ഭൂമിയിൽ 3000ലധികം വർഗത്തിൽപെട്ട പാമ്പുകളുണ്ട്. ഇതിൽ 600 എണ്ണങ്ങളോളമാണ് വിഷമുള്ളവ. പാമ്പുകൾ ഏറ്റവും കൂടുതലുള്ളത് മെക്‌സിക്കോയിലാണ്. എന്നാൽ രണ്ടാമത് ഏറ്റവുമധികം പാമ്പുകളുള്ള രാജ്യം ബ്രസീലാണ്. ഇവിടെയുള്ള ഒരു ദ്വീപ് പാമ്പുകൾക്ക് വളരെ പ്രശസ്‌തമാണ്. ഒരു സ്‌ക്വയർ മീറ്റർ സ്ഥലത്ത് ഒരു പാമ്പെങ്കിലും ഈ ദ്വീപിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിനാൽ ജനങ്ങൾക്ക് ഇവിടേക്ക് സർക്കാർ സഞ്ചാര സാതന്ത്ര്യം അനുവദിച്ചിട്ടില്ല. ജനങ്ങളുടെയും പാമ്പുകളുടെയും ജീവൻ ഒരുപോലെ രക്ഷിക്കാനാണ് ഇത്.
പാമ്പുകളുടെ സ്വർഗം അഥവാ സ്‌നേക്ക് ഐലൻഡ്
ഇൽഹാ ഡാ ക്വൈമാഡ ഗ്രാൻഡെ അഥവാ സ്‌നേക്ക് ഐലൻഡ് എന്നാണ് ഈ പാമ്പുകൾ നിറഞ്ഞ ദ്വീപിന് പേര്. ബ്രസീലിലെ സാവോ പോളോ എന്ന നഗരത്തിൽ നിന്നും 33 കിലോമീറ്റർ മാത്രം അകലെ അറ്റ്‌ലാൻഡിക് സമുദ്രത്തിലാണ് സ്‌നേക്ക് ഐലൻഡ് സ്ഥിതിചെയ്യുന്നത്. പാമ്പുകളുടെ സ്വർഗമായ ഇവിടെ എത്തുന്ന മനുഷ്യർ പഠനാവശ്യത്തിന് വരുന്ന ഗവേഷകർ മാത്രമാണ്. പണ്ടുകാലത്ത് കപ്പലുകൾ വഴിതെറ്റി ദ്വീപുകളിലേക്ക് എത്തുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തിൽ എത്താതിരിക്കാൻ ബ്രസീൽ സർക്കാർ 1909ൽ ഒരു ലൈറ്റ്‌ഹൗസ് സ്ഥാപിച്ചു. പിന്നീട് ഇത് ഓട്ടോമാറ്റിക് ആയി കത്തിക്കാൻ തുടങ്ങിയതോടെ ദ്വീപിൽ നിന്നും മനുഷ്യർ പൂർണമായി പിന്മാറി.
രൂപം കൊണ്ടത് 11,000 വർഷം മുൻപ്
ഈ ദ്വീപ് ഏകദേശം 11,000 വർഷം മുൻപ് സമുദ്രനിരപ്പ് ഉയർന്നപ്പോൾ പൂർണമായും ബ്രസീലിൽ നിന്നും വേർപെട്ടാണ് ഇന്നത്തേതുപോലെ ആയത്. കരയിൽ നിന്നും ഒറ്റപ്പെട്ടുപോയ ഈ ദ്വീപിൽ പാമ്പുകൾക്ക് പ്രധാന ഭക്ഷണം സാധാരണ സ്ഥലങ്ങളിലേതുപോലെ എലികളോ മറ്റ് കരണ്ടുതീനി ജീവികളോ അല്ല പകരം പക്ഷികളാണ്. ദേശാടന പക്ഷികളുടെ പ്രധാന താവളംകൂടിയാണ് സ്‌നേക്ക് ഐലൻഡ്. എന്നാൽ പക്ഷികളെ എങ്ങനെ പാമ്പ് പിടികൂടും എന്ന് സംശയത്തിനും മറുപടിയുണ്ട്. മറ്റ് നാടുകളിലെ പാമ്പുകളെപ്പോലെയല്ല ഇവിടെ പാമ്പുകൾ മിന്നൽ വേഗത്തിൽ കടിക്കുകയോ പക്ഷികളെ വിഴുങ്ങുകയോ ചെയ്യും.
മനുഷ്യാവയവങ്ങളെ ഉരുക്കിക്കളയുന്ന പാമ്പുകൾ
വിഷപ്പാമ്പുകൾക്കുമുണ്ട് സ്‌നേക്ക് ഐലൻഡിൽ പ്രത്യേകത. വൻകരകളിലെ ഇവയുടെ പ്രധാന സ്‌പീഷീസുകളെക്കാൾ വീര്യം കൂടിയ വെനമാണ് ദ്വീപിലെ പാമ്പുകൾക്കുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനി അണലി വർഗത്തിൽപ്പെട്ട ഗോൾഡൻ ലാൻസ്‌ഹെഡ് വൈപ്പർ ആണ്. സാധാരണ അണലിയെക്കാൾ അഞ്ചിരട്ടി വീര്യമുള്ള വെനമാണ് ഇവയ്‌ക്കുള്ളത്. ഈ വിഷം ഉള്ളിൽചെന്നാൽ മനുഷ്യന്റെ അവയവങ്ങളെ ഉരുക്കിക്കളയാനുള്ളത്ര വീര്യമുണ്ട്. ഏത് ജീവിയെയും പെട്ടെന്ന് കൊല്ലുന്നതിനുള്ള വിഷമാണ് ഇവയ്‌ക്കുള്ളത്.
ഈ വർഗത്തിൽ പെട്ട രണ്ടായിരം മുതൽ 4000 പാമ്പുകൾ വരെ ഈ ദ്വീപിലുണ്ട്. കള്ളക്കടത്തുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ പാമ്പ്. കാരണം ഗവേഷണം നടത്തുന്നവർക്ക് ഇവയുടെ വിഷത്തിനെ കുറിച്ചറിയാനും മറ്റുള്ളവർക്ക് ലോകത്തിൽ ഏറ്റവും വിഷമേറിയ പാമ്പ് എന്ന നിലയിൽ വളർത്താനും ഇവ വേണം. ഹൃദയപ്രശ്‌നങ്ങൾക്കും ക്യാൻസർ രോഗ പ്രതിരോധത്തിനും മരുന്നുകൾക്കായി ഇവയുടെ വിഷം ശേഖരിക്കുന്നതിൽ വലിയ പങ്കുണ്ട് എന്നാണ് പറയപ്പെടുന്നത്.
കള്ളക്കടത്ത് ഭീഷണി
പക്ഷികൾക്ക് പുറമേ ഈ ദ്വീപിലെ പാമ്പുകൾ ഉരഗവർഗങ്ങളെയും ചെറുപാമ്പുകൾ ഞണ്ട് പോലെയുള്ള ജീവികളെയും ആഹാരമാക്കുന്നു. ഈ ദ്വീപ് പാമ്പുകൾക്കായി വിട്ടുകൊടുക്കാതെ അവിടം ഒഴിപ്പിച്ച് മനുഷ്യർക്ക് നൽകുന്നതിനെക്കുറിച്ചും ചിലർ ചർച്ച ചെയ്‌തിരുന്നു. എന്നാൽ ഗോൾഡൻ ലാൻസ്‌ഹെഡ് വൈപ്പറിനെ പോലെ പാമ്പുകൾ ഉള്ളതിനാൽ ഇത് അസാദ്ധ്യമാണ്. പ്രവേശനം ഇല്ലെങ്കിലും ഈ ദ്വീപിൽ മനുഷ്യർ എത്തിപ്പെടുന്നുണ്ട്. പാമ്പുകളെ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളാണിവർ. ഓരോ പാമ്പിനും വലിയ വില വാഗ്‌ദാനം ചെയ്‌ത് ആളുകളെത്തുമ്പോൾ ദ്വീപിൽ നിന്നും കള്ളക്കടത്ത് സംഘങ്ങൾ പാമ്പിനെ കടത്തുന്നുണ്ട്. ഇത് ഇവിടുത്തെ പ്രധാന ഭീഷണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |