തൊടുപുഴ: സ്ഥലപരിമിതിയുള്ള നഗരവാസികൾക്ക് അത്യാവശ്യം വേണ്ട പച്ചക്കറികൾ കൃഷി ചെയ്യാൻ പറ്റുന്നയിടമാണ് മട്ടുപ്പാവെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥയായ സിന്ധുവിന് അത് നൂറുമേനി വിളയുന്ന കൃഷിയിടമാണ്. തൊടുപുഴ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്ത കരോട്ട്മഠം വീടിന് മുകളിലെ 3000 ച. അടി വരുന്ന മട്ടുപ്പാവിൽ ഈ 47 കാരി കൃഷി ചെയ്യാത്തതായി ഒന്നുമില്ല. ഭൗമസൂചിക പദവി ലഭിച്ച ഇടയൂർ മുളക് മുതൽ ക്യാരറ്റ് വരെയുണ്ട് ഇക്കൂട്ടത്തിൽ. 15 വർഷങ്ങൾക്ക് മുമ്പ് ഒരു ചട്ടി കുറ്റിമുല്ലയിൽ തുടങ്ങിയ പരീക്ഷണമാണ് ഇന്ന് ഹരിത വസന്തം തീർത്തിരിക്കുന്നത്.
ഇതിൽ പൂക്കൾ, പച്ചക്കറികൾ, ഫലവൃഷത്തൈകൾ തുടങ്ങി കർക്കടക മാസത്തിൽ കഴിക്കുന്ന പത്തില വരെയുണ്ട്. ഗ്രോ ബാഗിലുള്ള കൃഷിയിൽ ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ഫല വൃക്ഷങ്ങൾ നടാൻ കട്ടിയുള്ള ജാർ ഉപയോഗിക്കും. കേരള ബാങ്ക് തൊടുപുഴ ശാഖയിലെ അക്കൗണ്ടന്റായ സിന്ധു ദിവസവും രണ്ട് മണിക്കൂറെങ്കിലും കൃഷി പരിപാലനത്തിനായി ചെലവഴിക്കും. വീട്ടാവശ്യത്തിന് ശേഷമുള്ള പച്ചക്കറി സൂപ്പർ മാർക്കറ്റ് വഴി വിൽക്കും. വില നിശ്ചയിക്കുന്നതും സിന്ധുവാണ്. വിപണിയിലെ വിഷമയമായ പച്ചക്കറികളും പഴങ്ങളും വിലനോക്കാതെ വാങ്ങുന്നവർ തന്റെ ജൈവ ഉത്പന്നങ്ങൾക്ക് വില പേശാൻ ശ്രമിച്ചാൽ സിന്ധു അംഗീകരിക്കില്ല. ജോലിത്തിരക്കിനിടയിലും കൃഷിയെപ്പറ്റി പഠിക്കാൻ വിവിധ കാർഷിക പരിപാടികളിലും സിന്ധു സജീവമാണ്. സിന്ധുവിന് പൂർണ പിന്തുണയുമായി ഭർത്താവ് കെ. ജയശങ്കറും വിദ്യാർത്ഥികളായ മക്കൾ ആര്യയും അപർണയുമുണ്ട്. നഗരസഭയുടെ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള പുരസ്‌കാരവും 2016ലെ കാർഷിക മേളയിൽ മികച്ച അടുക്കളത്തോട്ടത്തിനുള്ള സമ്മാനവും ലഭിച്ചിട്ടുണ്ട്.
മട്ടുപ്പാവിൽ
വിളഞ്ഞത്
ഇടയൂർ മുളക്, തിരുവനന്തപുരത്തെ തൊണ്ടൻ മുളക്, മാട്ടുക്കുളം വഴുതന, മലബാറിലെ വേങ്ങേരി വഴുതന, അഗത്തി ചീര, ബാത്തങ്കര ചീര, ക്യാരറ്ര്, പയർ, ആകാശവെള്ളരി, ക്യാബേജ്, അടതാപ്പ്, ഹെവനോര, കാന്താരിമുളക്, പേര, അമ്പഴം, ബർ ആപ്പിൾ, വെള്ള ഞാവൽ, ചൈനീസ് ഓറഞ്ച്, കരിമ്പ്, ആപ്പിൾ ചെറി, കശുമാവ്, ഇഞ്ചി, മഞ്ഞൾ, കൂർക്ക, കറിവേപ്പില
''വിഷരഹിതമായ പച്ചക്കറിയും പഴങ്ങളും ഉപയോഗിക്കണമെന്ന ആഗ്രഹമാണ് മട്ടുപ്പാവിൽ കൃഷി ചെയ്യാൻ കാരണം. സ്ഥല പരിമിതിയുള്ളതിനാലാണ് കൃഷി വിപുലമാക്കാത്തത്. ലാഭമല്ല, മാനസിക സംതൃപ്തിയാണ് പ്രധാനം""
-എം. സിന്ധു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |