വേണം കെ.എസ്.ഇ.ബി സബ് ഓഫീസും ആവശ്യത്തിന് ജീവനക്കാരും
കണ്ണൂർ: ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കെ.എസ്.ഇ.ബി സബ് ഓഫീസും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തത് പ്രദേശത്തെ ഇരുട്ടിലാക്കുന്നു. 3375 കുടുംബങ്ങൾക്ക് ഭൂമി നൽകിയ ഇവിടെ രണ്ടായിരത്തോളം കുടുംബങ്ങൾ സ്ഥിരമായി താമസിക്കുന്നുണ്ട്. തലങ്ങും വിലങ്ങും വൈദ്യുത ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ അറ്റകുറ്റപ്പണിക്കായി ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.
പുനരധിവാസ മേഖലയിലെ വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചാൽ 20 കിലോമീറ്റർ അകലെ കാക്കയങ്ങാട് കെ.എസ്.ഇ.ബി ഓഫീസിൽ നിന്നാണ് ജീവനക്കാർ എത്തേണ്ടത്. രാത്രികാലങ്ങളിൽ പുനരധിവാസ മേഖലയിലും കാർഷിക ഫാമിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ജീവനക്കാർക്ക് എത്തിപ്പെടാൻ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാർ എത്താൻ വൈകുന്നത് പുനരുധിവാസ മേഖലയിലെ ജനങ്ങളുടെ ജീവനും ഭീഷണിയാവുകയാണ്.
മഴക്കാലത്താണ് ഏറെ ദുരിതം നേരിടേണ്ടി വരുന്നത്. പൊട്ടിവീഴുന്ന വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാൻ ദിവസങ്ങളും ആഴ്ചകളും എടുക്കുന്നത് മേഖലയെ കൂരിരുട്ടിലാക്കുന്നു. വന്യമൃഗ ഭീഷണിക്കിടെ, ദിവസങ്ങളോളം വൈദ്യുതിയില്ലാതെ വീടുകളിൽ കഴിയേണ്ട സ്ഥിതിയാണ്. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണും കാട്ടാനയുടെ അക്രമത്തിലും വൈദ്യുതി തൂണുകളും ലൈനുകളും തകരാറിലാകുന്നത് ഇവിടെ പതിവാണ്.
സബ്ബ് ഓഫീസ് പുനരധിവാസ
മേഖലയ്ക്കുള്ളിൽ വേണം
പുനരധിവാസ മേഖലയ്ക്കുള്ളിൽ തന്നെ കെ.എസ്.ഇ.ബി ഓഫീസും ജീവനക്കാരും ഉണ്ടായാൽ അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പുനരധിവാസ മേഖലയിൽ വൈദ്യുതി ലൈനുകൾ പല ഘട്ടങ്ങളിൽ സ്ഥാപിച്ചത് തന്നെ അപകടക്കെണി ഒരുക്കിയാണെന്നും ആക്ഷേപമുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വൈദ്യുതി തൂണുകൾ സ്ഥാപിച്ച് തലങ്ങും വിലങ്ങും ലൈൻ വലിച്ചാണ് വിവിധ പദ്ധതി പ്രകാരം ഇവിടെ വൈദ്യുതി നൽകിയിട്ടുള്ളത്. ഇതും പരിശോധിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |