ആലപ്പുഴ: ഒരു മുത്തച്ഛന്റെ സ്നേഹവാത്സ്ല്യങ്ങൾ തന്നു. അദ്ദേഹത്തെ കണ്ടിറങ്ങുന്ന വേളയിലെല്ലാം സ്വയം പുതുക്കപ്പെടുന്നതായി തോന്നി... എം.കെ സാനുവിന്റെ വേർപാടിൽ ദുഃഖവും പങ്കിട്ട നിമിഷങ്ങളെക്കുറിച്ചുള്ള അഭിമാനവും നിറയുകയാണ് ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകനായ പഴവീട് ചെമ്പുകളം വീട്ടിൽ അഡ്വ.ജയൻ സി.ദാസിന്റെ വാക്കുകളിൽ. മുപ്പത് വർഷം മുമ്പ് നിയമവിദ്യാർത്ഥിയായിരിക്കെ കത്തുകളിലൂടെയാണ് ജയനും എം.കെ
സാനുവും പരിചയപ്പെട്ടത്.
ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുവിനെ കാവി പുതപ്പിച്ച സമയം. എന്തിനാണീ കാവിവത്ക്കരണം എന്ന് ചോദിച്ചായിരുന്നു ജയൻ അദ്ദേഹത്തിന് കത്തയച്ചത്. കാവിവത്ക്കരണത്തെ താൻ ഭയപ്പെടുന്നുവെന്നായിരുന്നു മറുപടി. കത്ത് ലഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ അദ്ദേഹം ആലപ്പുഴ എസ്.ഡി.വി സ്കൂളിലൊരു ചടങ്ങിനെത്തി. അന്നാണ് എം.കെ സാനുവിനെ ജയൻ നേരിൽ കാണുന്നത്.
സ്വാതന്ത്ര്യസമരസേനാനിയും സി.പി.ഐ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗവുമായിരുന്ന പി.കെ.കേശവന്റെ കൊച്ചുമകനാണെന്ന് കൂടി അറിഞ്ഞതോടെ അദ്ദേഹത്തിന്റെ വാത്സല്യം കൂടി. കേശവന്റെ ഭാര്യ ഭാനുമതിയും സാനുവും ഒരേ നാട്ടുകാരാണ്.
അന്ന് തുടങ്ങിയ ബന്ധം അവസാന നിമിഷം വരെയും ജയന് തുടരാനായി.
തന്നത്, ചെറുമകന്റെ സ്ഥാനം
കത്തുകളിലൂടെ മാത്രമല്ല, പിന്നീട് മാസത്തിലൊരിക്കൽ അദ്ദേഹത്തിന്റെ എറണാകുളത്തെ വീട്ടിലെത്തുന്നതും ജയൻ പതിവാക്കി. ഒരുമിച്ച് ജസ്റ്റിസ് കൃഷ്ണയ്യരുടെ വീട്ടിലേക്ക് നടക്കും. അവിടെ നിന്ന് നേരെ സുഭാഷ് പാർക്കിലെത്തും. സാനുവും സ്വാമിയും മുന്നിലും ജയനും കൃഷ്ണയ്യരുടെ ഡ്രൈവറും പിന്നിലുമായി നടക്കുന്നത് അക്കാലത്ത് പതിവായിരുന്നു. സാനു ആലപ്പുഴയിലെത്തുമ്പോഴെല്ലാം ജയന്റെ വീട്ടിലെത്തുമായിരുന്നു. ചെറുമകന്റെ സ്ഥാനവും കിട്ടിത്തുടങ്ങി.
ഡോ.പൽപ്പുവിനെക്കുറിച്ച് പുസ്തകം എഴുതുന്ന സമയത്ത് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് രേഖകൾ ശേഖരിക്കാൻ അദ്ദേഹത്തെ സഹായിച്ചത് ജയനായിരുന്നു.ലൈബ്രറിയിൽ താൽക്കാലിക അംഗത്വമെടുത്ത് ഡൽഹിയിൽ ഒരാഴ്ച താമസിച്ചാണ് വിവരശേഖരണം നടത്തിയത്. 'ഡോ.പൽപ്പു' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ജയനെക്കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല.
പുസ്തകത്തിന്റെ ആദ്യ കോപ്പി ജയന് നൽകണമെന്ന് അദ്ദേഹം പ്രസാധകരോട് ആവശ്യപ്പെട്ടതടക്കം മറക്കാനാവാത്ത ഒരുപാട് ഓർമ്മകളുണ്ട് ജയന്. സാനുവിന്റെ ആവശ്യപ്രകാരം എറണാകുളത്തെ അബലാശരണാലയത്തിന് പട്ടയം ലഭിക്കുന്നത് എട്ട് വർഷത്തോളം നിയമപോരാട്ടം നടത്തി വിജയിച്ചു. പഴവീട്ടിലെ ചെമ്പുകളം വീട്ടിൽ ഇനി അദ്ദേഹമെത്തില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഓർമ്മകൾ ഇവിടം നിറഞ്ഞുനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |