ന്യൂഡൽഹി: ലൈംഗികബന്ധത്തിനുള്ള അഭ്യർത്ഥന നിരസിച്ച വിവാഹിതനെ പിന്തുടർന്ന് ശല്യം ചെയ്ത യുവതിക്ക് കോടതിയുടെ സഞ്ചാര വിലക്ക്. രോഹിണി കോടതിയിലെ സിവിൽ ജഡ്ജി രേണു പുറപ്പെടുവിച്ച ഉത്തരവിലാണ് യുവതിക്ക് സഞ്ചാര വിലക്ക് ഏർപ്പെടുത്തിയത്. പരാതിക്കാരന്റെ വീട്ടിൽ നിന്ന് 300 മീറ്റർ പരിധിയിൽ യുവതി വരാൻ പാടില്ലെന്നും സോഷ്യൽ മീഡിയ, ഫോൺ കോൾ എന്നിവയുൾപ്പെടെ ഏതെങ്കിലും മാർഗങ്ങളിലൂടെ പുരുഷന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
2019 ൽ ഒരു ആശ്രമത്തിൽ വച്ചാണ് പരാതിക്കാരനും യുവതിയും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് മൂന്ന് വർഷത്തോളം ഇരുവരും പരിചയത്തിലായിരുന്നു. പിന്നീട് 2022ൽ പുരുഷനോട് യുവതി വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ തന്റെ പ്രായവും വിവാഹിതനാണെന്നുമുള്ള കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ വിവാഹാഭ്യർത്ഥന ഇയാൾ നിരസിക്കുകയായിരുന്നു. കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവതി പരാതിക്കാരനെ നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് യുവതിയുമായുളള എല്ലാ ബന്ധം ഇയാൾ അവസാനിപ്പിച്ചത്.
എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതി പുരുഷനെയും അദ്ദേഹത്തിന്റെ കുട്ടികളെയും പിന്തുടർന്ന് ശല്യം ചെയ്യുന്നത് തുടർന്നു. ക്ഷണിക്കപ്പെടാതെ വീട്ടിലേക്ക് വരികയും ലൈംഗിക ബന്ധത്തിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ശാരീരിക ബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യുവതിയുടെ പെരുമാറ്റം പുരുഷന്റെ മൗലികാവകാശങ്ങളെ ലംഘിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രവൃത്തികൾ വാദിയെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടെന്നും സമാധാനപരമായി ജീവിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള അവകാശങ്ങളെ ലംഘിക്കുന്നുണ്ടെന്നും ജഡ്ജി രേണു ചൂണ്ടിക്കാട്ടി. കൂടുതൽ ഉപദ്രവം തടയുന്നതിനും പുരുഷന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് കോടതി യുവതിയുടെ സഞ്ചാരം വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |