കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് എണ്ണയും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്ന ദൗത്യം പുനരാരംഭിക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് കൊല്ലം പോർട്ടിലെത്തുന്ന 20 അംഗ സാൽവേജ് ഓപ്പറേഷൻ വിദഗ്ദ്ധ സംഘം ഇന്ന് ടഗ്ഗിൽ കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോകും.
കടലിൽ മുങ്ങി എം.എസ്.സി എൽസ-3യിൽ പരിശോധന നടത്തിയ ശേഷം പ്രതിസന്ധികളില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ എണ്ണ നീക്കൽ ആരംഭിക്കാനാണ് സാദ്ധ്യത. അതിനുശേഷം കണ്ടെയ്നറുകൾ നീക്കും. സാൽവേജ് ഓപ്പറേഷനായി കൂറ്റൻ കപ്പലും രണ്ട് ദിവസത്തിനുള്ളിൽ ഈ ഭാഗത്തേക്ക് എത്തും. കപ്പലിൽ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കുകളിൽ നിറച്ച് കൊല്ലം പോർട്ടിലെത്തിക്കും. വീണ്ടെടുക്കാനായാൽ കണ്ടെയ്നറുകളും കൊല്ലം പോർട്ടിലെത്തിക്കും. സാൽവേജ് ഓപ്പറേഷനുള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ കൊല്ലം പോർട്ട് അധികൃതർക്ക് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് രണ്ടാഴ്ച മുമ്പ് നിർദേശം നൽകിയിരുന്നു. മുംബയ് ആസ്ഥാനമായ മെർക്ക് എന്ന സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്.
എം.എസ്.സി എൽസ-3യുടെ ഉടമസ്ഥരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ആദ്യം ടി.ആൻഡ് ടി എന്ന കമ്പനിയെയാണ് സാൽവേജ് ഓപ്പറേഷന് നിയോഗിച്ചത്. ഇവർ ഒഴിവായതോടെയാണ് മെർക്കിന് കരാർ നൽകിയത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട ഫീഡർ ചരക്കുകപ്പലായ എൽസ 3 മേയ് 24 ഉച്ചയ്ക്ക് 1.25നാണ് അപകടത്തിൽപ്പെട്ടത്. പിറ്റേന്ന് രാവിലെ മുങ്ങിത്താണു. കപ്പലിൽ കാത്സ്യം കാർബൈഡും മറ്റ് രാസവസ്തുക്കളും സംഭരിച്ചിട്ടുള്ള കണ്ടെയ്‌നറുകളുമുണ്ട്. സമയബന്ധിതമായി ഇവ വീണ്ടെടുത്ത് മലിനീകരണം പരമാവധി കുറയ്ക്കണമെന്ന് ഷിപ്പിംഗ് മന്ത്രാലയം കപ്പൽ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കപ്പലിൽ 800 കോടിയുടെ ചരക്ക്
#കപ്പൽ അപകടം മേയ് 24ന് ഉച്ചയ്ക്ക്
# ആദ്യം കണ്ടെയ്നറുകളിൽ തീപിടിത്തം
# പിറ്റേന്ന് രാവിലെ മുങ്ങിത്താണു
# 60 ഓളം കണ്ടെയ്നറുകൾ കടലിൽ ഒഴുകി
# കപ്പൽ ആലപ്പുഴ തോട്ടപ്പള്ളിക്കടുത്ത്
14 നോട്ടിക്കൽ മൈൽ അകലെ
സാൽവേജ് ഓപ്പറേഷൻ സംഘത്തിന്റെ എമിഗ്രേഷൻ, വീണ്ടെടുക്കുന്ന എണ്ണയും കണ്ടെയ്നറുകളും സംഭരിക്കൽ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളെല്ലാം കൊല്ലം പോർട്ടിൽ പൂർത്തിയാക്കിയിട്ടുണ്ട്.
കൊല്ലം പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |