തിരുവനന്തപുരം:കെ.എസ്.ഇ.ബി.യുടെ എതിർപ്പ് തള്ളി വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ് ഷിപ്പ്‌മെന്റ് ടെർമിനൽ നടത്തുന്ന ഇന്ത്യ ഗേറ്റ് വേ ടെർമിനൽ കമ്പനിക്ക് മലപ്പുറത്ത് അഞ്ച്മെഗാവാട്ട് സോളാർ പ്ളാന്റ് സ്ഥാപിക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി.
ദുബായ് ആസ്ഥാനമായുള്ള ഡി.പി.വേൾഡ് കമ്പനിയുടെ ഉപസ്ഥാപനമാണ് ഇന്ത്യ ഗേറ്റ് വേ കമ്പനി.
മലപ്പുറത്ത് നിന്ന് വല്ലാർപാടത്ത് എത്തിക്കാൻ കെ.എസ്.ഇ.ബിയുടെ ഓപ്പൺ സോഴ്സ് ഉപയോഗിക്കേണ്ടിവരും . മിച്ചവൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് എടുക്കുകയും വേണം.ഇത് സാധ്യമല്ലെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ നിലപാട്. ഇതാണ് കമ്മിഷൻ തള്ളിയത്.
കമ്പനി വൈദ്യുതി ലഭിക്കാൻ കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഗേറ്റ് വേ സ്ഥാപനത്തിനായി ഓപ്പൺ സോഴ്സ് കരാറുണ്ടാക്കാൻ നിയമ,സാങ്കേതിക തടസ്സങ്ങളുണ്ടെന്നും സോളാർ വൈദ്യുതിയിൽ മിച്ചമുള്ളത് ഗ്രിഡിലേക്ക് വാങ്ങാനാകില്ലെന്നുമാണ് കെ.എസ്.ഇ.ബി പറഞ്ഞത്. മിച്ചമുണ്ടെങ്കിൽ അത് സൂക്ഷിക്കാൻ കമ്പനി ബാറ്ററി സംവിധാനം സജ്ജമാക്കണമെന്നും കെ.എസ്.ഇ.ബി. നിർദ്ദേശിച്ചു.
ഇങ്ങനെയുള്ള വ്യവസ്ഥകർ ക്ലീൻ എനർജി ബാങ്കിംഗ് ചട്ടങ്ങളിലില്ലെന്നും കമ്പനിയുടെ ആവശ്യം അംഗീകരിക്കുന്നതിന് നിയമപരമായോ സാങ്കേതികമായോ തടസ്സങ്ങൾ കാണുന്നില്ലെന്നും കമ്മിഷൻ വിലയിരുത്തി.
വൈദ്യുതി വല്ലാർപാടത്തേക്ക് കൊണ്ടുവരാനും മിച്ചം ഉള്ളത് തിരികെ.എസ്.ഇ.ബി ഗ്രേഡിലേക്ക് സ്വീകരിക്കാനും അത് ഒരു ബില്ലിംഗ് സർക്കിളിൽ സെറ്റിൽ ചെയ്യാനും റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചു.
സോളാർ പ്ളാന്റ് കേന്ദ്ര
ചട്ടം പാലിക്കാൻ
കമ്പനിക്ക് ദിവസം 12ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. വൈദ്യുതിവിതരണലൈസൻസ് ഉള്ള കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ഹരിതസാഗർ ഗ്രീൻ പോർട്ട് ചട്ടം വന്നതോടെ, മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 30% ഹരിത ഊർജ്ജം ആയിരിക്കണം .2026നകം ഇത് നടപ്പാക്കിയില്ലെങ്കിൽ റിന്യൂവബിൾഎനർജി ഒബ്ലിഗേഷൻ നിയമം അനുസരിച്ച് പിഴ നൽകേണ്ടിവരും.
വല്ലാർപാടത്ത് 830കിലോവാട്ടിന്റെ സോളാർ പ്ലാന്റും170 കിലോവാട്ടിന്റെ പുരപ്പുറ സോളാറും സ്ഥാപിച്ചു. ഇതിലൂടെ 1.84ദശലക്ഷം യൂണിറ്റ് മാത്രമാണ് ലഭിക്കുന്നത് .നിയമപ്രകാരം 3.6ദശലക്ഷം യൂണിറ്റ് സോളാർ എനർജി കമ്പനിക്ക് കണ്ടെത്തേണ്ടതുണ്ട്.ഇതിനാണ് മലപ്പുറത്ത് 5മെഗാ വാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നത്.
ഈ വൈദ്യുതി വല്ലാർപാടത്ത് എത്തിക്കുന്നതിനും മിച്ചമുള്ള വൈദ്യുതി ശേഖരിച്ചു വയ്ക്കുന്നതിനും സഹകരിക്കണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. നിരസിച്ചതോടെ റെഗുലേറ്ററി കമ്മിഷനെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |