കോട്ടയം: സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളും എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ഏറ്രുമാനൂരില വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് ഏറ്റുമാനൂരിലെ കാരൂർ വീട്ടിൽ. മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെ നിരവധിപേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ഭർത്താവ് കിഴക്കേടത്ത് വീട്ടിൽ പരേതനായ എം.ഇ. നാരായണക്കുറുപ്പ്. മക്കൾ: പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ വേണു, കോട്ടയം മുൻ എസ്.പി എൻ.രാമചന്ദ്രൻ. മരുമക്കൾ: ബീന പോൾ (ഫിലിം എഡിറ്റർ), അപർണ.
കാരൂരിന്റെ പിൻഗാമിയായി എഴുത്തിൽ സരസ്വതിയമ്മയും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഓർമ്മകൾ ചന്ദനഗന്ധം പോലെ, കരിഞ്ഞ പൂക്കൾ, ഫോർമാലിറ്റി, ശ്രീമദ്ഭാഗവത കഥയുടെ പുനരാഖ്യാനം, വാസന്തിക്ക് ഒരു രക്ഷാമാർഗം, ഓർമ്മകൾ, ക്യൂറിയും കൂട്ടരും, അടുക്കള പുസ്തകം എന്നിവയാണ് പ്രധാന കൃതികൾ.
'ഓർമ്മകൾ ചന്ദനഗന്ധം പോലെ' എന്ന പുസ്തകം പിതാവിന് മകൾ നൽകിയ ശ്രദ്ധാഞ്ജലിയായിരുന്നു. സാഹിത്യപ്രവർത്തക സഹകരണ സംഘം സ്ഥാപക സെക്രട്ടറിയായിരുന്ന കാരൂരിന്റെ പിൻഗാമിയായി സരസ്വതിയമ്മയും ദീർഘകാലം എസ്.പി.സി.എസ് ഡയറക്ടറായിരുന്നു. കിടങ്ങൂർ എൻ.എസ് എസ് സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരിക്കെയാണ് സർവീസിൽ നിന്ന് വിരമിച്ചത്.
ദേശീയഗാനത്തിൽ
ഉറച്ച നിലപാട്
1986ലെ ദേശീയഗാന വിവാദം സരസ്വതിയമ്മയെ ദേശീയതലത്തിൽ ശ്രദ്ധേയയാക്കിയിരുന്നു. കിടങ്ങൂർ എൻ.എസ് എസ് സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരിക്കെ രാവിലെ അസംബ്ലിയിൽ യഹോവ സാക്ഷികളായ 11കുട്ടികൾ ദേശീയഗാനം പാടാൻ തയ്യാറാകാത്തത് സരസ്വതിയമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. രക്ഷിതാക്കളെ വിളിച്ചു വരുത്തിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സരസ്വതിയമ്മ കുട്ടികളെ സസ്‌പെൻഡ് ചെയ്തു.
ദേശീയഗാനത്തെ അനാദരിച്ചതിനെതിരെ പൊതുതാത്പര്യ ഹർജിയും നൽകി.
ഹൈക്കേടതിയിൽ നിന്നും അനുകൂല വിധി നേടി. ഇതിനെതിരെ യഹോവ സാക്ഷികൾ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും സരസ്വതിയമ്മയുടെ ഉറച്ച നിലപാടിൽ കുട്ടികൾക്ക് സ്കൂളിൽ നിന്ന് ടി.സി വാങ്ങി പോകേണ്ടിവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |