തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ.ഹാരിസിന്റെ ആക്ഷേപങ്ങൾ ശരിവച്ച് അന്വേഷണ സമിതി റിപ്പോർട്ട്. ആക്ഷേപങ്ങൾ പൂർണമായും ശരിവയ്ക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഇന്നലെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്.
യൂറോളജിയിലെ യന്ത്രഭാഗം കാണാനില്ലെന്നും അതേകുറിച്ച് അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ അതുമായി ഡോ.ഹാരിസിനെ ബന്ധപ്പെടുത്തിയിട്ടില്ല. ഡി.എം.ഇയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതോടെ ഹാരിസ് നിലപാട് കടുപ്പിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. പിന്നാലെയാണ് യൂറോളജിയിലെ ഉപകരണം കാണാനില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെന്നും വേണ്ടിവന്നാൽ പൊലീസ് അന്വേഷണം നടത്തേണ്ടിവരുമെന്നും ആരാേഗ്യ മന്ത്രി വെളിപ്പെടുത്തിയത്.
വിദ്യാർത്ഥി ഉൾപ്പെടെ രണ്ടു പേരുടെ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന്
ഡോക്ടർ ഹാരിസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെളിപ്പെടുത്തൽ വസ്തുതയാണെന്നും റിപ്പോർട്ടിലുണ്ട്. ലിത്തോക്ളാസ്റ്റ് പ്രോബ് പൊട്ടിപ്പോയതിനെ തുടർന്നാണ് ശസ്ത്രക്രിയകൾ മാറ്റിവച്ചത്.
ഒരാളിൽ നിന്ന് നാലായിരം രൂപ വീതം പിരിവിട്ട് ഉപകരണം വാങ്ങിയെന്ന് രോഗികൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ഓഫീസിലെ പതിവ് കാലതാമസം മുൻകൂട്ടിക്കണ്ട് ഉപകരണങ്ങൾ വാങ്ങാൻ ഡോ.ഹാരിസ് കത്തുകൾ പലവട്ടം നല്കി. എച്ച്.ഒ.ഡിയുടെ അഭ്യർത്ഥനയും സപ്‌ളൈ ഓർഡറും തമ്മിൽ മൂന്നു മാസത്തെ ഇടവേളയുണ്ടായി. അപേക്ഷ കളക്ടറുടെ ഓഫീസിലും കെട്ടിക്കിടന്നു. മോസിലേറ്റർ എന്ന ഉപകരണത്തിന്റെ മോസിലോ സ്‌കോപ് എന്ന ഭാഗം കാണാതായെന്നും അന്വേഷണം നടത്തണമെന്നും ശുപാർശയുണ്ട്. എന്നാൽ, ഹാരിസിന് ബന്ധമുണ്ടെന്ന തരത്തിൽ യാതൊരു പരാമർശവും ഇല്ല.
പിറ്റേന്ന് ശസ്ത്രക്രിയ
നടന്നത് എങ്ങനെ?
ശസ്ത്രക്രിയ മുടങ്ങിയെന്ന് ഡോ.ഹാരിസ് വെളിപ്പെടുത്തിയതിന്റെ പിറ്റേന്ന് അതേ ശസ്ത്രക്രിയ നടന്നതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. തന്റെ കൈവശമുള്ള വിലകുറഞ്ഞ ഉപകരണം ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്ന് രണ്ടാം യൂണിറ്റ് ചീഫ് ഡോ.സാജു മൊഴി നല്കിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
രോഗിയുടെ പണം വാങ്ങി
ഉപകരണം വാങ്ങരുത്
രോഗികളിൽ നിന്ന് പണം പിരിച്ച് ഉപകരണങ്ങൾ വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്ന് ശുപാർശ.
പ്രധാനപ്പെട്ട വിഭാഗങ്ങളിൽ സ്ഥിരം ജീവനക്കാരെ നിയമിക്കണം.
സൂപ്രണ്ടിന്റെ സാമ്പത്തിക അധികാരം വർദ്ധിപ്പിക്കണം.
ഡോ.ഹാരിസിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും ചട്ടലംഘനമുണ്ട്. നിരുത്സാഹപ്പെടുത്തണം.
ഡോ. ഹാരിസിനെതിരായ
നടപടിയെ ചെറുക്കാൻ
ഐ.എം.എ
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വകുപ്പ് മേധാവി ഡോ ഹാരിസ് ചിറക്കലിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). പ്രതികാര നടപടികൾ നിസ്വാർത്ഥമായി ജന സേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യം തകർക്കുമെന്ന് ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ.ആർ ശ്രീജിത്തും സെക്രട്ടറി ഡോ.സ്വപ്ന.എസ്.കുമാറും പറഞ്ഞു.
ഡോ. ഹാരിസ് സദദ്ദേശ്യത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്നും ആരോഗ്യ വകുപ്പിന്റെ 'സിസ്റ്റം തകരാറാണ്' യഥാർത്ഥ പ്രശ്നമെന്നും മന്ത്രി വീണാ ജോർജ് സമ്മതിച്ചിരുന്നതാണ്. തകരാറുകൾ പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് ഹാരിസിനെ പോലൊരു ജനകീയ ഡോക്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ കോപ്പ് കൂട്ടുന്നത്. ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധ പ്രഖ്യാപനമാണിത്. ഇത്തരം ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം.സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികൾ പഠിക്കാനും പരിഹരിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കണം.
ഇക്കാര്യത്തിൽ പൊതുജനങ്ങളുടെയും ആരോഗ്യ വിദഗ്ദരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഫോറം അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിർവശമുള്ള ഐ.എം.എ ഹാളിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |