
വൈക്കം : ഞങ്ങൾ എന്തുറപ്പിൽ ഇവിടെ ജോലി ചെയ്യും. സുരക്ഷ പേരിന് പോലുമില്ല. സർക്കാർ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുടെ വാക്കുകളിൽ ഭീതി നിറയുകയാണ്. വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിയുമായി എത്തിവരും, എതിർവിഭാഗത്തിലുള്ളവരും മുൻവൈരാഗ്യത്തെ തുടർന്ന് ഏറ്റുമുട്ടിയതോടെയാണ് ആശങ്ക ഇരട്ടിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. ഇരുകൂട്ടരും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും, ജീവനക്കാരും, മറ്റ് രോഗികളുമടക്കം ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘം കടന്നു കളഞ്ഞു. അത്യാഹിത വിഭാഗത്തിന് മുന്നിൽ തുടങ്ങിയ കൂട്ടത്തല്ല് ഒ. പി കൗണ്ടറിന് മുന്നിലാണ് അവസാനിച്ചത്. സംഭവവവുമായി ബന്ധപ്പെട്ട് ആർ.എം.ഒ വൈക്കം പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം തുടങ്ങി. ജില്ലയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ മെഡിക്കൽ കോളേജ് ആശുപത്രി ഒഴികെയുള്ളവിടങ്ങളിൽ രാത്രി ജോലി ആശങ്കാജനകമാണ്. സ്വകാര്യ ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാരുടെയും , സി.സി.ടി.വി ക്യാമറകളുടെയും സംരക്ഷണ വലയമുണ്ടാകാറുണ്ട്.
പൊലീസ് എയ്‌ഡ് പോസ്റ്റുമില്ല
വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപരും, ലഹരിസംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങളുണ്ട്. എന്നിട്ടും പൊലീസ് എയ്ഡ് പോസ്റ്റ് പോലുമില്ല. രാത്രികാലങ്ങളിൽ ഏതാനും പൊലീസുകാർ ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി അതുമില്ല. ശബരിമല ഡ്യൂട്ടിക്കായി പോയെന്നാണ് പറച്ചിൽ. രാത്രിയിൽ കൊണ്ടുവരുന്നതിൽ അപകടമുൾപ്പെടെ മിക്ക സംഭവങ്ങളിലും എത്തുന്ന രോഗികൾ മദ്യ ലഹരിയിലാണെന്ന് ജീവനക്കാർ പറയുന്നു. പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറമാണ് പലപ്പോഴും കാര്യങ്ങൾ. അസഭ്യ വർഷത്തിനടക്കം ജീവനക്കാർ ഇരകളാകുകയാണ്. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്.
ഡോക്ടർമാരുടെ ആവശ്യങ്ങൾ
പൊലീസ് എയ്ഡ് പോസ്റ്റ്
സി.സി.ടിവി ക്യാമറ നിരീക്ഷണം
അക്രമികൾക്കെതിരെ കർശനവകുപ്പ്
അഴിഞ്ഞാടാം, ആരും തൊടില്ല
ആശുപത്രി പരിസരങ്ങൾ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രം
ആശുപത്രി വളപ്പിൽ തന്നെ കിടന്നുറങ്ങുന്നവരും നിരവധി
സി.സി.ടി.വി ക്യാമറകൾ പലയിടത്തും പ്രവർത്തനരഹിതം
ജില്ലാ ആശുപത്രിയിൽ എയ്ഡ് പോസ്റ്റിന് കെട്ടിടം പോലുമില്ല
മെഡി.കോളേജിൽ ഡോക്ടറുടെ ഡ്രൈവർക്ക് കുത്തേറ്റത് അടുത്തിടെ
മദ്യപരും, ക്രിമിനലുകളും ആരോഗ്യപ്രവർത്തകർക്കെതിരെ തിരിയുന്നു
''രാത്രികാലങ്ങളിൽ പ്രത്യേകിച്ച് വനിതാ ഡോക്ടർമാർ കൂടുതൽ സേവനം ചെയ്യുന്ന സർക്കാർ ആശുപത്രികളിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. ആശുപത്രിയിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണം.
-ആരോഗ്യപ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |