ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിനും ദർശനത്തിനും അനന്തമായ മേഖലകൾ കണ്ടെത്തി വ്യാഖ്യാനം ചമയ്ക്കുവാൻ എം.കെ. സാനു മാഷിനെപ്പോലെ അധികം പേർക്ക് സാധിച്ചിട്ടില്ല. ഗുരുവിനെയും ശ്രീനാരായണ പ്രസ്ഥാനത്തെയും സംബന്ധിച്ച് ഇത്രയേറെ എഴുതുകയും പറയുകയും ചെയ്ത മറ്റൊരു സാഹിത്യകാരനില്ല. അദ്ദേഹം എഴുതിയ ശ്രീനാരായണ സാഹിത്യ ഗ്രന്ഥങ്ങൾ കാലാതിവർത്തിയായി നിലകൊള്ളും. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവിത ചരിത്രഗ്രന്ഥങ്ങൾ ശ്രീനാരായണ ഗുരുവിനെക്കുറിച്ചാണ്. അതിലേറ്റവും ശ്രദ്ധേയമായ കൃതി സാനുമാസ്റ്ററുടെ നാരായണ ഗുരുസ്വാമിയാണ്. മലയാളസാഹിത്യം കണ്ട പ്രഥമ ഗണനീയനായ ജീവചരിത്രകാരൻ എം.കെ.സാനുമാസ്റ്ററാണ്.
2023 ശ്രീനാരായണ ഗുരുജയന്തിക്ക് ശിവഗിരി മഠം ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.
ആലപ്പുഴ തുമ്പോളിയിലെ വീട്ടിൽ അച്ഛനും അമ്മയും പകർന്നു നല്‍കിയ ശ്രീനാരായണ ഭക്തി ജീവിതത്തിലുടനീളം നീണ്ടുനിന്നിരുന്നു. 'നാരായണമൂർത്തേ ഗുരുനാരായണമൂർത്തേ', 'ദൈവമേ കാത്തുകൊൾകങ്ങ്' എന്നീ പ്രാർത്ഥനകൾ ചൊല്ലിയാണ് തന്റെ ജീവിതത്തിന്റെ ആരംഭമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിനായി അനല്പമായ സംഭാവനകൾ ചെയ്ത എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വി.കെ. വേലായുധൻ, മാസ്റ്ററുടെ ഇളയച്ഛനാണ്. സ്‌കൂൾ അദ്ധ്യാപകനായിട്ടായിരുന്നു അദ്ധ്യാപക വൃത്തിയുടെ ആരംഭം. ആലപ്പുഴയിൽ നിന്നു എറണാകുളത്തേക്കുള്ള മാറ്റം ജീവിതത്തിൽ വലിയ പരിവർത്തനം സൃഷ്ടിച്ചു. ഗുരുദേവന്റെ മഹാനായ ശിഷ്യൻ സഹോദരൻ അയ്യപ്പന്റെ തണലിൽ ജീവിക്കുവാൻ നിയോഗമുണ്ടായി.
ശിവഗിരി മഠത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായിരുന്നു സാനു മാസ്റ്റർ. ശിവഗിരി തീർഥാടനം, ഗുരുദേവ ജയന്തി, മഹാസമാധി, ധർമമീമാംസാ പരിഷത്ത് തുടങ്ങിയ വിശേഷാൽ പരിപാടികളിലും ഇതര അവസരങ്ങളിലുമായി കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി നൂറുകണക്കിന് പ്രഭാഷണങ്ങളാണ് നടത്തിയിട്ടുള്ളത്. ഒരുവേള ശിവഗിരി മാസികയുടെ എഡിറ്ററായും സേവനം ചെയ്തിരുന്നു. ശിവഗിരി മഠവുമായി ഇത്രയേറെ ആത്മബന്ധം പുലർത്തിയ മറ്റൊരു സാമൂഹിക, സാംസ്‌കാരിക നായകനെയും ചൂണ്ടിക്കാണിക്കാനില്ല. ഒരു നൂറ്റാണ്ടോളം നിറഞ്ഞുനിന്ന എം.കെ. സാനു മാസ്റ്ററുടെ ജീവിതം വരാൻ പോകുന്ന സാംസ്‌കാരിക ലോകത്തിനും ശ്രീനാരായണ പ്രസ്ഥാനത്തിനും പ്രചോദനക്ഷമമായി നിലകൊള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |