തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട് ഉയർന്ന ക്യാപ്പിറ്റൽ പണിഷ്മെന്റ് വിവാദം അവഗണിക്കാൻ സി.പി.എം. മന്ത്രി വി.ശിവൻകുട്ടിയും എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രനും ഡി.കെ.മുരളിയുമുൾപ്പെടെ ഇതിനെതിരെ ചില പ്രതികരണങ്ങൾ നടത്തിയെങ്കിലും ഔദ്യോഗിക തലത്തിൽ പ്രതികരണങ്ങൾ ഉയരുന്നില്ല.
മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന പിരപ്പൻകോട് മുരളിയാണ് വിവാദത്തിന് തുടക്കമിട്ടത്. വി.എസിനെ ക്യാപ്പിറ്റൽ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് 2012 ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളന ചർച്ചയിൽ, ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് പറഞ്ഞതായാണ് ആരോപണം. പിരപ്പൻകോടിന്റെ വാദത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിഷേധിച്ചു.
തൊട്ടു പിന്നാലെയാണ് സി.പി.എമ്മിന്റെ പഴയ പോരാളി കെ.സുരേഷ് കുറുപ്പ് അടുത്ത വെടി പൊട്ടിച്ചത്. 2015 ലെ ആലപ്പുഴ സമ്മേളനത്തിൽ വി.എസിന്റെ ചെറുമകളാവാൻ പ്രായമുള്ള പെൺകുട്ടി , വി.എസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു ലേഖനത്തിൽ സുരേഷ് കുറുപ്പ് എഴുതിയത്. ആരുടെയും പേര് കുറുപ്പ് പരാമർശിച്ചില്ലെങ്കിലും ക്യാപ്പിറ്റൽ പണിഷ്മെന്റ് മാദ്ധ്യമസൃഷ്ടിയാണെന്ന വാദവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം എത്തി. മാദ്ധ്യമങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. വിവാദം ഇത്രയൊക്കെ കത്തിക്കയറിയെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയോ, മുഖ്യമന്ത്രി പിണറായി വിജയനോ പ്രതികരിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാദം കൂടുതൽ കൊഴുപ്പിക്കേണ്ടെന്ന നിലപാടിലാണ്
പാർട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |