തിരുവനന്തപുരം: കരസേനയുടെ ദക്ഷിണ മേഖല കമാൻഡിംഗ് ജനറൽ ഓഫീസറായി ലെഫ്റ്റനന്റ് ജനറൽ വി ശ്രീഹരി ചെന്നൈയിൽ ചുമതലയേറ്റു. തമിഴ്നാട്, കർണാടക, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ദക്ഷിണ ഭാരത മേഖല.
മലപ്പുറം നടുവത്ത് വില്ലേജ് വണ്ടൂർ കരയിലെ മാമ്പുരക്കൽ പരേതനായ പെറ്റി ഓഫീസർ എം.വേലായുധൻ നായരുടെയും (അപ്പുണ്ണി) സുലോചന നായരുടെയും മകനാണ്. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ, തെക്കൻ ഭാഗങ്ങളിലും വിദേശത്തുള്ള യുഎൻ ദൗത്യത്തിലും പ്രവർത്തിച്ചു. ഓപ്പറേഷൻ രക്ഷക്കിൽ പാരാ സ്പെഷ്യൽ ഫോഴ്സ് ബറ്റാലിയൻ, സിയാച്ചിൻ ഗ്ലേസിയറിലെ ബേസ് ക്യാമ്പ്, സ്ട്രൈക്ക് കോർപ്സിലെ ഇൻഫൻട്രി ബ്രിഗേഡ്, വടക്കുകിഴക്കൻ മേഖലയിലെ മൗണ്ടൻ ഡിവിഷൻ എന്നിവയുടെ കമാൻഡറായിരുന്നു. കോംഗോയിലെ ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യത്തിലെ സ്റ്റാഫ് ഓഫീസറും ജനറൽ സ്റ്റാഫ് ഓഫീസറുമായിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിലും ഉസ്മാനിയ സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് സ്റ്റഡീസിലും ബിരുദാനന്തര ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് എംഫില്ലും നേടി.
1998ൽ ശൗര്യചക്ര, 2021 ൽ 31 ആർആർ (കമാൻഡോ) സേന മെഡൽ (വിശിഷ്ട സേവനങ്ങൾ), 2023 ൽ അതി വിശിഷ്ട് സേവാ മെഡൽ എന്നിവ ലഭിച്ചു. 2009ൽ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി കമൻഡേഷൻ കാർഡും 2013ൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡും ലഭിച്ചു. ഭാര്യ ഉമാ ശ്രീഹരി മുവാറ്റുപുഴ മാറാടി വാളാനിക്കാട്ടു സുശീലയുടെയും കാവുംങ്കര കീച്ചേരിൽ ബാലകൃഷ്ണൻ നായരുടെയും മകളാണ്. പുതുച്ചേരിയിൽ ജോലി ചെയ്യുന്ന വേദിക ശ്രീഹരിയാണ് മകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |