എം എൽ എയാകാനോ സജീവ രാഷ്ട്രീയത്തിൽ വരാനോ ആഗ്രഹിച്ചിരുന്നില്ലെന്ന് മുകേഷ്. അതേസമയം, ഇതെല്ലാം എൻജോയ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇയാൾ നാടകത്തിൽ അഭിനയിക്കുന്നു, ടിവി ഷോ ചെയ്യുന്നു, സിനിമയിലഭിനയിക്കുന്നു, ഇയാളെങ്ങനെ നിയമസഭയിലെത്തുമെന്ന് എംഎൽഎയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ചിലർ ചോദിച്ചിരുന്നു. നമ്മൾ ഒരു തീരുമാനമെടുത്തതാണ്. ബാക്കിയെല്ലാം നമ്മൾ മാറ്റിവയ്ക്കുന്നു. ഇത് ഉത്തരവാദിത്തമാണ്.
ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. ഒമ്പതര കൊല്ലത്തിനിടെ മൂന്ന് ദിവസോ മറ്റോ അതും കൊറോണ സമയത്താണ് സഭയിൽ പോകാതിരുന്നത്. ബാക്കി എല്ലാ ദിവസവും പോയിട്ടുണ്ട്. അവിടത്തെ വലിയ വലിയ നേതാക്കൾ അവരുടെ രാഷ്ട്രീയ കാര്യത്തിന് വേണ്ടി വരാതിരിക്കും.
പലരും എന്നോട് പറയുന്നൊരു കാര്യമുണ്ട്. സിനിമയോ നാടകമോ ടിവിയോ അല്ല, നിയമസഭയിൽ നടന്ന ഒരുപാട് അഭിനയവും കാര്യങ്ങളും നമ്മൾ കാണുന്നുണ്ടല്ലോ. അതുവച്ചൊരു പുസ്തകമെഴുതണമെന്ന്. നമ്മൾ വിചാരിക്കാത്ത ചില കാര്യങ്ങളൊക്കെ അവിടെ നടക്കും. ഞാൻ നിയമസഭയുടെ പുറത്തോട്ട്, ലൈബ്രറിയിലോട്ടൊക്കെ പോകുമ്പോൾ എതിർ പാർട്ടിക്കാർ, പുതിയ പുസ്തകമിറങ്ങിയെന്ന് കേട്ടു,നമ്മളെപ്പറ്റി വല്ലതുമാണോയെന്നൊക്കെ ചോദിക്കും. ഇത് വലിയൊരു സന്ദേശമാണ്. അങ്ങനെയായിരിക്കണം. അല്ലാതെ എതിർപാർട്ടിയാണെന്ന് കരുതി മുഖവും വീർപ്പിച്ച് നടക്കരുത്. ഞാൻ നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.
മകനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ശ്രാവൺ വളരെ സജീവമായ ഡോക്ടറാണ്. അവന്റെ മനസിലെപ്പോഴും സിനിമയുണ്ടായിരുന്നു. അച്ഛാ എനിക്ക് വളരെ സീരിയസായൊരു കാര്യം പറയാനുണ്ടെന്ന് കുറച്ചുനാൾ മുമ്പ് ശ്രാവൺ എന്നോട് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ സിനിമയിലഭിനയിക്കണമെന്ന് പറഞ്ഞു. ജീവിതകാലം മുഴുവൻ അല്ല, മൂന്നാല് സിനിമയിൽ അഭിനയിക്കണമെന്ന്. പക്ഷേ ഒരുപാട് പേർ എതിർക്കുന്നുണ്ടെന്ന്. അവന്റെ അമ്മയും എതിർക്കുന്നുണ്ടാകാം. അച്ഛൻ എന്നെ മനസിലാക്കണം, എനിക്ക് അഭിനയിച്ചേ പറ്റൂവെന്ന് പറഞ്ഞു. നീ ഈ ജോലി എൻജോയ് ചെയ്യുന്നില്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. കളഞ്ഞിട്ട് വരാൻ പറഞ്ഞു. അങ്ങനെയാണ് പറഞ്ഞത്.'- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |