തിരുവനന്തപുരം: കടുത്ത നടുവേദനയുണ്ടായിട്ടും അവധി നൽകാതിരുന്നതിനെത്തുടർന്ന് നന്ദാവനം എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അസി. കമൻഡാന്റ് ഓഫീസ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്യാമ്പിലെ കോൺസ്റ്റബിളായ ജോസാണ് ഇന്നലെ ഉച്ചയോടെ കടുംകൈയ്ക്ക് ഒരുങ്ങിയത്. സഹപ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിച്ച് താഴെയിറക്കിയതിനാൽ അത്യാഹിതം ഒഴിവായി.
ഓണാഘോഷം, തീവ്രവാദ ആക്രമണ ഭീഷണി കാരണമുള്ള അതീവജാഗ്രത എന്നിവയായിരുന്നതിനാൽ രണ്ടുമാസത്തോളമായി അവധിയെടുക്കാതെ ജോലി ചെയ്യുകയായിരുന്നു ജോസ്. നടുവേദനയ്ക്ക് ചികിത്സയ്ക്കായി മൂന്നു ദിവസത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ആരോഗ്യകാരണങ്ങൾ വിശദീകരിച്ച് അസി. കമൻഡാന്റിന് അവധി അപേക്ഷ നൽകി. അദ്ദേഹത്തെ കണ്ടപ്പോൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മേലുദ്യോഗസ്ഥനിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതിനെത്തുടർന്ന് ജോസ് തൊപ്പി വലിച്ചെറിഞ്ഞ്, ഓഫീസ് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. രണ്ടുനില കെട്ടിടത്തിന് മുകളിലെത്തിയപ്പോഴാണ് മറ്റ് പൊലീസുകാർ വിവരം മനസിലാക്കിയത്. സംഭവം പുറത്തറിയരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകുകയും ചെയ്തു. ജോസിന് പിന്നീട് മൂന്നുദിവസത്തെ അവധി നൽകി.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം പൊലീസിൽ ആത്മഹത്യകൾ വ്യാപകമായതിനെത്തുടർന്ന്, കുഴപ്പക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി പ്രഖ്യാപിച്ചിരിക്കെയാണ് തലസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായത്. നന്ദാവനം ക്യാമ്പിലെ പൊലീസുകാരോട് അസി. കമൻഡാന്റ് മോശമായി പെരുമാറുന്നതായി നേരത്തേയും പരാതികളുണ്ടായിട്ടുണ്ട്. എന്നാൽ, ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |