1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ മംഗലത്ത് എം.സി.കേശവന്റെയും കെ.പി.ഭവാനിയുടെയും ഏക മകനായാണ് എം.കെ.സാനു എന്ന മലയാളത്തിന്റെ സ്വന്തം സാനു മാഷ് ജനിച്ചത്. അദ്ധ്യാപകൻ, ജീവചരിത്രകാരൻ, നിരൂപകൻ, എഡിറ്റർ, പരിഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങി വിവിധ കർമ്മമേഖലകളിൽ പ്രവർത്തിച്ചു.
നാട്ടിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് സാനുമാഷിന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. അവിടെ വച്ച് എഴുതാനും വായിക്കാനും പഠിച്ചു. തുടർന്ന് കാഞ്ഞിരംചിറയിലെ 'കണ്ടയാശാന്റെ സ്കൂൾ" എന്ന് പേരുള്ള വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്നു. ആർ.സുഗതൻ അദ്ധ്യാപകനായിരുന്നു. സാനുമാഷിന്റെ കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം. മൂന്നാം ക്ലാസുവരെ അവിടെയുണ്ടായിരുന്നുള്ളൂ. പിന്നീട് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പത്താംക്ലാസ് വരെ പഠിച്ചു. ഇ.എസ്.എസ്.എൽ.സി (ഇംഗ്ലീഷ് സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) വിജയിച്ചു. തുടർന്ന് പഠനത്തിൽ മികവ് പുലർത്തിയ തറവാട്ടിലെ ഇളമുറക്കാരനെ കോളേജിൽ ചേർക്കാൻ വലിയച്ഛൻ തീരുമാനിച്ചു.
അച്ഛന്റെ അനുജന്റെ മകൾ എം.എം.സരോജനി തിരുവനന്തപുരം വിമൻസ് കോളേജിൽ വിദ്യാർത്ഥിനിയും പിന്നീട് അവിടെ പ്രൊഫസറുമായി. സരോജനി അക്കച്ചിയുമായി യാത്രതിരിച്ച 16 വയസുകാരനായ എം.കെ.സാനു തിരുവനന്തപുരം ഹിസ് ഹൈനസ് മഹാരാജാസ് കോളേജിൽ ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഇന്റർമീഡിയേറ്റിന് ചേർന്നു. പഠനം പൂർത്തിയായശേഷം വളഞ്ഞവഴി സന്മാർഗ ദീപിക ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ അദ്ധ്യാപകനായി. 30 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരുവർഷത്തിനുശേഷം ആലപ്പുഴ എസ്.ഡി കോളേജിൽ ബി.എസ് സി സുവോളജിക്ക് ചേർന്നു. പിന്നീട് പല സ്കൂളുകളിൽ അദ്ധ്യാപകനായി ജോലി ചെയ്തശേഷം യൂണിവേഴ്സിറ്റി കോളേജിൽ എം.എ മലയാളത്തിന് ചേർന്നു. എം.എ പാസായ ശേഷം കൊല്ലം എസ്.എൻ കോളേജിൽ മലയാളം വിഭാഗം അദ്ധ്യാപകനായി.
കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, ആശാൻ പുരസ്കാരം, വയലാർ അവാർഡ്, പി.കേശവദേവ് പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നൂറോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ, ചങ്ങമ്പുഴ, വൈക്കം മുഹമ്മദ് ബഷീർ, എം.ഗോവിന്ദൻ, പി.കെ.ബാലകൃഷ്ണൻ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ എന്നിവരുടെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്.
വെളിച്ചമായി ഗുരുദേവൻ
തന്റെ ജീവിതദർശനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് മാഷ് എപ്പോഴും പറഞ്ഞിരുന്നു. തുമ്പോളിയിലെ അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ ഗുരുദേവൻ രണ്ടുവട്ടം സന്ദർശിച്ചിട്ടുണ്ട്. ഗുരുദേവൻ തങ്ങിയ മുറി ദേവാലയം പോലെയാണ് പിന്നീട് ജനങ്ങൾ കണ്ടത്. അവിടെ കെടാവിളക്ക് കൊളുത്തി ആ സാന്നിദ്ധ്യത്തെ പൂജിച്ചിരുന്നു. വീട്ടിൽ വരുന്നവർ ആ മുറിയുടെ മുന്നിൽ തൊഴുകൈയോടെ നിൽക്കുന്നതു കണ്ടിട്ടുള്ള സാനുവിൽ കുട്ടിക്കാലത്തു തന്നെ ഗുരുഭക്തി വേരുറപ്പിച്ചു. ആർക്കും ഉപകാരമൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും ആരെയും ദ്രോഹിക്കാതെ ജീവിക്കുകയെന്ന തത്വം ജീവിതത്തിൽ നിഷ്ഠയായി പാലിക്കാൻ സാധിച്ചത് ഗുരുദേവ ഭക്തിയാലാണെന്ന് മാഷ് എപ്പോഴും പറഞ്ഞിരുന്നു. ആർക്കും വേദനയുണ്ടാക്കുംവിധം അദ്ദേഹം സംസാരിച്ചിട്ടില്ല. ഒരിക്കലും പരുഷവാക്കുകൾ ഉപയോഗിച്ചില്ല.
ചങ്ങാതിക്കൂട്ടം
രാഷ്‌ട്രീയനേതാക്കളായിരുന്ന പി.വിശ്വംഭരൻ, പി.രവീന്ദ്രൻ, സംഗീതസംവിധായകൻ ജി.ദേവരാജൻ, കമുകറ പുരുഷോത്തമൻ, മുൻ നിയമസഭ സെക്രട്ടറി ആർ.പ്രസന്നൻ, മലയാറ്റൂർ, പി.കെ.ബാലകൃഷ്ണൻ, സി.ജെ.തോമസ്, എം.വി.ദേവൻ, അയ്യപ്പപണിക്കർ തുടങ്ങി സൗഹൃദങ്ങളുടെ നീണ്ട നിര തന്നെ ഓരോ കാലത്തും മാഷിനൊപ്പമുണ്ടായിരുന്നു. സുകുമാർ അഴീക്കോടുമായുള്ള സൗഹൃദവും വർഷങ്ങൾ നീണ്ട പിണക്കവും ചർച്ചാവിഷയമായ കാലമുണ്ട്. അഴീക്കോട് മരണശയ്യയിലായ സമയത്ത് ആശ്വാസവചനങ്ങളുമായി സാനു മാഷ് കൂട്ടുകാരന്റെ അരികിലെത്തിയതോടെ എല്ലാ വഴക്കുകളും മാഞ്ഞുപോയി.
ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ സന്തത സഹചാരിയായിരുന്നു എം.കെ.സാനു. ത്രിമൂർത്തികൾ എന്നറിയപ്പെട്ടിരുന്ന കൃഷ്ണയ്യർ, മാഷ്, ഡോ. സി.കെ.രാമചന്ദ്രൻ എന്നിവരുടെ സായാഹ്ന നടത്തം ശ്രദ്ധ നേടിയിരുന്നു. സുഭാഷ് പാർക്ക്, രാജേന്ദ്രമൈതാനം, ഡി.എച്ച് ഗ്രൗണ്ട് തുടങ്ങി ഏതെങ്കിലും സ്ഥലങ്ങളിലൂടെ നടന്നും ഇടയ്ക്ക് ഇരുന്നും മൂവർ സംഘം ഉല്ലസിക്കുന്നത് നഗരവാസികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മയാണ്.
രാഷ്‌ട്രീയം
സി.പി.എം നേതാക്കളായ എം.എം.ലോറൻസും ടി.കെ.രാമകൃഷ്ണനും നിർബന്ധിച്ചിട്ടും രാഷ്‌ട്രീയത്തിലേക്കില്ലെന്ന് ആദ്യം നിലപാട് സ്വീകരിച്ച എം.കെ.സാനു ഇ.എം.എസിന്റെ ഇടപെടലിനെ തുടർന്ന് കോൺഗ്രസ് കോട്ടയായ എറണാകുളത്ത് ഇടതുപക്ഷ സ്വതന്ത്രനായി 1987ൽ മത്സരത്തിനിറങ്ങി. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥികളും സാസ്കാരികനായകൻമാരും കക്ഷിരാഷ്ട്രീയ ഭേദമെന്യേ മാഷിനുവേണ്ടി പ്രചാരണത്തിനിറങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ് എം.എൽ.ജേക്കബ്ബിനെ പരാജയപ്പെടുത്തി മികച്ച ഭൂരിപക്ഷത്തോടെ എം.കെ.സാനു നിയമസഭയിലെത്തി. ജനകീയ പ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്തി. എന്നാൽ എം.എൽ.എ എന്ന നിലയ്ക്കുണ്ടായ തിരക്കുകൾ എഴുത്തിനെയും പ്രഭാഷണത്തെയും ബാധിച്ചുവെന്ന് പിന്നീട് അദ്ദേഹം സമ്മതിച്ചിരുന്നു. സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിൻമാറിയെങ്കിലും പൊതുപ്രവർത്തനത്തിൽ തുടർന്നു. കൊച്ചിക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു. എറണാകുളം മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള ക്യാൻസർ ചികിത്സ, ഗവേഷണ കേന്ദ്രത്തിനായി ശക്തമായ ഇടപെടൽ നടത്തി.
കരുത്തായി ശിഷ്യർ
എണ്ണിയാലൊടുങ്ങാത്ത ശിഷ്യസമ്പത്തിനുടമയാണ് സാനു മാഷ്. ശിഷ്യരുടെ മനസിൽ ജീവിക്കാൻ ഭാഗ്യം സിദ്ധിച്ച അദ്ധ്യാപകൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനം കഴിഞ്ഞ് 1955ൽ കൊല്ലം എസ്.എൻ കോളേജിലും 1956 ഡിസംബറിൽ എറണാകുളം മഹാരാജാസ് കോളേജിലും അദ്ധ്യാപകനായി. പിന്നീട് വിരമിക്കുന്നതുവരെ മഹാരാജാസിന്റെ മഹാഗുരുവായി തുടർന്നു. എ.കെ.ആന്റണി, വയലാർ രവി, കെ.എം.റോയ്, വൈക്കം വിശ്വൻ, ഡോ. തോമസ് ഐസക്, നടൻ മമ്മൂട്ടി, തിരക്കഥാകൃത്ത് ജോൺപോൾ തുടങ്ങി പ്രശസ്തരായ നിരവധി ശിഷ്യരെ ഇവിടെ നിന്നു ലഭിച്ചു.
പഴയകാല ശിഷ്യരുടെ പെണ്ണുകാണൽ ചടങ്ങിൽ മിക്കവാറും കൂടെപോയിരുന്നത് അവരുടെ ഗുരുവായ സാനുമാഷായിരുന്നു. സ്വന്തം കാശുമുടക്കി വസ്ത്രങ്ങൾ വാങ്ങിയിട്ട് വർഷങ്ങളായെന്ന് അദ്ദേഹം അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. ശിഷ്യരാണ് അദ്ദേഹത്തിന് ആവശ്യമുള്ള വസ്ത്രങ്ങൾ സമ്മാനമായി നൽകിയിരുന്നത്. വസ്ത്രം മാത്രമല്ല മാഷിന്റെ ഇഷ്‌ടഭക്ഷണമായ അവിയലും പുളിശേരിയുമെല്ലാം ഗുരുദക്ഷിണയായി അവർ സമ്മാനിച്ചു.
തണലായി സഹധർമ്മിണി
കൗമാരം വിടുന്നതിനു മുമ്പാണ് രത്നമ്മ സാനുമാഷിന്റെ ജീവിതപങ്കാളിയായി എത്തുന്നത്. സമ്പന്ന കുടുംബത്തിൽ നിന്നെത്തിയ അവർ വളരെ പെട്ടെന്ന് ഗൃഹനായികയുടെ റോൾ ഏറ്റെടുത്തു. മാഷിന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ വിളമ്പി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കുടുംബാംഗങ്ങളെ പോലെ പരിചരിച്ചു. മാഷിനെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ ജീവിതം. മാഷിനെ പരിപാടികൾക്ക് ക്ഷണിക്കാൻ വരുന്നവരോട് അവർ കലഹിച്ചു. ആരോഗ്യം ശ്രദ്ധിക്കാതെ മാഷ് പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നുവെന്നായിരുന്നു സ്ഥിരം പരാതി. പതിയെ പതിയെ ഡിമൻഷ്യയുടെ കരങ്ങളിലേക്ക് വീണ പ്രിയപത്നി മാഷിന് തീരാവേദനയായി. എഴുത്തിന്റെയും വായനയുടെയും തിരക്കുകൾക്കിടയിലും ഭാര്യയെ പരിചരിച്ചു. 2023 ഒക്‌ടോബറിൽ രത്നമ്മ മരിച്ചു.
സമ്പൂർണ കൃതി
പ്രൊഫ. എം.കെ.സാനുവിന്റെ സമ്പൂർണ കൃതികൾ 2023 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വായനക്കാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഗ്രന്ഥകർത്താവ് തന്നെ ചെറുവീഡിയോകളാക്കി പുസ്തകതാളിൽ ചേർത്തിരിക്കുന്ന ക്യൂ ആർ കോഡ് വഴി ലഭ്യമാകുന്ന മൾട്ടിമീഡിയ പുസ്തകമാണിത്. 12 വാല്യങ്ങളിലായി 10,347 പേജുകൾ ഉൾപ്പെടുന്നതാണ് കൃതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |