തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് യോജിച്ചും സഹകരിച്ചും നീങ്ങണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ആർ.വി.ആർലേക്കർ സർക്കാരിന് കത്തു നൽകും. യു.ജി.സി മാനദണ്ഡപ്രകാരം ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്നും, ചാൻസലർ രൂപീകരിച്ച സെർച്ച്കമ്മിറ്റികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും സ്റ്റേ നീക്കിയെടുക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടും. മന്ത്രി ആർ.ബിന്ദുവിനെയും പ്രിൻസിപ്പൽ സെക്രട്ടറിയെയും വിളിച്ചുവരുത്തി നേരിട്ടറിയിക്കാനും സാദ്ധ്യതയുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടൻ താത്കാലിക വി.സിമാരായ ഡോ.സിസാതോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (സാങ്കേതികം) എന്നിവരെ വീണ്ടും നിയമിച്ച് വിജ്ഞാപനമിറക്കും. രണ്ടിടത്തും സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. ഇതിനാണ് സർക്കാരിന്റെ സഹകരണം ഗവർണർ തേടുന്നത്.
സാങ്കേതിക സർവകലാശാല ആക്ട് പ്രകാരം വി.സി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിക്കുപകരം എ.ഐ.സി.ടി.ഇ പ്രതിനിധിയാണ്. സർക്കാരുമായി ബന്ധമുള്ള ആരും പാടില്ലെന്നിരിക്കെ, ചീഫ്സെക്രട്ടറി കമ്മിറ്റിയംഗമാണ്. യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണിത്.
അതിനാൽ, യു.ജി.സി ചട്ടപ്രകാരമുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇതിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ അനുവദിക്കുകയാണ് വേണ്ടതെന്നും ഗവർണർ സർക്കാരിനെ അറിയിക്കും. യു.ജി.സി മാനദണ്ഡങ്ങൾക്കനുസരിച്ച് സർവകലാശാല ആക്ട് ഭേദഗതിചെയ്യണമെന്ന് യു.ജി.സി ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് യു.ജി.സി, ചാൻസലർ, എ.ഐ.സി.ടി.ഇ പ്രതിനിധികളടങ്ങിയ സെർച്ച്കമ്മിറ്റി കഴിഞ്ഞവർഷം ജൂലായിൽ ഗവർണർ രൂപീകരിച്ചിരുന്നു. ഇതിന് ബദലായി സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, രണ്ടു സർക്കാർ പ്രതിനിധികൾ എന്നിവരുടെ സമിതി സർക്കാരും രൂപീകരിച്ചിരുന്നു. ഗവർണറുടെ സെർച്ച്കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
എന്നാൽ, സർക്കാർ സെർച്ച്കമ്മിറ്റി രൂപീകരണത്തിന് അടിസ്ഥാനമാക്കിയ, നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബില്ലിന് അടുത്തിടെ രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു. അതിനാൽ, ഇതുപ്രകാരമുള്ള നടപടികൾ ഇനി അസാദ്ധ്യമാണ്. ഡിജിറ്റൽ സർവകലാശാലയിൽ സെർച്ച്കമ്മിറ്റി നിലവിലില്ല.
സമവായം തള്ളിയത്
ഗവർണറെന്ന് സർക്കാർ
ഡിജിറ്റൽ, സാങ്കേതിക വി.സിമാർക്ക് തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് കിട്ടിയശേഷം തുടർനടപടികളുണ്ടാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. വി.സി നിയമനത്തിൽ സമവായ സാദ്ധ്യത തേടി മുഖ്യമന്ത്രിയും മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും ഗവർണറെ കണ്ടിരുന്നു. സമവായത്തിന് സന്നദ്ധനല്ലാത്തതിനാലാണ് ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സ്ഥിരം വി.സി നിയമനത്തിന് ഗവർണർ മുന്നോട്ടുവന്നാൽ അതനുസരിച്ച് പ്രതികരിക്കാമെന്നാണ് സർക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |