അബുദാബി: പ്രവാസികൾക്കുൾപ്പെടെ പ്രതിസന്ധി തീർത്ത് യുഎഇയിലെ താപനില ഇക്കൊല്ലത്തെ ഉയർന്ന നിലയിലെത്തി. ഇന്നലെ രാജ്യത്ത് താപനില 51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യുഎഇയിൽ വേനൽ ഉച്ചസ്ഥായിയിലെത്തുന്നതിന് മുൻപുതന്നെ കഴിഞ്ഞ മേയിൽ സ്വീഹാനിൽ 51.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും ചൂടേറിയ കാലയളവായി വിലയിരുത്തുന്ന 'അൽ മിർസം' എത്തുന്നതോടെ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിക്കുന്നത്. ജൂലായ് 29 മുതൽ ഓഗസ്റ്റ് പത്തുവരെയാണ് അൽ മിർസം കാലയളവ്. ഇതുവരെയും യുഎഇയിൽ താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താപനിലയ്ക്കൊപ്പം 'സാമും' എന്നറിയപ്പെടുന്ന ശക്തമായ വേനൽ കാറ്റും ഉണ്ടാവും. തീവ്രമായ വരണ്ട ഉഷ്ണതരംഗങ്ങൾ മേഖലയിൽ ആഞ്ഞടിക്കുമെന്നതിനാൽ ഈ കാലയളവ് 'വഖ്രത്-അൽ-ഖായിസ്' എന്നും അറിയപ്പെടുന്നു.
ചൂട് ഉയർന്നുനിൽക്കുന്ന സമയങ്ങളിൽ പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പകൽ സമയങ്ങളിൽ തണുപ്പുള്ള സ്ഥലങ്ങളിൽ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ രാജ്യത്തെ ചില മേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലെ കാലാവസ്ഥാ വ്യതിയാനം ഈ അൽ മിർസം കാലയളവിൽ സാധാരണമാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധൻ ഡോ. അഹ്മദ് ഹബീബ് വ്യക്തമാക്കി. കിഴക്കുനിന്ന് നീങ്ങുന്ന ന്യൂനമർദ്ദം, അറേബ്യൻ കടലിൽ നിന്നുള്ള ഈർപ്പമുള്ള വായു, ഇന്റർട്രോപ്പിക്കൽ കൺവെർജൻസ് സോണിന്റെ വടക്കോട്ടുള്ള ഗതിമാറ്റം തുടങ്ങിയവയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളെന്നും വിലയിരുത്തപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |