തിരുവനന്തപുരം: ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ കേക്ക് വിളമ്പുകയും വടക്കേ ഇന്ത്യയിൽ കൈകൾക്ക് വിലങ്ങിടുകയും മർദ്ദിക്കുകയും ചെയ്യുന്ന ബിജെപി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം മുഖപത്രത്തിൽ വന്ന ലേഖനത്തിലാണ് ഗോവിന്ദൻ ബിജെപിയെ വിമർശിച്ചത്.
ക്രിസ്ത്യാനികളോടുള്ള പാർട്ടിയുടെ ആത്മാർത്ഥതയെ ഗോവിന്ദൻ ലേഖനത്തിലൂടെ ചോദ്യം ചെയ്തു. പ്രീത മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോർജ് കുര്യന്റെ നിയമനം ക്രിസ്ത്യാനികളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും, കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും ചൂണ്ടിക്കാട്ടി ഗോവിന്ദൻ വിമർശിച്ചത്. ജോർജ് കുര്യൻ പരാമർശിച്ച നിയമത്തെ ഗോവിന്ദൻ ചോദ്യം ചെയ്തു. ഗോൾവാൾക്കറുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാകാമെന്ന സൂചനയും അദ്ദേഹം നൽകി.
ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർ മരിച്ചാൽ മറവു ചെയ്യാൻ പോലും അനുവദിക്കാത്ത വിധം സാമൂഹ്യാന്തരീക്ഷം കലുഷിതമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശവം മറവു ചെയ്യണമെങ്കിൽ മതം മാറണം എന്നതുൾപ്പെയുള്ള ഭീതിജനകമായ കൽപ്പനകളാണ് ഹിന്ദുത്വവാദികൾ നടത്തുന്നത്. മതപരിവർത്തനം ഉൾപ്പെടെയുള്ള വാർത്തകളാണ് ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ ഉള്ള സ്ഥലങ്ങളിൽ കേൾക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്ത് വസ്ത്രം ധരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും എങ്ങനെ മൃതദേഹം സംസ്കരിക്കണമെന്നും ഹിന്ദുത്വവാദികൾ നിശ്ചയിക്കുന്നത് ഭീതിജനകമാണ്. ഇവരെ നിയന്ത്രിക്കേണ്ട പൊലീസ് ആക്രമികൾക്കൊപ്പം ചേർന്ന് ഇരകളെ വേട്ടയാടുന്നു', എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ സിസ്റ്റർമാരുടെ മോചനത്തിന് എന്തുചെയ്തു? നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ജോർജ് കുര്യൻ പറയുന്നത്. ഏത് നിയമത്തെക്കുറിച്ചാണ് ജോർജ് കുര്യൻ പറയുന്നത്? ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞുവെച്ചതാണോ കുര്യന് നിയമം എന്നാണ് തന്റെ ലേഖനത്തിലൂടെ എംവി ഗോവിന്ദൻ ചോദിക്കുന്നത്. ഇന്ത്യയിലെ ക്രിസ്ത്യാനികളോടുള്ള ബിജെപിയുടെ ഇരട്ടത്താപ്പിനെ കത്തോലിക്കാ സഭയും വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |