കൊച്ചി: ആലപ്പുഴ കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി. നിലവിൽ പ്രവർത്തിക്കുന്ന നാല് പമ്പുകൾക്ക് പുറമേ, അഞ്ച് മോട്ടോറുകൾ കൂടിയെത്തിച്ച് വെള്ളം പമ്പു ചെയ്ത് നീക്കാനും കോടതി കൈനകരി പരുത്തിവളവ് പാടശേഖരസമിതിക്ക് നിർദ്ദേശം നൽകി. ബണ്ട് തകർന്നതിനെ തുടർന്ന് മേയ് 29 മുതൽ വെള്ളക്കെട്ടിലായ സ്കൂളിന്റെ ദുരവസ്ഥ വിവരിച്ച് പ്രിൻസിപ്പൽ ബി.ആർ. ബിന്ദു അയച്ച കത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേരളകൗമുദി സ്കൂളിലെ വെള്ളക്കെട്ട് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കോടതി നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ 28ന് വിളിച്ച സംയുക്ത യോഗത്തിലാണ് കൂടുതൽ പമ്പുകൾ എത്തിക്കാൻ തീരുമാനിച്ചത്. ബണ്ടിലെ ചോർച്ചകൾ തടയാൻ മണൽചാക്കുകൾ വിരിക്കാനും വെള്ളം വറ്റിച്ച ശേഷം അണുനശീകരണം നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴും സ്കൂൾ വെള്ളക്കെട്ടിലാണെന്നും ക്ലാസുകൾ ഭാഗികമായാണ് നടക്കുന്നതെന്നും അമിക്കസ് ക്യൂറിയും 'കെൽസ"യും അറിയിച്ചു. തുടർന്നാണ് യോഗ തീരുമാനങ്ങൾ എത്രയും വേഗം നടപ്പാക്കാനും കളക്ടർ മേൽനോട്ടം വഹിക്കാനും കോടതി നിർദ്ദേശിച്ചത്. എത്ര അദ്ധ്യയന ദിനങ്ങൾ നഷ്ടമായി, വെള്ളപ്പൊക്കം പ്രദേശത്തെ മറ്റ് വിദ്യാലയങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ ഡി.ഡി.ഇ റിപ്പോർട്ട് സമർപ്പിക്കണം. ദീർഘകാല പരിഹാരം കാണുന്നതിന് കളക്ടർ മറ്റൊരു യോഗം കൂടി വിളിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹർജി വീണ്ടും 11ന് പരിഗണിക്കും.
10 ദിവസം വേണമെന്ന് സർക്കാർ
കുട്ടമംഗലം സ്കൂൾ ഉൾപ്പെടുന്ന കൈനകരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പത്തുദിവസത്തെ പമ്പിംഗ് വേണ്ടിവരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കാലാവസ്ഥ കൂടി കണക്കിലെടുത്ത് വേണം പ്രവർത്തനങ്ങളെന്നും സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |