സംസ്ഥാനത്ത് അധികാരകേന്ദ്രങ്ങൾ ഉണരണമെങ്കിൽ ഒരു മനുഷ്യ ജീവനെങ്കിലും പൊലിയണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കോട്ടയം മെഡിക്കൽ കോളേജിൽ പഴക്കമുള്ള കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചപ്പോഴാണ് ബന്ധപ്പെട്ട വകുപ്പധികൃതർ ഉറക്കമുണർന്നത്. പിന്നെ പഴക്കമുള്ള കെട്ടിടങ്ങളിൽ പരിശോധനയായി, നടപടികൾ കൈക്കൊള്ളുമെന്ന പ്രഖ്യാപനവുമുണ്ടായി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി മിഥുൻ മനു(13) സ്കൂളിൽ വച്ച് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് കേരളത്തെയാകെ ഞെട്ടിച്ച സംഭവമാണ്. വിവിധ വകുപ്പുകളുടെ അലംഭാവം മൂലം ക്ഷണിച്ചു വരുത്തിയ ഈ അപകടത്തിന്റെ യഥാർത്ഥ ഉത്തരവാദികളെ നടപടി നേരിടുന്നതിൽ നിന്ന് സംരക്ഷിച്ച് തടിയൂരാനാണ് സർക്കാർ ശ്രമമെന്ന ആരോപണമാണ് ഉയരുന്നത്. സ്കൂൾ മാനേജ്മെന്റിനെക്കൂടാതെ വിദ്യാഭ്യാസ, വൈദ്യുതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അലംഭാവമാണ് കുട്ടി ഷോക്കേറ്റ് മരിക്കുന്ന സംഭവത്തിലേക്കെത്തിച്ചത്. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കരുതിയെങ്കിലും സ്കൂളിലെ പ്രധാന അദ്ധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തതൊഴിച്ചാൽ മറ്റാർക്കെതിരെയും പ്രകടമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പണത്തിനോ ആശ്വാസ വാക്കുകൾക്കോ നികത്താനാകാത്ത നഷ്ടമാണ് മിഥുന്റെ മരണം സൃഷ്ടിച്ചതെങ്കിലും നിർദ്ധന കുടുംബത്തിന് ധനസഹായവും മറ്റു ചില വാഗ്ദാനങ്ങളും നൽകി പ്രതിഷേധങ്ങൾ തണുപ്പിക്കാനാണ് ശ്രമം.
സ്കൂൾ ഭരണം
ഏറ്റെടുത്ത് സർക്കാർ
സ്കൂൾ മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞദിവസം സ്കൂൾ മാനേജർ ആർ.തുളസീധരൻ പിള്ളയെ അയോഗ്യനാക്കി സ്കൂൾ ഭരണം സർക്കാർ ഏറ്റെടുത്തതോടെ മാനേജർക്കെതിരെ മറ്റു നടപടികളൊന്നും ഉണ്ടാകാനുള്ള സാദ്ധ്യതയാണ് മങ്ങിയത്. സി.പി.എം പ്രാദേശിക നേതൃത്വമാണ് സ്കൂളിന്റെ ഭരണസമിതി എന്നതിനാൽ കടുത്ത നടപടികൾക്കുള്ള സാദ്ധ്യത തുടക്കത്തിലേ സംശയ നിഴലിലായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസിന് മാനേജർ നൽകിയ വിശദീകരണം തള്ളിയ സർക്കാർ, താത്ക്കാലിക മാനേജരായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി. മനഃപൂർവമായ വീഴ്ചയില്ലെന്നായിരുന്നു മാനേജരുടെ വിശദീകരണമെങ്കിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാനേജ്മെന്റും പ്രധാന അദ്ധ്യാപികയും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് മാനേജരെ അയോഗ്യനാക്കിയതെന്നും ഒരു എയ്ഡഡ് സ്കൂൾ മാനേജ്മെന്റിനെതിരെയും ഇത്രയും ശക്തമായ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഭരണം എത്രകാലം സർക്കാർ നിയന്ത്രണത്തിൽ തുടരുമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ നടപടി അംഗീകരിക്കുന്നുവെന്നും തങ്ങളുടെ നിരപരാധിത്വം സർക്കാരിനെ ബോദ്ധ്യപ്പെടുത്തുമെന്നും മാനേജർ തുളസീധരൻപിള്ള പറഞ്ഞു. ഹൈടെൻഷൻ വൈദ്യുതി ലൈനിനു താഴെ നിർമ്മിച്ച സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ജൂലായ് 17 ന് രാവിലെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. അപകടകരമായ രീതിയിൽ സ്കൂൾ വളപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റാൻ തയ്യാറാകാതിരുന്ന വൈദ്യുതി ബോർഡിലെയും സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമായത്. വൈദ്യുത ലൈനിനു താഴെ നിയമം ലംഘിച്ച് വർഷങ്ങൾക്ക് മുമ്പ് സൈക്കിൾ ഷെഡ് നിർമ്മിച്ചെങ്കിലും അതിൽ പതിയിരിക്കുന്ന അപകടം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നതാണ് അത്ഭുതകരമായ വസ്തുത.
നടപടി പ്രതിഷേധം തണുപ്പിക്കാൻ
തേവലക്കര ബോയ്സ് ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പിരിച്ചു വിട്ട് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സ്കൂളിനുമുന്നിൽ തുടർച്ചയായ പ്രക്ഷോഭം നടത്തി വരികയായിരുന്നു. പേരിനെങ്കിലും നടപടി സ്വീകരിക്കാൻ സർക്കാരിനെ നിർബ്ബന്ധിതരാക്കിയത് പ്രതിപക്ഷ പ്രക്ഷോഭമാണ്. മിഥുന്റെ ജീവനെടുത്ത അപകടം നടന്നത് മുതൽ പ്രക്ഷോഭ കേന്ദ്രമായി മാറിയ സ്കൂൾ കവാടം ഒരാഴ്ചയോളം കനത്ത പൊലീസ് സുരക്ഷയിലായിരുന്നു. വലിയ ബാരിക്കേഡുകൾ നിരത്തിയാണ് പ്രതിഷേധങ്ങളെ പ്രതിരോധിച്ചത്. സ്കൂളിന് സമീപത്തുള്ള കോവൂർ കുഞ്ഞുമോൻ എം.എൽ.എ യുടെ വീടിനു മുന്നിലേക്കും പ്രതിഷേധം നീണ്ടു. ഹെഡ്മിസ്ട്രസിനെ മാത്രം ബലിയാടാക്കി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കം അതോടെ പാളി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കവും വിവാദമായിരുന്നു. പിന്നീട് മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെ.എസ്.ഇ.ബി അസി. എൻജിനിയർ എന്നിവരെ പ്രതി ചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധം അയഞ്ഞത്. സസ്പെൻഷനിലായ ഹെഡ്മിസ്ട്രസ് ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയതും കൂടുതൽ നടപടികളിലേക്ക് കടക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതായി.
കെ.എസ്.ഇ.ബിയുടെ
റിപ്പോർട്ട് തള്ളി
മിഥുന്റെ മരണത്തെ തുടർന്ന് തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കെ.എസ്.ഇ.ബി സമ്മതിച്ചെങ്കിലും ഉത്തരവാദികളായി ആരെയും കണ്ടെത്താതെ കെ.എസ്.ഇ.ബി മുഖ്യ സുരക്ഷാ കമ്മിഷണർ എം.എ പ്രവീൺ തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി കെ. കൃഷ്ണൻ കുട്ടി തള്ളി. ഉത്തരവാദികൾ ആരെന്ന് വ്യക്തമാക്കി വിശദ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ബോർഡ് ചെയർമാന് മന്ത്രി നിർദ്ദേശം നൽകി. 8 വർഷം മുമ്പ് വൈദ്യുതി ലൈനിനു താഴെ സൈക്കിൾ ഷെഡ് നിർമ്മിച്ചപ്പോൾ സ്കൂൾ മാനേജ്മെന്റ് ബോർഡിന്റെ മുൻകൂർ അനുമതി നേടിയിരുന്നില്ലെന്ന് മുഖ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തറനിരപ്പിൽ നിന്നും തകര ഷീറ്റിൽ നിന്നും ലൈനിലേക്ക് സുരക്ഷിതമായ അകലം ഇല്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ നടപടിയെടുക്കാത്തത് ബോർഡ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകി പ്രശ്നം പരിഹരിക്കണമായിരുന്നു. അപകടത്തിന് രണ്ടുദിവസം മുമ്പ് അവിടെ പുതിയ പോസ്റ്റ് സ്ഥാപിക്കണമെന്ന് അസി. എൻജിനിയർ സ്കൂൾ മാനേജരോട് നിർദ്ദേശിച്ചെങ്കിലും ഷെഡിന്റെ ഒരുഭാഗം പൊളിച്ച് പോസ്റ്റിട്ട് ലൈൻ ഉയർത്താനുള്ള നിർദ്ദേശം മാനേജ്മെന്റ് കമ്മിറ്റി ചേർന്ന ശേഷം അറിയിക്കാമെന്നായിരുന്നു മാനേജരുടെ പ്രതികരണമെന്നും മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മിഥുന്റെ കുടുംബത്തിന് ഇതിനിടെ വൈദ്യുതി ബോർഡ് 10 ലക്ഷം രൂപയുടെ സഹായധനം അനുവദിച്ചു. സ്കൂൾ മാനേജ്മെന്റും 10 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. മിഥുന്റെ കുടുംബത്തിന് പുതിയ വീട് വച്ച് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും ഉറപ്പ് നൽകിയിട്ടുണ്ട്.
മിഥുന്റെ മൃതദേഹം സംസ്ക്കരിക്കുന്നതിനു മുമ്പ് മിഥുന്റെ കുടുംബത്തിനുള്ള സഹായധനത്തിന്റെ ചെക്ക് പരസ്യമായി മിഥുന്റെ അനിയന് നൽകിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. കുവൈറ്റിൽ ജോലിചെയ്യുന്ന മിഥുന്റെ മാതാവ് സുജ നാട്ടിലെത്തും മുമ്പായിരുന്നു ഇത്. പ്രക്ഷോഭത്തെ തുടർന്ന് സർക്കാരിന്റെ ചില നടപടികൾക്ക് പ്രതിഷേധത്തെ ശമിപ്പിക്കാനായെങ്കിലും ഒരു കുട്ടിയുടെ ദാരുണ മരണത്തിന്റെ ഉത്തരവാദികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമോ എന്ന സംശയമാണ് അവശേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |