തിരുവനന്തപുരം : മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും ബിഷപ്പുമാർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പരിഹാരമാകുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയല്ലേ. ഞങ്ങൾക്ക് ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രിയോട് പറയാനുള്ള ധൈര്യം തിരുമേനിമാർ കാണിക്കുന്നില്ലല്ലോയെന്നും ശിവൻകുട്ടി ചോദിച്ചു.
അതേസമയം, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദഫലമായാണെന്ന് ആരോപിച്ച് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി ബി സി ഐ) പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിലപാടെടുക്കണമെന്നും അവർ ഛത്തീസ്ഗഡിലെ ബി ജെ പി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീകളുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്‌ച അറസ്റ്റിലായത്. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇവർ ഇപ്പോൾ ദുർഗിലെ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |