ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ സീസൺ 7ൽ ഏവരും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന മത്സരാർഥിയാണ് രേണു സുധി. അകാലത്തിൽ നമ്മെ വിട്ടുപോയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ. ബിഗ് ബോസ് വീട്ടിൽ അവർ നേരിടുന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
'സുധിയുടെ പെട്ടെന്നുള്ള വിയോഗം അവരിൽ ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമല്ലല്ലോ. ഒരു കൈക്കുഞ്ഞുമായി ജീവിതം ഇനി എന്തെന്നുള്ള ചോദ്യത്തിന് മുന്നിൽ ഒരുവേള അവർ പകച്ചുനിൽക്കുന്ന സമയമുണ്ടായി. ആ വേളയിൽ മനസാക്ഷിയുള്ള പലരും അവരെ സഹായിക്കാനെത്തി. അത് ഒരു പക്ഷേ സുധിയെന്ന കലാകാരനോടുള്ള സ്‌നേഹം കൊണ്ടുമാകാം.
എന്നാൽ പിന്നീട് രേണുവിന്റെ വായിൽ നിന്നും സഹായം ചെയ്തവർക്ക് വേദനയുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളും ഉണ്ടായിട്ടുണ്ട്. അത് അവരുടെ അറിവില്ലായ്മയും വളർന്നുവന്ന ചുറ്റുപാടും തകർന്ന മാനസികാവസ്ഥയുമൊക്കെ കൊണ്ടാകാം. അതുമനസിലാക്കിയതുകൊണ്ടാകാം പലരും അവരോട് ക്ഷമിച്ചത്.
അവരുടെ മനസിനൊരു സന്തോഷവും ചെറിയൊരു വരുമാനവും പ്രതീക്ഷിച്ചുകൊണ്ടായിരിക്കാം അവർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതൊക്കെ അവരുടെ വ്യക്തിപരമായ ഇഷ്ടവും അവകാശവുമാണ്. അതിനെയൊന്നും ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല. എന്നാൽ അവർ സോഷ്യൽ മീഡിയയിൽ കടന്നുവന്ന അഭിനയവും റീൽസുമൊക്കെ കാഴ്ചവച്ചതിന് പിന്നിൽ മറ്റൊരു വശം കൂടിയുണ്ടെന്ന് പറയപ്പെടുന്നു.
ബിഗ് ബോസിൽ മത്സരാർത്ഥിയായി കയറാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി അപലയായ സ്ത്രീ പൊരുതി നേടിയ വിജയമാണ് ബിഗ് ബോസിലേക്കുള്ള രേണുവിന്റെ എൻട്രി. അതിനുവേണ്ടി അവർ സഹിച്ച ത്യാഗങ്ങൾ, അപവാദങ്ങൾ, ബോഡി ഷെയിമുകൾ തുടങ്ങി അവഗണനയുടെയും അപമാനത്തിന്റെയും ഒരു കൂമ്പാരം തന്നെ അവരുടെ മേൽ ചൊരിഞ്ഞു. രേണു ഇതിനെയൊക്കെ ചിരിച്ചുകൊണ്ട് സധൈര്യം നേരിട്ടപ്പോൾ അവരുടെ ഉള്ളിലെ സങ്കടങ്ങൾ ആരും കണ്ടില്ല.
ബിഗ് ബോസിലെത്തപ്പെട്ടപ്പോൾ അവൾ ഒരുപക്ഷേ ആഗ്രഹിച്ചുകാണും, അവളെ സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്ന ആരെങ്കിലുമൊക്കെയുണ്ടാകുമെന്ന് എന്നാൽ അവളുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു. അവിടെയും അവളെ മാത്രം ടാർഗറ്റ് ചെയ്യുന്ന ചിലരെയൊക്കെ കാണാൻ സാധിച്ചു. നെവിൻ എന്ന മത്സരാർത്ഥി പറയുന്നു, രേണുവിന്റെ മുഖം കാണുമ്പോൾ ആട്ടാൻ തോന്നുന്നുവെന്ന്. ഭിത്തിയിൽ പിടിച്ച് ഉരയ്ക്കാൻ തോന്നുന്നുവെന്ന് പറഞ്ഞു. അവിടെയും നിർത്തിയില്ല.
ഡാഗിനിയമ്മൂമ്മയെപ്പോലെയുണ്ട് മുഖമെന്ന്. ഇവനൊക്കെയാണോ സംസ്‌കാര സമ്പന്നൻ? രേണുവിനെ ആക്ഷേപിക്കുന്നത് പ്രേക്ഷകരിൽ നിന്ന് വോട്ടാക്കാമെന്ന് കരുതിക്കാണും ഈ മണ്ടൻ. അയാൾ രേണുവിൽ കണ്ട കുറ്റം സാമ്പത്തിക കുറവും സൗന്ദര്യക്കുറവുമായിരിക്കാം.
ഞാൻ ഗുണ്ടിയാണെന്ന് വിശേഷിപ്പിച്ച ജിസേലിനെ ഒരിക്കൽപ്പോലും ആ പേര് വിളിക്കാൻ ഇവരാരും തയ്യാറായിട്ടുമില്ല. അതൊരുപക്ഷേ അവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ ഉയർച്ചകൊണ്ടാകാം. അല്ലെങ്കിൽ ഭയം കൊണ്ടുമാകാം.
എന്നാൽ ഒരിക്കലും മാപ്പ് കൊടുക്കാൻ പറ്റാത്തതും, രേണു സുധിയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതും കണ്ടിരുന്ന പ്രേക്ഷകർക്ക് പോലും മനോവേദനയുണ്ടാക്കിയ സംഭവമുണ്ടായി. അക്ബർ ഖാൻ എന്ന സഹമത്സരാർത്ഥിയിൽ നിന്നുമാണത്. അടുപ്പമുള്ളവരെയും അടുപ്പമില്ലാത്തവരെയും വിളിച്ച് ഓമനപ്പേരിടാൻ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോൾ പലരുമിട്ടത് പൂമ്പാറ്റ, മുള്ളൻപന്നി, പാഷാണത്തിൽ കൃമി തുടങ്ങിയവയായിരുന്നു. രേണു സുധിക്ക് അക്ബർ ചാർത്തിക്കൊടുത്ത ഓമനപ്പേര് അവളുടെ ഹൃദയത്തെ തകർക്കുന്നതും എല്ലാവരെയും ഞെട്ടിക്കുന്നതും സ്ത്രീ സമൂഹത്തെ ആക്ഷേപിക്കുന്നതുമായിരുന്നു. സെപ്റ്റിക് ടാങ്ക് അതായത് മനുഷ്യ വിസർജ്ജനം സൂക്ഷിക്കുന്നയിടം എന്നതായിരുന്നു അയാൾ അവൾക്കിട്ട പേര്.
ഇതുകേട്ട് രേണു നിന്ന നിൽപ് ഹൃദയഭേദകമായിരുന്നു. അപമാനിതയായ അവൾ മാറിനിന്ന് നിറകണ്ണുകളോടെ പറയുന്നു ആ പേര് കേട്ട് ഉരുകിപ്പോയെന്ന്. പലരും പല പേരുകളും ചാർത്തിത്തന്നിട്ടുണ്ടെങ്കിലും ഇതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്ന്. അവർ വീണ്ടും സങ്കടത്തോടുകൂടി പറയുന്നു, ഞാനൊരു സ്ത്രീയല്ലേ, ഒരമ്മയല്ലേ, ഒരു വിധവയല്ലേ, എന്നോട് അൽപം കൂടി ദയ കാണിക്കാമായിരുന്നെന്ന്. രേണു സുധി സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്ന് വന്നതായിരുന്നെങ്കിൽ ഇവനൊക്കെ ഇത്തരം നിലവാരമില്ലാത്ത വൃത്തികെട്ട വാക്കുകൾ രേണുവിന് നേരെ എടുത്തെറിയുമോ?
ഇത് സ്ത്രീവിരുദ്ധതയാണെന്ന് അവൾ ചങ്കുപൊട്ടി പറഞ്ഞപ്പോൾ അയാൾ അഹങ്കാരത്തോടെ പറഞ്ഞത് നീ മൊത്തം സ്ത്രീകളുടെ അട്ടിപ്പേര് അവകാശം ഏറ്റെടുക്കേണ്ടെന്ന്. ഇങ്ങനെയൊക്കെയുള്ളവനെയാണോ അവിടെ വോട്ട് കൊടുത്ത് നിലനിർത്തേണ്ടതെന്ന് നിങ്ങൾ ചിന്തിക്കണം. ബിഗ് ബോസിലാണെങ്കിലും പുറത്താണെങ്കിലും രേണു അങ്ങോട്ട് ചെന്ന് ആരോടും വഴക്കുണ്ടാക്കാറില്ല. അവരുടെ നേരെ വരുന്നവരോട് മാത്രമാണ് ശക്തമായി പ്രതികരിച്ചിട്ടുള്ളൂ. ഇത്രയും ദിവസം പിന്നിട്ടിട്ടും അവളോട് മാത്രം സഹകരിക്കാത്തതും മിണ്ടാത്തതുമായ ആളുകൾ അവിടെയുണ്ട്. അവളെ നികൃഷ്ട ജീവിയായിട്ടാണ് അവർ കാണുന്നത്.'- ആലപ്പി അഷ്റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |