തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ തിരുവനന്തപുരത്ത് നേരിട്ടെത്തി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ റിപ്പോർട്ട് കെെമാറിയത്. അപകടത്തിൽ രക്ഷാപ്രവർത്തനം വെെകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബിന്ദു മരിച്ചിരുന്നു. ഇതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കളക്ടറോട് ആവശ്യപ്പെട്ടത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സമഗ്ര റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.
ജൂലായ് മൂന്നിനാണ് മെഡിക്കൽ കോളേജിലെ ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടം ഇടിഞ്ഞുവീണത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടന്നതിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അൽപസമയത്തിനകമാണ് മരണം സംഭവിച്ചത്.
തകർന്നുവീണ കെട്ടിടത്തിലെ ടേയ്‌ലറ്റിലേക്ക് പോയ അമ്മ തിരിച്ചുവന്നില്ലെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകൾ പറഞ്ഞു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിശമനസേന ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തിയത്. പുറത്തെടുത്ത ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒർത്തോപീഡിക്സ് സർജറി വിഭാഗമാണ് തകർന്ന കെട്ടിടത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |