തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ ചർച്ചകൾ ക്രോഡീകരിച്ച് സമഗ്ര സിനിമാ നയം മൂന്ന് മാസത്തിനുള്ളിൽ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി നടന്ന സിനിമ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൊക്കേഷനുകളിൽ സ്ത്രീകൾക്കും പുരുഷനും ലിംഗസമത്വം ഉറപ്പാക്കി ജോലി ചെയ്യാൻ പൂർണ സുരക്ഷ നൽകും. സിനിമയുടെ 80 ശതമാനത്തിലധികം തുക ചെലവഴിക്കുന്നത് താരങ്ങൾക്കു വേണ്ടിയാണ്. അത് കുറക്കുന്നത് അവർ തന്നെ തീരുമാനിക്കണം. റിവ്യൂ ബോംബിംഗ് സിനിമയെ തകർക്കാതിരിക്കാൻ പൊതുവായ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരും. സ്വതന്ത്ര സിനിമകൾക്ക് സർക്കാർ തിയേറ്ററുകളിൽ ഒരു പ്രദർശനമെങ്കിലും ഉറപ്പാക്കും. അവയ്ക്ക് സബ്സിഡി നൽകുന്നത് പരിശോധിക്കും. ടെലിവിഷൻ നയവും ഉൾപ്പെടുന്ന സമഗ്ര നയമായിരിക്കും രൂപവത്കരിക്കുകയെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ധനമന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷനായി. കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായിരുന്നു. സൂര്യ കൃഷ്ണമൂർത്തി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, നടിമാരായ പദ്മപ്രിയ, നിഖില വിമൽ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, അഡീഷണൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |