ബംഗളൂരു: 20 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. കർണാടകയിലെ ഹനുമന്തപുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു തോടിന് സമീപത്തായുള്ള കൃഷിയിടത്തിൽ 17 പെൺ മയിലുകളെയും മൂന്ന് ആൺ മയിലുകളെയും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മയിലുകൾ ഒന്നിച്ച് ചത്തതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.
വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം കണ്ടെത്താനാവുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ കർണാടകയിൽ 20 കുരങ്ങന്മാർ, ഒരു പെൺ കടുവ, നാല് കടുവ കുഞ്ഞുങ്ങൾ എന്നിവ ചത്തിരുന്നു. ഇതിനുപിന്നാലെയാണ് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കുരങ്ങന്മാരെ വിഷംകൊടുത്ത് കൊന്നതാണെന്നാണ് വിവരം. വിഷം കലർന്ന പശു ഇറച്ചി ഭക്ഷിച്ചതാണ് കടുവയുടെയും കുഞ്ഞുങ്ങളുടെയും മരണത്തിന് കാരണമെന്നും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |