തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും രാജ്ഭവനിലെത്തി നടത്തിയ അനുനയ നീക്കം പാളിയതിന് പിന്നാലെ, ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ.
രണ്ട് വി.സിമാരെ നിയമിച്ചത് പുനഃപരിശോധിക്കില്ലെന്ന നിലപാട് തുടരുകയാണ് ഗവർണർ.
വി.സി നിയമനക്കേസ് 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ, സർവകലാശാലാ നിയമ പ്രകാരമായിരിക്കണം വി.സി നിയമനങ്ങളെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ ഗവർണർ സ്വന്തം നിലയിൽ നിയമനങ്ങൾ നടത്തിയെന്ന് സർക്കാർ അറിയിക്കും.ഉത്തരവിൽ വ്യക്തതയും തേടും. ഇടക്കാല ഉത്തരവായതിനാൽ കോടതിയലക്ഷ്യത്തിന് സാദ്ധ്യതയില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
എന്നാൽ, സർവകലാശാലാ നിയമങ്ങൾ യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ നിലനിൽക്കുന്നതല്ലെന്ന് ഗവർണർ സുപ്രീം കോടതിയെ അറിയിക്കുമെന്നാണ് വിവരം.
വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിക്ക് പകരം എ.ഐ.സി.ടി.ഇ പ്രതിനിധിയാണ്. സർക്കാരുമായി ബന്ധമുള്ള ആരും പാടില്ലെന്നിരിക്കെ, ചീഫ്സെക്രട്ടറി സെർച്ച് കമ്മിറ്റിയംഗമാണ്. സർവകലാശാലാ നിയമത്തിൽ നിന്ന് താത്കാലിക വി.സിക്ക് കാലാവധി ആറു മാസമെന്ന വ്യവസ്ഥ മാത്രമേ സ്വീകരിക്കാനാവൂ. സർവകലാശാലകളിൽ ഭരണ സ്തംഭനമൊഴിവാക്കാനുള്ള നടപടികളാണെടുത്തത്. വി.സി നിയമനത്തിന് സർക്കാർ നൽകിയ പാനലും സർവകലാശാലാ നിയമ പ്രകാരമല്ല. സമീപത്തെ സർവകലാശാലയുടെ വി.സി, അതേ സർവകലാശാലയുടെ പി.വി.സി, വകുപ്പ് സെക്രട്ടറി എന്നിവരായിരിക്കണം പാനലിലെന്നാണ് സർവകലാശാലാ നിയമത്തിലുള്ളത്. സർക്കാർ പാനലിൽ ഇവരാരുമില്ലെന്നും അറ്റോർണി ജനറൽ ആർവെങ്കിട്ട രമണി വഴി ഗവർണർ ചൂണ്ടിക്കാട്ടും.
ഗവർണറുടെ
വാദം
□വി.സി നിയമനത്തിൽ രാഷ്ട്രീയ ലാഭത്തിനായി സർക്കാർ ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു.
□ചട്ടപ്രകാരമല്ലാത്ത സർക്കാരിന്റെ പാനലിൽ നിന്ന് വി.സി നിയമനം നടത്താനാവില്ല
നിലവിലെ വി.സിമാരെ പുനർ നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ട്.
□ഉന്നത വിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറി ഷർമ്മിള മേരി ജോസഫിനെ നേരത്തേ രാജ്ഭവനിലേക്ക് വിളിപ്പിച്ചെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. വി.സി നിയമനക്കാര്യത്തിൽ ചർച്ചയ്ക്ക് ഉന്നത വിദ്യാഭ്യാസ, ഐ.ടി സെക്രട്ടറിമാർ ഇനി വരേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |