താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ പാരയും കുതികാൽവെട്ടും പതിവാണ്. ഭരണസമിതി നിലവിൽ വന്നാലും സിനിമാക്കൂട്ടത്തെ അച്ചടക്കത്തോടെ നയിക്കാൻ തലപ്പത്തുള്ളവർ അസാമാന്യ മെയ്‌വഴക്കം കാട്ടേണ്ടിവരുമെന്നതും കണ്ടറിഞ്ഞതാണ്. ഏറെ നാൾ നാഥനില്ലാ കളരിയായിക്കിടന്ന ശേഷം 'അമ്മ'യുടെ അടുത്ത തിരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന് നടക്കാനിരിക്കുകയാണ്. മുമ്പില്ലാത്ത വിധം അധാർമ്മിക തലത്തിലാണ് തിരഞ്ഞടുപ്പ് അടുക്കുംതോറും കാര്യങ്ങളുടെ പോക്ക്. ആഗസ്റ്റ് 14ന് നടക്കാനിരിക്കുന്ന, നിർമ്മാതാക്കളുടെ സംഘടനയുടെ തിരഞ്ഞെടുപ്പും ഇതിനോടകം വിവാദത്തിലായിട്ടുണ്ട്.
'അമ്മ'യിൽ കൂട്ടരാജിയുണ്ടായത് കഴിഞ്ഞവർഷം ആഗസ്റ്റിലാണ്. പവർ ഗ്രൂപ്പുകൾ ലൈംഗികാപവാദത്തിൽ വീണതാണ് സംഘടനയെ അന്ന് കേട്ടുകേൾവിയില്ലാത്ത പ്രതിസന്ധിയിലാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് പുറത്തുവന്ന വിവരങ്ങളും പിന്നാലെ വന്ന പരാതികളുമാണ് പുകിലുണ്ടാക്കിയത്. ജനറൽ സെക്രട്ടറി സിദ്ദിഖും ദീർഘനാൾ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവും കുടുങ്ങി. ഹേമ റിപ്പോർട്ടിൽ ഇനി പുറത്തുവരാനിരിക്കുന്നത് എന്തെല്ലാമെന്ന ആശങ്ക അന്ന് ശക്തമായി. ഇതിന്റെ മറവിൽ കള്ളക്കേസുകൾ വരുമെന്ന ഭീതിയും ഉണ്ടായി. തുടർന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കം അസ്തപ്രജ്ഞരായി.
പീഡന പരാതികളുടെ പ്രവാഹം കണ്ട് കടുത്ത സമ്മർദ്ദത്തിലായ 'അമ്മ' ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കുകയായിരുന്നു. എങ്കിലും ഭാരവാഹികൾ അഡ്‌ഹോക് കമ്മിറ്റിയായി തുടർന്നു. രണ്ടു മാസത്തിനകം തിരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ജഗദീഷിന്റെ നേതൃത്വത്തിൽ ഒരു കുറുമുന്നണി രൂപപ്പെടുകയും ചെയ്തു. എന്നാൽ കൂട്ടരാജിയുടെ വാർഷികമാകാറായപ്പോഴാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. അതാകട്ടെ, മുമ്പെങ്ങുമില്ലാത്ത വിധം വിഭാഗീയ പ്രശ്‌നങ്ങളുടെ നടുവിലുമാണ്.
'ആരോപണ വിധേയനെച്ചൊല്ലി'
'അമ്മ' തിരഞ്ഞെടുപ്പിന് ഓരോ താക്കോൽ സ്ഥാനത്തേക്കും പത്രികകളുടെ പ്രവാഹമായിരുന്നു. പ്രധാന പദവികളിൽ ഇക്കുറി വനിതകൾ വരണമെന്നു പലരും താത്പര്യപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും പത്രിക നൽകി. ഇതേക്കുറിച്ചൊന്നും ആരും പരസ്യ വിമർശനം ഉന്നയിച്ചില്ല. വനിതകൾ നയിക്കട്ടേയെന്ന നിലപാടിൽ ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. എന്നാൽ ജനറൽ സെക്രട്ടറിയായി മത്സരിക്കാൻ ബാബുരാജ് തുനിഞ്ഞത് പൊട്ടിത്തെറിയുണ്ടാക്കി. പീഡന വിഷയങ്ങളിലടക്കം ആരോപണ വിധേയനാണ് ബാബുരാജ്. ആരോപണ വിധേയർ മത്സരത്തിൽ നിന്ന് മാറിനിൽക്കണമെന്ന് 'അമ്മ' നിയമാവലിയിലുണ്ട്. ഇക്കാര്യത്തിൽ താരങ്ങൾ പല തട്ടിലായി. ആരോപണ വിധേയർ മാറി നിൽക്കുന്ന രീതി രാഷ്ട്രീയ രംഗത്ത് പോലുമില്ലെന്നും കോടതിയാണ് കുറ്റക്കാരെന്ന് വിധിക്കേണ്ടതെന്നും മത്സരാർത്ഥികൂടിയായ അൻസിബ ഹസൻ തുറന്നടിച്ചു. ബാബുരാജിന്റെ 'സിൽബന്തി'യായ അൻസിബയുടെ വാക്കുകൾ ഞെട്ടിച്ചുവെന്ന് പറഞ്ഞ് നടൻ അനൂപ് ചന്ദ്രൻ വീഡിയോ പോസ്റ്റ് ചെയ്തു. ബാബുരാജിന് വേണ്ടി ബൈലാ തിരുത്തുന്നത് അധാർമ്മികമാണെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. സംഘടനയ്ക്ക് സ്‌പോൺസർഷിപ്പ് കണ്ടെത്തിയത് യോഗ്യതയല്ലെന്നും പ്രതികരിച്ചു. ബാബുരാജ് മാറി നിൽക്കണമെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി വിജയ് ബാബു പറഞ്ഞു. മാല പാർവതിയും ബാബുരാജിനെതിരേ പറഞ്ഞപ്പോൾ ഉഷ ഹസീന അദ്ദേഹത്തെ പിൻതുണച്ചു. നയിക്കാൻ വനിതകൾക്ക് അവസരം നൽകണമെന്ന പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാറും നയം വ്യക്തമാക്കി.
നിർണായക വേളയിലാണ് ഒരു നാലാംകിട കളി ഉണ്ടായത്. ബാബുരാജിനെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി സോളാർ കേസ് പ്രതി സരിത എസ്.നായർ രംഗത്തുവന്നു. തന്റെ ചികിത്സയ്ക്കായി മോഹൻലാൽ കൊടുത്തു വിട്ട പണം അടിച്ചുമാറ്റിയ ചതിയനാണ് ബാബുരാജ് എന്നായിരുന്നു ആരോപണം. സംഘടനയുടെ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന മോഹൻലാലിനെ ഇങ്ങനെയൊരു വിവാദത്തിലേക്ക് വലിച്ചിഴച്ചതോടെ ബാബുരാജും സമ്മർദ്ദത്തിലായി. പത്രിക പിൻവലിക്കുകയും ചെയ്തു. അതിനിടെ അമിത് ചക്കാലയ്ക്കൽ അടക്കം നാലുപേർക്ക് അഡ്ഹോക് കമ്മിറ്റി അനധികൃതമായി അംഗത്വം നൽകിയ വിവരം പുറത്തുവന്നു. ഐ.എം. വിജയനടക്കം ചിലരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് അപ്രത്യക്ഷമായതും ചർച്ചയായി. സംഘടനയിലെ വിവിധ ചേരികൾ വാശിയിലാണ്. മത്സരം മുറുകുമ്പോൾ ഇതിലും വഷളായ കളികൾ പൊങ്ങി വന്നാലും അമ്പരക്കേണ്ടതില്ലെന്നാണ് അണിയറ സംസാരം.
'പർദ്ദയിട്ട സ്ഥാനാർത്ഥി'
താരസംഘടനയിലെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യദിനത്തിലാണെങ്കിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ് അതിനു തലേന്നാണ്. പത്രിക നൽകാൻ പർദ്ദയണിഞ്ഞെത്തിയ നിർമ്മാതാവ് സാന്ദ്ര തോമസിന്റെ നടപടി വൈറലായിരുന്നു. സംഘടനയുടെ ആസ്ഥാനത്തെത്താൻ ഉചിതമായ വേഷം പർദ്ദയാണെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു. നേരത്തേ ഒത്തുതീർപ്പ് ചർച്ചയ്ക്കെത്തിയപ്പോൾ സംഘടനാ ഭാരവാഹികൾ ശരീരത്തിലേക്ക് തുറിച്ചു നോക്കിയെന്നും അശ്ലീല കമന്റുകൾ പറഞ്ഞെന്നും സാന്ദ്ര മുമ്പ് പരാതിപ്പെട്ടിരുന്നു. ഇതിൽ പൊലീസ് കേസെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതിചേർക്കപ്പെട്ടവർ വീണ്ടും മത്സരിക്കുന്നതിലുള്ള പ്രതിഷേധമായാണ് സാന്ദ്ര പർദ്ദ ധരിച്ചെത്തിയത്. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും കളികൾ കാണാനിരിക്കുന്നതേയുള്ളൂ എന്നർത്ഥം.
വനിതകൾക്ക് ഒരവസരം നൽകണമെന്ന അഭിപ്രായം ഒരു വിഭാഗമെങ്കിലും ഉയർത്തുന്നത് സിനിമാ സംഘടനകളിൽ ഇതുവരെ കാണാത്ത പോസിറ്റീവ് ചിന്താഗതിയാണ്. എന്നാൽ ഇതിനായി കൊണ്ടുവന്ന നോമിനികൾ യോഗ്യരാണോ എന്നതിലാണ് സംശയം. നടിയെ ആക്രമിച്ച കേസിനും പിന്നാലെ താരസംഘടന നടത്തിയ വാർത്താസമ്മേളനത്തിൽ ദിലീപിനെതിരേ ചോദ്യമുയർത്തിയ മാദ്ധ്യമപ്രവർത്തകരെ കൂക്കി വിളിച്ചയാളാണ് കുക്കു പരമേശ്വരൻ. ആഭ്യന്തര പ്രശ്നപരിഹാരത്തിന് 'അമ്മ' രൂപീകരിച്ച പ്രഥമസമിതിയിൽ നിന്ന് കാരണം പറയാതെ ഒഴിഞ്ഞുപോയ ആളാണ് ശ്വേത മേനോൻ. എല്ലാം സിനിമപോലെ ജനം കണ്ടറിഞ്ഞതുമാണ്...
സാങ്കേതികത്തികവിൽ ഹോളിവുഡിനോട് കിടപിടിക്കുന്ന വിധമെത്തിയെങ്കിലും, മലയാള സിനിമയെന്ന വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധം തകർച്ചയിലാണ്. വൻ മുതൽ മുടക്കിൽ ഇറങ്ങിയ സിനിമകളിൽ കൈപൊള്ളാതെ രക്ഷപ്പെട്ടത് ചുരുക്കം ചിത്രങ്ങൾ മാത്രം. വിജയചിത്രങ്ങൾ പലതും സാമ്പത്തികത്തട്ടിപ്പു കേസുകളിൽ പെട്ടുകിടക്കുന്നു. ഈ സാഹചര്യത്തിൽ, മേഖലയെ നയിക്കേണ്ടവർ വീറും വാശിയും വെടിയുന്നതാണ് ഉചിതം. സിനിമയുടെ പുനരുദ്ധാരണത്തിലും അച്ചടക്കത്തിലുമാണ് സംഘടനകൾ ശ്രദ്ധചെലുത്തേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |