തിരുവനന്തപുരം: സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഓഫീസിലെത്തുന്നത് ഗുരുതരമായ പെരുമാറ്റദൂഷ്യവും ക്രിമിനൽ കുറ്റവുമാണെന്ന് ഉത്തരവിറക്കി വി.സി ഡോ.മോഹനൻ കുന്നുമ്മേൽ. സർവകലാശാലയുടെ സത്പേര് സംരക്ഷിക്കാൻ ശക്തമായ നടപടികൾ വേണ്ടിവരും. ഡോ.അനിൽകുമാർ സസ്പെൻഷനിലാണെന്ന് എല്ലാ ജീവനക്കാരെയും ഉത്തരവിലൂടെ വി.സി അറിയിച്ചു. രജിസ്ട്രാറുടെ ചുമതലകൾ നിർവഹിക്കാൻ അദ്ദേഹം ഈഘട്ടത്തിൽ യോഗ്യനല്ല. ഉത്തരവിറക്കിയ ശേഷവും ഡോ.അനിൽകുമാർ രജിസ്ട്രാറുടെ ചുമതലകൾ നിർവഹിക്കുകയാണെങ്കിൽ അവയെല്ലാം അസാധുവായി മാറും. ജീവനക്കാർ ഡോ.അനിൽകുമാറിന് ഇനി ഫയലുകൾ അയയ്ക്കരുത്. അയച്ചാൽ അത് അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവുമായി കണക്കാക്കി നടപടികളെടുക്കുമെന്നും വി.സി ചൂണ്ടിക്കാട്ടി.
ഡോ.അനിൽകുമാർ അംഗീകരിക്കുന്ന ഫയലുകളിൽ മേൽ നടപടി സ്വീകരിക്കരുതെന്നും ഫയലുകളിൽ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ.മിനി കാപ്പന്റെ അംഗീകാരം ഇല്ലാതെ മേൽ നടപടികൾ സ്വീകരിക്കുന്നത് ഗൗരവപൂർവം കണക്കാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥന്മാർക്കും വി.സി മുന്നറിയിപ്പ് നൽകി.
വി.സിയുടെ ഉത്തരവ് സെക്ഷനുകളിൽ എത്തുന്ന വേളയിലും ഡോ.അനിൽകുമാർ ഓഫീസിലുണ്ടായിരുന്നു.
യൂണിവേഴ്സിറ്റി യൂണിയന്റെ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന് യൂണിയന്റെ അപേക്ഷയിൽ ഡോ.അനിൽകുമാർ നൽകിയ ശുപാർശ വി.സി തള്ളി. വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് ആവശ്യമുള്ളതുകൊണ്ട് ബന്ധപ്പെട്ട ഫയൽ രജിസ്ട്രാറുടെചുമതല വഹിക്കുന്ന ഡോ. മിനി കാപ്പന്റെ ശുപാർശയോടെ അടിയന്തരമായി അയയ്ക്കാൻ വി.സി ഉത്തരവിട്ടു.
ഉടനടി സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യവും വി.സി തള്ളി. സർവ്വകലാശാല സ്റ്റാറ്റ്യൂട്ട് 6 (1) പ്രകാരം രണ്ടുമാസം കൂടുമ്പോഴാണ് യോഗം ചേരേണ്ടത്. വിശേഷാൽ സിൻഡിക്കേറ്റ് യോഗമെന്ന് യൂണിവേഴ്സിറ്റി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല. ജൂലായ് ആറിന് സ്പെഷ്യൽ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. ചട്ടപ്രകാരം ഇനി സെപ്തംബർ ആറിനകം ചേർന്നാൽ മതിയാവും. സസ്പെൻഷൻ അംഗീകരിച്ച് ഡോ.അനിൽകുമാർ മാറിനിന്നാലേ സിൻഡിക്കേറ്റ് വിളിക്കൂ എന്ന നിലപാടിലാണ് വി.സി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |