SignIn
Kerala Kaumudi Online
Saturday, 02 August 2025 12.40 AM IST

സോഫ്ട്‌വെയറിന്റെ 'ട്രാഫിക് ചതി'

Increase Font Size Decrease Font Size Print Page
mvd

ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടച്ചശേഷവും വാഹന ഉടമകൾ വീണ്ടും പിഴ നൽകേണ്ടിവരുന്ന സംഭവങ്ങൾ വ്യാപകമാകുന്നതായി ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സോഫ്‌ട്‌വെയറിന്റെ ചതിയാണെന്നാണ് പ്രാഥമിക നിഗമനം. പിഴത്തുക സ്വീകരിക്കുന്ന 'ഇ- ചെല്ലാൻ" കോടതിയുടെ വെർച്വൽ കോർട്ട്, മോട്ടോർ വാഹന വകുപ്പിന്റെ പരിവഹൻ എന്നീ സോഫ്‌ട് വെയറുകൾ തമ്മിൽ ഏകോപിപ്പിക്കുന്നതിലുണ്ടായ പാളിച്ചയാണ് ഈ പിഴവിന് കാരണമത്രെ. എന്തായാലും ഒരു കുറ്റത്തിന് ഇരട്ടപ്പിഴ പാടില്ല. ഇപ്പോൾ പൊതുവെ അരങ്ങേറുന്ന സൈബർ തട്ടിപ്പുകളുടെ ഭാഗമാണോ ഇതെന്നും സംശയമുണ്ട്. ആദ്യം ഓൺലൈനായി പിഴ ഒടുക്കിയവർക്കാണ് വെർച്വൽ കോടതി വക നോട്ടീസ് വീണ്ടും വരുന്നത്. ഫിറ്റ്‌നെസ്, പെർമിറ്റ് എന്നിവ പുതുക്കാത്തതിനാണ് മിക്ക വാഹന ഉടമകളും പിഴ കുടിശിക അടയ്ക്കാറുള്ളത്. എന്നാൽ രണ്ടുതരം പിഴ വന്നത് അവരെ വലച്ചുവെന്നു മാത്രമല്ല, ആദ്യം അടച്ച തുക കൃത്യമായി രേഖപ്പെടുത്താത്തതുമൂലം തുടർ സേവനങ്ങൾ തടസപ്പെടുകയും ചെയ്യുന്നു.

പരിവഹൻ സൈറ്റ് നേരത്തേ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആ സമയത്തുണ്ടായ പിഴവാണോ കാരണമെന്നും കരുതുന്നുണ്ട്. എന്തായാലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സാങ്കേതിക സൗകര്യങ്ങൾ പുരോഗമിക്കുമ്പോൾ അതിന്റെ പ്രയോജനം ജനസേവന കാര്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് വളരെ നല്ലതാണ്. എല്ലാം കാര്യക്ഷമമായി വേഗത്തിൽ ഇതിലൂടെ നടക്കുമെന്നാണ് നമ്മൾ ചിന്തിക്കുക. എന്നാൽ അത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്ട്‌വെയർ ചതിച്ചാൽ ബുദ്ധിമുട്ടിലാകുന്നത് വാഹന ഉടമകളായിരിക്കും. ആദ്യം ഓൺലൈനായി പിഴത്തുക അടച്ചതിന്റെ രസീത് ഹാജരാക്കിയാൽ തുടർനടപടികൾ ഒഴിവാക്കി നൽകാമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞിട്ടുണ്ട്. പക്ഷേ രസീത് സൂക്ഷിച്ചുവയ്ക്കുന്നവരുടെ കാര്യത്തിൽ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂ.

ഔദ്യോഗിക സംവിധാനത്തിലൂടെ പണം അടച്ചവർ വീണ്ടും പുലിവാൽ പിടിക്കാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം ഗതാഗത വകുപ്പിനു തന്നെയാണ്. അതുകൊണ്ടുതന്നെ പരിഹാരമാർഗവും വകുപ്പുതന്നെ കണ്ടെത്തണം. വാഹന പരിശോധന, മദ്യപിച്ച് വാഹനമോടിച്ചോയെന്ന പരിശോധന ഇവയൊക്കെ മോട്ടോർ വാഹനവകുപ്പ് നടത്തിവരുന്നുണ്ട്. അടുത്തിടെയാണ് 'ചക്കപ്പഴം കഴിച്ചവരും, ഗ്രാമ്പു വെള്ളം കുടിച്ചവരും വകുപ്പ്" ഉദ്യോഗസ്ഥന്മാരുടെ ബ്രത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയത്. നിലവാരമുള്ള സാങ്കേതിക ഉപകരണങ്ങൾ ജീവനക്കാർക്ക് നൽകാതെ അവരെ അപഹാസ്യരാക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇവിടെയും സംഭവിച്ചത് അതാണ്. മികച്ച സോഫ്ട്‌വെയർ സംവിധാനം ഏർപ്പെടുത്തേണ്ടയിടത്ത് പാളിച്ചകൾ സംഭവിച്ചതിനാലാണല്ലോ വാഹന ഉടമകൾ ഇരട്ടപ്പിഴയെന്ന അവസ്ഥ നേരിടേണ്ടിവന്നത്.

കെ.എസ്.ആർ.ടി.സിയിൽ നൂതനമായ പരിഷ്കാരങ്ങൾ വരുത്തി വരുമാനം വർദ്ധിപ്പിക്കുന്നതിൽ ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാർ മികവുറ്റ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നടപടികളിലും മന്ത്രിയുടെ ഒരു കണ്ണു പതിയുന്നത് നന്നായിരിക്കും. ട്രാഫിക് നിയമ ലംഘനത്തിന് പിഴ അടയ്ക്കുന്നവർ പലയിടങ്ങളിലും കുഴികൾ നിറഞ്ഞ റോഡിനെ ശപിക്കാറുണ്ട്. രാജ്യാന്തര നിലവാരത്തിൽ ആയില്ലെങ്കിലും മനുഷ്യരെ കൊല്ലാത്ത റോഡുകൾ ഉണ്ടായാൽ മതിയെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. എൻജിനീയർമാർ റോഡുകൾ പതിവായി പരിശോധിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയാണ് ഇതിനെല്ലാം കാരണമാകുന്നത്. പൊതുവെ കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ടുവരുമ്പോഴാണ് ഉദ്യോഗസ്ഥ വിഭാഗത്തിന്റെ പ്രവർത്തന വൈകല്യം പരാതികൾക്കിടയാക്കുന്നത്. എല്ലാ സാങ്കേതിക വിദ്യയും ഭരണ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകണം. സോഫ്‌ട്‌വെയറിലെ പിഴവെന്നു പറഞ്ഞ് തടിതപ്പാതെ സേവനം ഫലപ്രദമാക്കാനാണ് അധികൃതർ ശ്രമിക്കേണ്ടത്.

TAGS: MVD, FINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.