കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചു. വനംവകുപ്പാണ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഏഴുവർഷത്തിനു ശേഷമാണ് നടപടി. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്‌തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ തുടർ നടപടകൾ വൈകുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നാണ് മോഹൻലാൽ നൽകിയിരിക്കുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |