എഴുതിയും എഴുതപ്പെട്ടും പ്രസംഗിച്ചും പ്രസംഗിക്കപ്പെട്ടും മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായി വിരാജിച്ചിരുന്ന പ്രൊഫ. എം.കെ. സാനുവിന്റെ വിടപറയൽ സാഹിത്യലോകത്തിന് തീരാനഷ്ടമാണ്. 1928 ഒക്ടോബർ 27-ന് ആലപ്പുഴ തുമ്പോളി ഗ്രാമത്തിൽ മംഗലത്തു തറവാട്ടിലെ എം.സി. കേശവൻ - കെ.പി. ഭവാനി ദമ്പതികളുടെ മകനായി ജനിച്ച സാനു, അക്കാലത്ത് കേരളത്തിൽ നടമാടിയിരുന്ന ജാതിവിവേചനങ്ങളുടെ തീച്ചൂളയിൽ നിന്ന് നവോത്ഥാന മുന്നേറ്രത്തിനൊപ്പം സഞ്ചരിച്ച് ഇച്ഛിച്ച സ്വാതന്ത്ര്യം സ്വായത്തമാക്കിയ വിപ്ലവകാരിയാണ്.
സാനു എന്ന പദത്തിന് താഴ്‌വര, പർവ്വതശിഖരം, സൂര്യൻ, വിദ്വാൻ എന്നൊക്കെയാണ് അർത്ഥം. സാഹിത്യം, കല, നാടകം, സോഷ്യലിസം, ജനാധിപത്യം, സാഹോദര്യം, സമഭാവന, നീതിശാസ്ത്രം, ദേശീയത, തത്വചിന്ത, പരിസ്ഥിതി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും നിരന്തരം മനനംചെയ്ത് പരുവപ്പെടുത്തുന്ന മൗലികാശയങ്ങൾ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുന്നതിലെ അസാധാരണമായ മാസ്മരിക ശക്തിയാണ് അദ്ദേത്തെ എന്നും വ്യത്യസ്തനാക്കിയത്. അടുത്തറിയുന്നവർക്കു മാത്രമല്ല, അകലെനിന്ന് കേട്ടറിയുന്നവർക്കു പോലും അദ്ദേഹം പ്രിയപ്പെട്ട സാനുമാഷ് ആയതിന്റെ രഹസ്യവും മറ്റൊന്നല്ല.
വിദ്യാർത്ഥികളുടെ സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ച ശ്രേഷ്ഠനായ അദ്ധ്യാപകൻ, അനുവാചക മനസുകളെ അനായാസം കീഴടക്കുന്ന സാഹിത്യകാരൻ, വസ്തുനിഷ്ഠ വിലയിരുത്തലുകളിലൂടെ സാഹിത്യസൃഷ്ടികളുടെ അകവും പുറവും കൃത്യമായി വിശകലനം ചെയ്യുന്ന നിരൂപകൻ, ജീവിതമൂല്യങ്ങൾ, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്ന പ്രവാചകതുല്യ ഗുരു, നിയമസഭാ സമാജികൻ എന്നീ നിലകളിലെല്ലാം സാനുമാഷ് സ്വന്തം പേരിനെ അന്വർത്ഥമാക്കി.
വിശേഷണങ്ങൾ ഏറെയുള്ളപ്പോഴും അടിസ്ഥാനപരമായി അദ്ദേഹം അദ്ധ്യാപകനാണ്. അതു പക്ഷേ, അടിച്ചേൽപ്പിക്കപ്പെട്ട നിയോഗവുമാണ്. ഇന്റർമീഡിയറ്റ് പാസായപ്പോൾ സന്യസിക്കാൻ തീരുമാനിച്ച യുവാവിനെ ആദ്ധ്യാത്മീകതയിൽ നിന്ന് അദ്ധ്യാപനത്തിലേക്ക് വഴിതിരിച്ചുവിട്ടത് ആലപ്പുഴ സന്മാർഗ്ഗ ദീപിക ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ.കെ. പത്മനാഭൻ നായർ ആണ്. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവിടെ അദ്ധ്യാപന ജോലി ഏറ്റെടുക്കുകയായിരുന്നു.
പിന്നീട് തുടർപഠനത്തിനായി ജോലി ഉപേക്ഷിച്ചെങ്കിലും ബിരുദം നേടിയ ശേഷം ആലപ്പുഴയിലും നെയ്യാറ്റിൻകരയിലും സനാതനധർമ്മ വിദ്യാലയത്തിലൂടെ താത്കാലികമായെങ്കിലും അദ്ധ്യാപകവേഷം വീണ്ടുമണിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം.എ പാസായ ശേഷമാണ് കോളേജ് അദ്ധ്യാപകൻ എന്ന സ്ഥിരപദവിയിലൂടെ ജന്മനിയോഗം പൂർത്തിയാക്കിയത്. കൊല്ലം എസ്.എൻ കോളോജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ്, നാട്ടകം ഗവ. കോളേജ് എന്നിവിടങ്ങളിലായി ദീർഘകാലത്തെ അദ്ധ്യാപകവൃത്തി പൂർത്തിയാക്കി 1983-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് വിരമിച്ചത്.
''ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയാണ്. വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവരുമായി ഐക്യം പ്രാപിക്കുന്നിടത്തു മാത്രമേ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്താൻ കഴിയൂ. അവർക്കു മോചനം നൽകുന്ന പുലരിത്തുടിപ്പിന്റെ ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടുകയെന്നത് അദ്ധ്യാപകന്റെ പവിത്രമായ ചുതലയാണ്."" സാനുമാഷിന്റെ കാഴ്ചപ്പാട് ഇതാണ്. കരിക്കുലത്തിന്റെ പരിധിക്കപ്പുറം അറിവിന്റേയും ആശയങ്ങളുടേയും നവീന ചക്രവാളങ്ങളിലേക്ക് ശിഷ്യഗണങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചതും അതുകൊണ്ടാണ്.
ഉള്ളൂരും വള്ളത്തോളും തകഴിയും മുതൽ മലയാളത്തിലെ തലമുതിർന്ന സാഹിത്യനായകരുമായുള്ള അടുപ്പവും ചെറുപ്പം മുതൽ വിശ്വസാഹിത്യകൃതികൾ വായിച്ചുള്ള പരിജ്ഞാനവുമാണ് സാഹിത്യരംഗത്ത് സാനുമാഷിന് വിലാസമുണ്ടാക്കിയത്. ബാല്യകാലത്ത് ജന്മദിനത്തിൽ അച്ഛൻ സമ്മാനിച്ച ടോൾസ്റ്റോയിയുടെ 23 സാരോപദേശ കഥാസമാഹാരം ഇംഗ്ലീഷ് സാഹിത്യത്തിലേക്കുള്ള പാലമിട്ടു. ഹൈസ്കൂൾ ക്ലാസിൽ എത്തിയപ്പോൾ അതിലൊരു കഥയുടെ പരിഭാഷ ''ഒരു മനുഷ്യന് എത്ര ഭൂമി വേണം'' എന്ന തലക്കെട്ടിൽ സ്കൂളിലെ കൈയെഴുത്തു മാസികയിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് എം.കെ. സാനു സാഹിത്യജീവിതത്തിന് തുടക്കമിട്ടത്.
മാനവ സേവയിലും സാമൂഹ്യ ജീവിതത്തിലും വഴിയും വഴികാട്ടിയുമായത് തുടക്കത്തിൽ ശ്രീനാരായണഗുരുവും പിന്നീട് സഹോദരൻ അയ്യപ്പനുമാണ്. രണ്ടുതവണ മംഗലത്തു തറവാട് സന്ദർശിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ ദിവ്യകഥകൾ കേട്ടുകൊണ്ടാണ് സാനുവിന്റെ ബാല്യം തളിരിട്ടത്. അതുകൊണ്ടുതന്നെ ഗുരുവിനെക്കുറിച്ചും എസ്.എൻ.ഡി.പി യോഗത്തെക്കുറിച്ചും കൂടുതൽ അറിയാനും പഠിക്കാനും ചെറുപ്പം മുതൽ ആവോളം അവസരം ലഭിച്ചു.
ആരോടും കലഹിക്കാത്തതും അന്യന്റെ വേദനയിൽ അലിവു തോന്നുന്നതുമായ കാരുണ്യം എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിന്, ശ്രീനാരായണ ഗുരുവിൽ നിന്ന് എന്നു പറയാൻ മാഷിന് അധികം ആലോചിക്കേണ്ടി വന്നില്ല. ശ്രീനാരായണ ധർമ്മത്തിന്റെ പ്രയോക്താവായിരുന്ന സഹോദരൻ അയ്യപ്പന്റെ അരുമ ശിഷ്യനാവാൻ അവസരം ലഭിച്ചതും ജിവിതപുണ്യമായി കരുതുന്ന സാനുമാഷ് സഹോദരൻ അയ്യപ്പൻ അവശേഷിപ്പിച്ചുപോയ ധാർമ്മിക മൂല്യങ്ങളാണ് സ്വയം ഏറ്റെടുത്തു പ്രചരിപ്പിക്കുന്നത്.
ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ, ഡോ. പി.പല്പു, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീർ, വൈലോപ്പിള്ളി, പി. കേശവദേവ്, വി.കെ. വേലായുധൻ, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയ മഹാരഥന്മാരുടേതുൾപ്പെടെ മലയാളത്തിൽ എറ്റവും അധികം ജീവചരിത്ര ഗ്രന്ഥങ്ങൾ, സാഹിത്യ വിമർശനങ്ങൾ, വ്യാഖ്യാനം, യാത്രാവിവരണം, നോവൽ, ലേഖനങ്ങൾ ഉൾപ്പെടെ എത്രയോ കൃതികൾ പ്രൊഫ. എം.കെ. സാനുവിന്റേതായി മലയാളികൾക്കു മുന്നിലെത്തി. പ്രായാധിക്യം നിമിത്തമുള്ള കാഴ്ചപരിമിതി മൂലം പേന താഴെവച്ചെങ്കിലും എഴുതാൻ ബാക്കിയായി മനസിലുള്ളൊരു ജീവചരിത്രം എസ്.കെ. പൊറ്രക്കാടിന്റേതാണ്.
എം.കെ.സാനു: മനുഷ്യനെ സ്നേഹിക്കുന്ന ഒരാൾ (എഡിറ്റർ- ജോൺ പോൾ), എം.കെ.സാനു എന്ന സാനുമാഷ് ( സി.വി. ആന്റണി), എം.കെ.സാനു: ജീവിതവും കൃതികളും മഹത്വത്തിന്റെ സങ്കീർത്തനം (ഡോ. കെ.അരവിന്ദാക്ഷൻ), സാനുമാഷ് മലയാളത്തിന്റെ സമഭാവ ദർശനം ( ഡോ. പി.എസ്. ശ്രീകല), എം.കെ.സാനു: മൊഴിയും മൗനവും (അഡ്വ. എം.കെ. ശശീന്ദ്രൻ) എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങളിലൂടെയും നൂറുകണക്കിന് ലേഖനങ്ങളിലൂടെയും സാനുമാഷ് ഇതിനോടകം എഴുതപ്പെട്ടിട്ടുമുണ്ട്.
വാർദ്ധക്യത്തിന്റെ അവശതയിലും എറണാകുളത്തിന്റെ പൊതുവേദികളിൽ കക്ഷിഭേദമില്ലാത്ത സ്ഥിരം ക്ഷണിതാവാണ് പ്രൊഫ. എം.കെ.സാനു. അതുകൊണ്ടുതന്നെ സ്വന്തം ജന്മദിനാഘോഷങ്ങളിലും അപ്രതീക്ഷിത അതിഥിയായാകുന്നതായിരുന്നു ശീലം. മലയാളികൾ സ്‌നേഹത്തോടെ സാനുമാഷ് എന്ന് വിളിച്ചിരുന്ന എംകെ സാനുവിന്റെ വേർപാട് മലയാള സാഹിത്യലോകം എന്നും ഓർക്കുന്ന തീരാനഷ്ടങ്ങളിൽ ഒന്നാണ്.
സഫലദാമ്പത്യത്തിന് സപ്തതി തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു ഭാര്യ എൻ. രത്നമ്മയുടെ വിയോഗം. എം.എസ്. രഞ്ജിത്ത് (റിട്ട. എൻജിനിയർ കൊച്ചിൻ പോർട്ട്), എം.എസ്. രേഖ, ഡോ. എം.എസ്. ഗീത (റിട്ട. കോളേജ് അദ്ധ്യാപിക), എം.എസ്. സീത (സാമൂഹ്യനീതി വകുപ്പ് ജീവനക്കാരി), ഹാരീസ് (എൻജിനീയർ, ദുബായ്) എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |