തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എൻ ശക്തന് നൽകി നേതൃത്വം. പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രാദേശിക നേതാവുമായുളള പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു രാജിക്ക് സമ്മർദ്ദമേറിയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനെ തുടർന്നാണ് കോൺഗ്രസ് പുതിയ ഡിസിസി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസിയുടെ വൈസ് പ്രസിഡന്റുമാണ് എൻ ശക്തൻ. ഈ സാഹചര്യത്തിൽ ജില്ലയിലുളള നേതാവിനെ പരിഗണിച്ചപ്പോഴാണ് എൻ ശക്തന് ഈ ചുമതല നൽകാൻ നേതൃത്വം തീരുമാനിച്ചത്. ഇന്നലെ പാലോട് രവിയുടെ രാജി സ്വീകരിച്ചെങ്കിലും പുതിയ ചുമതല ആർക്കാണ് നൽകുന്നതെന്നതിനെക്കുറിച്ച് നേതൃത്വം തീരുമാനമെടുത്തിരുന്നില്ല. ജില്ലയ്ക്ക് പുറത്തുളള നേതാക്കളെ പരിഗണിക്കണമെന്ന കാര്യവും ചർച്ചയായതാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇതിൽ പാലോട് രവിയും വിശദീകരണം നൽകിയിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നൽകിയതെന്നും മണ്ഡലങ്ങളിൽ ജാഗ്രത വേണമെന്നാണ് പ്രവർത്തകനോട് പറഞ്ഞതെന്നുമായിരുന്നു പാലോട് രവിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |