തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനത്തിന് നിശ്ചിത സമയത്തിനകം ഓൺലൈനായി പിഴയൊടുക്കിയതിന് പിന്നാലെ അതേ കുറ്റത്തിന് വീണ്ടും പിഴ നോട്ടീസ് ഇ കോടതി മുഖേന വാഹന ഉടമയെ തേടിയെത്തുന്ന പരാതിക്ക് പരിഹാരമാകുന്നു.
ഈ പ്രശ്നത്തിന് കാരണമായ സോഫ്ട്‌വെയർ തകരാർ ഇന്നലെ ഭാഗികമായി പരിഹരിച്ചു. പിഴ തുക സ്വീകരിക്കുന്ന 'ഇ ചെല്ലാൻ', ഇ കോടതി (വെർച്ച്വൽകോർട്ട്), മോട്ടോർ വാഹന വകുപ്പിന്റെ പരിവഹൻ എന്നീ സോഫ്റ്റ്‌വെയറുകൾ തമ്മിലുള്ള ഏകോപനത്തിലുണ്ടായ പാളിച്ചയാണ് ഇരട്ടിപ്പിഴയിലേക്ക് കാര്യങ്ങളെത്തിച്ചത്.ഇ ചെല്ലാൻ' വഴി പിഴ അടച്ചാലും ആ വിവരം ഇ കോടതിയുടെ സോഫ്ട്‌വെയറിലേക്ക് പോയിരുന്നില്ല. പിഴ 'ലൈവാ'യി നിലനിൽക്കുന്നുവെന്ന് കാണിക്കുന്നതിനാൽ വാഹൻ സൈറ്റിലൂടെ സേവനങ്ങൾ ലഭിക്കാത്തത് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇ ചെല്ലാന്റെയും ഇ കോടതിയുടേയും സോഫ്ട്‌വെയറുകൾ എൻ.ഐ.സിയുടേതാണ്. മോട്ടോർ വാഹനവകുപ്പ് വിവരം എൻ.ഐ.സിയെ അറിയിച്ചു. ഇന്നലെ മുതൽ ഇ ചെല്ലാനിൽ അടച്ച പിഴകളിൽ ആവർത്തനമുണ്ടായിട്ടില്ല. നിലവിൽ ഇ കോർട്ടിൽ വന്നിട്ടുളള പിഴ നോട്ടീസുകളിൽ ഇ ചെല്ലാൻ വഴി അടച്ചവയെല്ലാം ഒഴിവാക്കിത്തുടങ്ങി.പിഴ ഒടുക്കിയ രസീതുമായി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ എത്തുന്നവരുടെ പിഴ ഇ കോർട്ടിലും ഉണ്ടെങ്കിൽ അതെല്ലാം ഒഴിവാക്കി പരിവഹൻ വഴിയുള്ള സേവനം ഉറപ്പാക്കണമെന്ന നിർദ്ദേശം ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു നൽകി.
പരിവാഹൻ സൈറ്റ് 2021ൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആ സമയത്തുണ്ടായ ഡേറ്റാ ചോർച്ചയെ കുറിച്ച് കേന്ദ്രമോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഹാക്കിംഗ് കണ്ടെത്തി പരിഹരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |