തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് പരിപാലനത്തിനുള്ള റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കുന്നു എന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പിലെ റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
90 ശതമാനം റോഡുകളും റണ്ണിംഗ് കോൺട്രാക്ടിലൂടെ നല്ലനിലയിൽ പരിപാലിക്കപ്പെടുന്നുണ്ട്. മഴക്കാലത്ത് ചില റോഡുകളിൽ ഉണ്ടാകുന്ന കുഴികൾ താത്കാലികമായെങ്കിലും അടച്ചു എന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാൻ പാടില്ല. റോഡുകളിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന നിലവിൽ നടത്തുന്നതുപോലെ തന്നെ തുടരണം. പരിശോധന സംബന്ധിച്ച റിപ്പോർട്ട് സെക്രട്ടറി തലം വരെ ദൈനംദിനമായി വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
മഴ മാറിക്കഴിഞ്ഞാൽ നിശ്ചിത ദിവസത്തിനകം തന്നെ സ്ഥിരം സ്വഭാവത്തിലുള്ള അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണം.നിശ്ചിത ഇടവേളകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന തുടരും.ഏതെങ്കിലും തരത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഡി എൽ പി ബോർഡുകൾ സ്ഥാപിക്കുന്നത് പോലെ വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള യൂട്ടിലിറ്റികൾക്ക് റോഡ് കൈമാറിയാൽ അക്കാര്യം കൃത്യമായി ജനങ്ങളെ അറിയിക്കാൻ പ്രത്യേക ബോർഡുകൾ സ്ഥാപിക്കാനും മന്ത്രി നിർദ്ദേശിച്ചു. പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, ചീഫ് എഞ്ചിനീയർമാർ,എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കീച്ചേരിക്കടവ് പാലം അപകടത്തിൽ വിജിലൻസ് അന്വേഷണം
ആലപ്പുഴ ജില്ലയിലെ കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ ഉണ്ടായ അപകടം അത്യന്തം ദു:ഖകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്തുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |