രാസവസ്തുക്കളടങ്ങിയ എയർ ഫ്രഷ്‌നറുകൾക്ക് ബദൽ കൂടിയാണിത്. സാധാരണ എയർ ഫ്രഷ്നറുകളിൽ അടങ്ങിയിട്ടുള്ള താലേറ്റോ, പാരാബെൻസ് സൾഫേറ്റ് പോലുള്ള രാസവസ്തുക്കൾ ഇതിലില്ല.
വ്യത്യസ്ത ഗന്ധം,
വില 60- 800 രൂപ
കാറുകളിലടക്കം ഉപയോഗിക്കാവുന്ന വിധത്തിൽ ഗ്രാനുലേറ്റ്സ്, ജെൽ, ഫൈബേഴ്സ്, വെന്റ് ക്ലിപ്പ്, സാഷെ എന്നീ ഇനങ്ങളിലാണ് പുറത്തിറക്കുക. 60 മുതൽ 800 രൂപവരെയാണ് വില. പേപ്പർ സാഷേ, നെയ്തെടുത്ത കോട്ടൺ പൗച്ച്, മുളയുടെ പൾപ്പിൽ തയ്യാറാക്കിയ കണ്ടെയ്നർ എന്നിവയിലാണ് പായ്ക്കിംഗ്. ലെമൺ, സ്ട്രോബെറി, കോക്കനട്ട്, ഓറഞ്ച്, ലാവൻഡർ, റെഡ് ആപ്പിൾ, മിക്സഡ് ഫ്രൂട്ട്, കോഫിതുടങ്ങി 60ൽപ്പരം ഗന്ധങ്ങളോടെയാണ് കോക്കൊഓറ വിപണിയിലെത്തിക്കുക.
ആയുർവേദക്കൂട്ടും
ചേർത്ത് നിർമ്മാണം
1.ചകിരിച്ചോറും ഔഷധസസ്യങ്ങളിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന എണ്ണയുമാണ് പ്രധാനഘടകങ്ങൾ
2.കർപ്പൂരപ്പുല്ല്, ഗ്രാമ്പു എണ്ണ, യൂക്കാലിപ്റ്റസ്, ഇഞ്ചിപ്പുല്ല് തുടങ്ങിയവയും ചില ആയുർവേദക്കൂട്ടുകളും നിശ്ചിത അനുപാതത്തിൽ ചേർത്താണ് നിർമ്മാണം
''ദീർഘകാലത്തെ ഗവേഷണത്തിന്റെ ഫലമായാണ് പ്രകൃതിദത്തവും വിപണന സാദ്ധ്യതയുള്ളതുമായ ഉത്പന്നം വികസിപ്പിക്കാനായത്. പേറ്റന്റ് ലഭിച്ചതോടെ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ ധാരാളം കമ്പനികളെത്തിയിട്ടുണ്ട്. കേരകർഷകർക്കും ഇത് പ്രയോജനപ്രദമാകും
-ഡോ. അഭിഷേക്.സി,
ഡയറക്ടർ, നാഷണൽ കയർ
റിസർച്ച് ആൻഡ് മാനേജ്മെന്റ്
''കോക്കൊഓറയ്ക്ക് നല്ല ഡിമാന്റുണ്ട്. കഴിഞ്ഞ ആറുമാസത്തിനകം കേരളത്തിലും പുറത്തും ജനപ്രീതി നേടിയതോടെ ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു
-മുഹമ്മദ് റബീഹുദ്ദീൻ,
പാർട്ണർ, കോർവോ
ലൈഫ് സൊല്യൂഷൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |