SignIn
Kerala Kaumudi Online
Sunday, 03 August 2025 10.00 PM IST

ലഹരിപ്പിടിയിൽ മുന്നിൽ കേരളം

Increase Font Size Decrease Font Size Print Page
drugs

ലോകത്താകമാനമുള്ള ജനങ്ങളെ പിടിച്ചുലയ്ക്കുന്ന വലിയ വിപത്തായി ലഹരി ഉപയോഗം മാറിയിട്ടുണ്ട്. കുട്ടികൾ മുതൽ മുതിർന്നവരെ വരെ വലയിലാക്കാൻ ഓരോ കോണിലും പതുങ്ങിയിരിക്കുകയാണ് ലഹരിയുടെ കണ്ണുകൾ. അതുകൊണ്ടുതന്നെ ലഹരിക്കെതിരെയുള്ള അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടം കൂടിയാണിന്ന്. രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഉന്നയിച്ചത്. അഞ്ചുവർഷത്തിനിടെ കേരളത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയിലാണ് പറഞ്ഞത്. 2019ൽ കേരളത്തിൽ 9,245 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022ൽ 26,619 കേസുകളായി വർദ്ധിച്ചു. 2002ൽ മഹാരാഷ്ട്ര (13,830 കേസുകൾ), പഞ്ചാബ് (12,442), ഉത്തർപ്രദേശ് (11,541) സംസ്ഥാനങ്ങളെക്കാൾ ഇരട്ടിയിലധികം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. സ‌്കൂളിന് സമീപം പാൻമസാല അടക്കമുള്ള ലഹരി വിൽപന നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവട തന്ത്രങ്ങൾ നിരവധിയാണ്. നിറത്തിലും മണത്തിലും വ്യത്യസ്‌തത പുലർത്തുന്ന ലഹരി ഉത്‌പന്നങ്ങൾ കുട്ടികളെ പെട്ടന്ന് ആകർഷിക്കുന്നു. ലഹരിയാണ് എന്നറിയാതെ കുട്ടികൾ ഇത് ഉപയോഗിക്കുകയും ക്രമേണ അടിമപ്പെടുകയും ചെയ്യും. എക്‌സൈസ് പിടികൂടുന്ന ലഹരി മരുന്നുകളുടെ 20 ഇരട്ടിയിലധികം ലഹരി മരുന്നുകളാണ് യഥാർത്ഥത്തിൽ കേരളത്തിലേക്ക് ഒഴുകുന്നത്.

ലഹരിവഴിയിലേക്ക് കുരുന്നുകൾ

ഇന്ത്യയിൽ 13 ശതമാനത്തോളം കുട്ടികൾ 20 വയസിന് മുൻപേ ലഹരി ഉപയോഗിച്ച് തുടങ്ങുന്നു എന്നാണ് കണക്കുകൾ. പുകയില വസ്തുക്കൾ 12.3 വയസിലും ഗ്‌ളൂ പോലുള്ള ഇൻഹേലൻസ് 12.4 വയസിലും കഞ്ചാവ് 13.4 വയസിലും മദ്യം 13.6 വയസിലും കുട്ടികൾ ഉപയോഗിച്ച് തുടങ്ങുന്നു. ലഹരി മരുന്നിന്റെ രൂപം, അവയുടെ അഡിക്ഷൻ, ഒളിപ്പിച്ച് വയ്ക്കാനുള്ള സൗകര്യം,​ നീണ്ടു നിൽക്കുന്ന ഉന്മാദം ഇതെല്ലാമാണ് കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഗുളിക രൂപത്തിലുള്ളതും പഞ്ചസാരയോട് സാമ്യമുള്ളതും നാവിനടിയിൽ വയ്‌ക്കാവുന്ന സ്റ്റിക്കർ രൂപത്തിലുള്ളതുമായ ലഹരി വസ്തുക്കൾ പലപ്പോഴും രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ സാധിക്കില്ല. കോൺഡക്ട് ഡിസോർഡറുള്ള കൗമാരക്കാരിൽ ലഹരി ഉപയോഗം നേരത്തെ തുടങ്ങാനുള്ള സാദ്ധ്യതയുണ്ട്.

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, എൻ.ഡി.പി.എസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ 2016 ൽ 2,985 എണ്ണം മാത്രമായിരുന്നു. എന്നാൽ, 2024ൽ ഇത്തരം കേസുകൾ 8,160 ആയി ഉയർന്നു. 2025ൽ ആദ്യ രണ്ടുമാസത്തെ കണക്കുകൾ മാത്രം പരിശോധിക്കുമ്പോൾ 1,783 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിന്റെ രേഖകൾ പ്രകാരം 2016ൽ 5,924 കേസുകൾ രജിസ്റ്റർ ചെയ്‌തപ്പോൾ 2024ൽ 27,530 കേസുകളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ലഹരി വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി പഞ്ചാബിനെ ആയിരുന്നു നേരത്തെ കണ്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. മയക്കുമരുന്ന് കേസുകൾ ഏറ്റവുമധികം രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമായി ഇന്ന് കേരളം മാറിയിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചി ഉൾപ്പെടുന്ന എറണാകുളം ജില്ലയാണ് ലഹരിക്കേസുകളിൽ ഒന്നാമത്. 1010 കേസുകളാണ് ഈ വർഷം മാർച്ച് വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയമാണ് തൊട്ടുപിന്നിൽ, 888 കേസുകൾ. മലപ്പുറം 765 കേസുകളും കോഴിക്കോട് 363 കേസുകളും രജിസ്റ്റർ ചെയ്തു.

വലയിൽ വീഴല്ലേ...

ലഹരിക്കടിമപ്പെട്ട കുട്ടികൾക്ക് മതിയായ കൗൺസിലിംഗ് നൽകേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിന്റെ സമൂഹത്തിലെ പദവിയെ മോശകരമായി ബാധിക്കുമെന്നതിനാൽ പലരും ലഹരിക്കടിമപ്പെട്ട കുട്ടികളെ കൗൺസിലിംഗിനു പോലും വിധേയമാക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. ഉപദേശത്തിലൂടെ തന്റെ മക്കളെ മാറ്റിയെടുക്കാം എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. ഈ രീതി അവസാനം അവരെ ഡി അഡിക്ഷൻ സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പല രക്ഷിതാക്കൾക്കും സ്വന്തം മക്കളെ നോക്കാൻ സമയമില്ലാത്ത സ്ഥിതിയാണ്. കുട്ടികൾ തെറ്റായ കൂട്ടുകെട്ടിലേക്ക് പോകുന്നുണ്ടോ എന്ന് രക്ഷിതാക്കൾ അറിയേണ്ടത് അനിവാര്യമാണ്. മക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നും എങ്ങനെയുള്ളവരാണെന്നും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. മാതാപിതാക്കളോട് കുട്ടികൾക്ക് എന്തും സ്വാതന്ത്ര്യത്തോടെ പറയാനുള്ള അന്തരീക്ഷവും വളർത്തിയെടുക്കണം. കുട്ടികളോട് മാതാപിതാക്കൾ സൗഹൃദത്തോടെ പെരുമാറുക. ഒരു സുഹൃത്തിനോടെന്ന പോലെ എന്തും പറയാനുള്ള സ്വാതന്ത്ര്യവും സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷവും ഒരുക്കിക്കൊടുക്കുക. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളോട് സ്നേഹത്തോടെ പറഞ്ഞുകൊടുക്കുക.

ലഹരി എന്താണെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടും വീട്ടിലെ പ്രശ്‌നങ്ങൾ മറക്കാനും വിഷാദം ഇല്ലാതാക്കാനും പലരും ഇത് ഉപയോഗിക്കുന്നുണ്ട്. ലഹരി മരുന്നിന്റെ ഉപയോഗം നേരത്തെ അറിയാൻ സാധിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഇതിന്റെ പിടിയിൽ നിന്നും രക്ഷിപെടാൻ സാധിക്കും. ഒരു തലമുറ ലഹരിയ്ക്ക് അടിമപ്പെടാതിരിക്കാനായി ശക്തമായ ബോധവത്‌ക്കരണം സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തേണ്ടത് അത്യാവശ്യമാണ്. സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ പ്രചാരണ പരിപാടികൾ, സ്‌കൂളുകൾക്ക് സമീപം അദ്ധ്യാപകരുടെ നിരീക്ഷണം തുടങ്ങിയവ നിരന്തരമായി നടത്തണം. ഈ വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ച് നീക്കാൻ ഒറ്റക്കെട്ടായി ഉറച്ച മനസോടെ നമുക്ക് പ്രവർത്തിക്കാം.

TAGS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.